Connect with us

Kerala

വിവരാവകാശ കമ്മീഷനില്‍ 27409 പരാതികള്‍; 18464 എണ്ണം തീര്‍പ്പ് കല്‍പ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ ലഭിച്ച 27,409 പരാതികളില്‍ 18,464 എണ്ണം തീര്‍പ്പ് കല്‍പ്പിച്ചതായി കമ്മീഷന്‍ സെക്രട്ടറി. 2006 മുതല്‍ 2014 നവംബര്‍ 30 വരെയുള്ള കണക്ക് പ്രകാരമാണിത്. 2014 ഏപ്രില്‍ ഒന്ന് മുതല്‍ നവംബര്‍ 30 വരെ ലഭിച്ച 1069 പരാതികളില്‍ 98 ശതമാനവും അതായത് 1,048 എണ്ണവും തീര്‍പ്പാക്കിയിട്ടുണ്ട്. പരാതി അപേക്ഷകളില്‍ സമയബന്ധിതമായി തീര്‍പ്പാക്കാനുള്ള നടപടികളാണ് കമ്മീഷന്‍ സ്വീകരിക്കുന്നതെന്നും സെക്രട്ടറി പറഞ്ഞു.
2013-14 ല്‍ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്ക് കൃത്യസമയത്തിനകം മറുപടി കൊടുക്കാത്തതിനും അപൂര്‍ണ വിവരങ്ങള്‍ നല്‍കിയതിനും 85 കേസുകളിലായി 89 ഉദ്യോഗസ്ഥര്‍ക്ക് 5,23,690 രൂപ പിഴ ചുമത്തി. ഇതിന്മേലുള്ള 3,38,940 രൂപ സര്‍ക്കാറിലേക്ക് ഒടുക്കിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം 2014 നവംബര്‍ 30 വരെ 57 കേസുകളിലായി 67 ഉദ്യോഗസ്ഥര്‍ക്ക് 3,61,500 രൂപ പിഴ ചുമത്തുകയും 1,91,500 രൂപ സര്‍ക്കാറിലേക്ക് ഒടുക്കിയിട്ടുമുണ്ട്. ഇക്കാലയളവില്‍ എട്ട് ഉദ്യോഗസ്ഥരുടെ പേരില്‍ അച്ചടക്ക നടപടിക്ക് സര്‍ക്കാറിലേക്ക് ശിപാര്‍ശ നല്‍കി.
ഭരണ നടപടികളില്‍ സുതാര്യത ഉറപ്പാക്കാന്‍ വിവരാവകാശ നിയമമനുസരിച്ച് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ മനപ്പൂര്‍വമായി വിവരം നിഷേധിക്കുന്ന ഉദ്യോഗസ്ഥരോട് വിസ്താര വേളയിലും മറ്റും കമ്മീഷന്‍ കര്‍ക്കശ സമീപനമാണ് സ്വീകരിക്കുന്നത്.
സംസ്ഥാന വിവരാവകാശ കമ്മീഷന്‍ വിവിധ ജില്ലകളില്‍ എല്ലാ വര്‍ഷവും വിവരാവകാശ ബോധവത്കരണ ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.
തത്ഫലമായി വിവിധ ഓഫീസുകളില്‍ ലഭിക്കുന്ന വിവരാവകാശ അപേക്ഷകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിവരാവകാശ കമ്മീഷനില്‍ ലഭിച്ച പരാതികള്‍ അപ്പീലുകള്‍ എന്നിവയിലും ഈ വര്‍ധനവ് പ്രകടമാണ്. വിവിധ ജില്ലകളില്‍ കമ്മീഷണര്‍മാര്‍ പരാതിക്കാരേയും ഉദ്യോഗസ്ഥരേയും നേരിട്ട് കേട്ട് ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നുണ്ട്. ഈ വര്‍ഷം 687 സിറ്റിംഗുകള്‍ ഇപ്രകാരം നടത്തിയതായും കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.