Connect with us

Kerala

സുരേഷ്‌ഗോപി കേരള തൊഗാഡിയയെന്ന് വീക്ഷണം മുഖപ്രസംഗം

Published

|

Last Updated

തിരുവനന്തപുരം: നടന്‍ സുരേഷ്‌ഗോപിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് മുഖപത്രം. “സുരേഷ് ഗോപിയോ കേരള തൊഗാഡിയയോ” എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് ഹിന്ദുക്കള്‍ ഉണരണം എന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെ ശക്തമായി വിമര്‍ശിക്കുന്നതാണ്.
അഹങ്കാരം ആള്‍രൂപം പ്രാപിച്ചാല്‍ സുരേഷ് ഗോപിയാകും. സുരേഷ് ഗോപിക്ക് കാവിജ്വരം മൂത്താല്‍ കേരള തൊഗാഡിയയും. തട്ടുതകര്‍പ്പന്‍ ഡയലോഗുകളിലൂടെ മലയാള വെള്ളിത്തിരയെ ചൂടുപിടിപ്പിച്ച സുരേഷ് ഗോപി വിവരക്കേടിന്റെ തിടമ്പേന്തി ബി ജെ പി രാഷ്ട്രീയത്തിലെ ഗുരുവായൂര്‍ കേശവനാകാന്‍ ശ്രമിക്കുകയാണ്. ബി ജെ പിയില്‍ ഘര്‍വാപസിയായ ശേഷം നിഘണ്ടുവില്‍നിന്നും സുരേഷ് ഗോപി കുറേ വാക്കുകള്‍ മന:പാഠമാക്കിയിട്ടുണ്ട്. ഹിന്ദു സമാജം, ഹിന്ദു ധര്‍മം എന്നൊക്കെയാണവ. ഇന്ന് മോദിക്കും ബി ജെ പിക്കും സ്തുതി പാടുന്ന സുരേഷ് ഗോപി പണ്ട് ഇന്ദിരാഭവനും ക്ലിഫ് ഹൗസിനും ചുറ്റുവട്ടമിട്ടു പറക്കുന്ന നാളുകളുണ്ടായിരുന്നു. അങ്ങനെയാണ് ലീഡര്‍ കെ കരുണാകരന്റെ സപ്തതിക്ക് ചോറു വിളമ്പാനെത്തിയത്. അന്ന് കൊല്ലം ലോക്‌സഭാ സീറ്റിനോടുള്ള പ്രണയം ലീഡറുടെ ചെവിയിലെത്തിക്കാന്‍ അദ്ദേഹം പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടുണ്ടായിരുന്നു. ഒടുവില്‍ വിടരാത്ത പ്രണയമായി അത് വാടിക്കരിഞ്ഞു. പിന്നീടാണ് വി എസ് അച്യുതാനന്ദനോട് പ്രണയം മൂത്ത് മലമ്പുഴയില്‍ അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്താനെത്തിയത്. അപ്പോള്‍ സിനിമയൊന്നും ഇല്ലാതെ വിശ്രമ ജീവിതത്തിലായിരുന്നു സുരേഷ് ഗോപി- എന്നിങ്ങനെയാണ് വിമര്‍ശങ്ങള്‍.
സുരേഷ് ഗോപിക്ക് ഇപ്പോള്‍ മൊട്ടിട്ട കാവിപ്രണയം കലശലായപ്പോഴാണ് ഉമ്മന്‍ ചാണ്ടിയെ തെറിവിളിക്കാനുള്ള ആവേശം സിനിമയിലെ അമാനുഷിക താരത്തിനുണ്ടായത്.
വടികൊടുത്ത് അന്ന് യുത്ത്‌കോണ്‍ഗ്രസുകാരില്‍ നിന്ന് അടിവാങ്ങിയ സുരേഷ്‌ഗോപി ഒടുവില്‍ മാപ്പു പറഞ്ഞ് തടിതപ്പുകയായിരുന്നു. ഇത്തരത്തില്‍ സ്വന്തം നിലപാടുകളോടും വാക്കുകളോടും പ്രതിബദ്ധതയും സത്യസന്ധതയും ഇല്ലാത്തയാള്‍ എങ്ങനെ നാടിനോടും രാഷ്ട്രീയത്തോടും പ്രതിബദ്ധത കാണിക്കുമെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.

Latest