Connect with us

Kerala

പോളിയോ വിതരണം നാളെ

Published

|

Last Updated

തിരുവനന്തപുരം: പള്‍സ് പോളിയോ ഇമ്മ്യുണൈസേഷന്‍ ഈ മാസം 18, ഫെബ്രുവരി 22 തീയതികളിലായി നടക്കും. സംസ്ഥാനത്തെ അഞ്ച് വയസ്സിനു താഴെ പ്രായമുള്ള മുപ്പത് ലക്ഷത്തോളം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള സജീകരണം ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി കെ ജമീല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അതാത് ബൂത്തുകളില്‍ പോളിയോ തുള്ളിമരുന്ന് വിതരണം നടക്കും. സംസ്ഥാനത്തൊട്ടാകെ 21,371 ബൂത്തുകള്‍ പോളിയോ ഇമ്മ്യുണൈസേഷനായി സജീകരിച്ചിട്ടുണ്ട്. 71,698 സന്നദ്ധ പ്രവര്‍ത്തകാരണ് വാക്‌സിനേറ്റര്‍മാരായി നിയമിതരായിരിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ 2,137 സൂപ്പര്‍വൈസര്‍മാരെയും നിയമിച്ചിട്ടുണ്ട്. എല്ലാ ആശുപത്രികള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും പുറമെ റെയില്‍വെ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബസ് സ്റ്റാന്റുകള്‍, അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍, ബോട്ടു ജെട്ടികള്‍ തുടങ്ങി കുട്ടികള്‍ വന്നുപോകാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളിലുമായി 637 ട്രാന്‍സിറ്റ് ബൂത്തുകളും 580 മൊബൈല്‍ ബൂത്തുകളും പോളിയോ വിതരണത്തിനായി പ്രവര്‍ത്തിക്കും.
രോഗ പ്രതിരോധ ചികിത്സാ പട്ടിക പ്രകാരം പോളിയോ തുള്ളിമരുന്ന് നല്‍കിയിട്ടുള്ള കുട്ടികള്‍ക്കും പള്‍സ് പോളിയോ വാക്‌സിനേഷന്‍ ദിനങ്ങളില്‍ തുള്ളി മരുന്നു നല്‍കണം. നവജാത ശിശുക്കള്‍ക്കും വയറിളക്കമോ മറ്റു രോഗങ്ങളോ ഉള്ള കുട്ടികള്‍ക്കും പോളിയോ വാക്‌സിന്‍ നല്‍കണം. വാക്‌സിനേഷന്‍ ദിനങ്ങളില്‍ ബൂത്തുകളില്‍ എത്താന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ഭവന സന്ദര്‍ശനം നടത്തി വാക്‌സിനേഷന്‍ നല്‍കാനുള്ള സജീകരണവും ഒരുക്കിയിട്ടുണ്ട്. പള്‍സ് പോളിയോ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട്, പ്രചരണ സാമഗ്രികള്‍ എന്നിവ എല്ലാ ജില്ലകളിലും എത്തിച്ചു കഴിഞ്ഞു. ജില്ലാതല പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നിന്നും സംസ്ഥാനതല നിരീക്ഷകരെയും നിയിമിച്ചതായി ഡി എച്ച് എസ് പറഞ്ഞു. പ്രത്യേക കോള്‍ഡ് ചെയ്ന്‍ ഗുണനിലവാരം നിലനിര്‍ത്തിയാണ് കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നത്. നിറം നോക്കി ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള സംവിധാനവും ഉണ്ട്.

Latest