Connect with us

Kerala

മിമിക്രി ഇപ്പോള്‍ റസലിന്റെ ഖല്‍ബില്‍ മാത്രം

Published

|

Last Updated

കോഴിക്കോട്: കടലും കരയും ഒന്നിച്ചുചേരുന്നൊരു ശബ്ദമായിരുന്നു അത്. കലോത്സവ വേദിയില്‍ റസല്‍ ബാബു അവിസ്മരണീയമാക്കിയ അനുകരണം. ഇന്ന് ദുരിതവും കഷ്ടപ്പാടും ഒന്നിച്ചുചേര്‍ന്ന ജീവിതത്തിന്റെ കരയിലിരുന്നു റസല്‍ ബാബു കലോത്സവത്തിന്റെ ചിലങ്കയൊച്ച കേള്‍ക്കുകയാണ്. ഒരു കാലത്ത് തന്റെ മിമിക്രിക്ക് മുന്നില്‍ അറബിക്കടലിന്റെ തിരയൊച്ച കണക്കെ ആഹ്ലാദാരവം പൊഴിച്ച ഓര്‍മകളുടെ തീരത്തിരുന്ന്.
2000, 2001 വര്‍ഷങ്ങളില്‍ സംസ്ഥാന യുവജനോത്സവങ്ങളില്‍ മിമിക്രിയില്‍ ഒന്നാം സ്ഥാനം നേടിയ റസല്‍ ബാബു ഇന്ന് കണ്ട ജോലിയെല്ലാം ചെയ്യാന്‍ നിര്‍ബന്ധിതനാണ്. കലോത്സവത്തിന്റെ അലയൊലികള്‍ ഒരു വാര അകലെ നിന്ന് റസല്‍ ബാബുവിന്റെ വീട്ടില്‍ കേള്‍ക്കാം. എന്നാല്‍, ഈ കലാകാരന്റെ കാതിലെത്തുന്നത് വീടിനടുത്ത അറബിക്കടലില്‍ നിന്ന് പൊങ്ങിയടിക്കുന്ന തിരമാലകളുടെ ശബ്ദം മാത്രം. ഭൂമിയും മൃഗങ്ങളും പക്ഷികളും കാറ്റും തിരമാലയുമൊക്കെ റസല്‍ ബാബുവിലൂടെ പുറത്തുവന്നപ്പോള്‍ കോഴിക്കോട് കുറ്റിച്ചിറയിലെ കൊച്ചുകൂരയില്‍ നിന്ന് ഈ മിടുക്കന്‍ സംസ്ഥാനത്തോളം വളര്‍ന്നു. പിന്നീട് അനുകരണകലയില്‍ നിന്ന് ജീവിതത്തിന്റെ പരുത്ത യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടാന്‍ പരിചിതമല്ലാത്ത ചിലതൊക്കെ അനുകരിച്ച് തുടങ്ങി.
ബാപ്പ അബ്ദുന്നാസറിന്റെ അനാരോഗ്യം കുടുംബത്തിന്റെ പട്ടിണിയായി മാറിയപ്പോള്‍ കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍ ബസുകളില്‍ ആളുകളെ വിളിച്ചു കയറ്റാന്‍ റസലെത്തി. മനോഹരമായി പുറത്തുവന്ന റസലിന്റെ ശബ്ദം മാറിയെത്തുന്ന ബസുകള്‍ക്കായി സ്റ്റാന്‍ഡില്‍ പരുക്കനായി മുഴങ്ങി തുടങ്ങി. പിന്നെ കലയും ജീവിതവും തേടി മിമിക്രിക്കാരുടെ തറവാടായ കലാഭവനിലെത്തി. ജീവിത പ്രയാസങ്ങള്‍ ആറ് മാസത്തിനപ്പുറത്തേക്ക് അവിടെയും പൊറുതി നല്‍കിയില്ല. കടപ്പുറത്തേക്ക് തന്നെ തിരിച്ചെത്തിയ റസല്‍ പിന്നെ ചെയ്യാത്ത ജോലികളില്ല. പെയിന്റിംഗ്, പ്ലമ്പിംഗ്, ബോര്‍ഡ് എഴുത്ത്… വിളിച്ച ജോലിക്കൊക്കെ പോയിത്തുടങ്ങിയ റസല്‍ ഇടക്കൊക്കെ കടലിലിറങ്ങാനും നിര്‍ബന്ധിതനായി.
ആളും ആരവവുമായി നഗരം മറ്റൊരു കലോത്സവത്തിന്റെ തിരക്കിലമരുമ്പോഴും മേളയുടെ ഉത്സവപെരുക്കങ്ങളൊന്നും റസലറിയുന്നില്ല. വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരമായിട്ടും റസല്‍ ആ വിളി കേള്‍ക്കാത്തതിന് കാരണമുണ്ട്. കലോത്സവ നഗരിയിലെത്തിയാല്‍ ഒരു ദിവസത്തെ ജോലി പോകും. കൂലിയും. എന്തായാലും മിമിക്രി വേദിയില്‍ റസലെത്തും. പുതിയ തലമുറയുടെ ശബ്ദാനുകരണം തേടി.

Latest