Connect with us

National

വിവാദ സിനിമക്ക് അനുമതി: സെന്‍സര്‍ ബോര്‍ഡില്‍ കൂട്ട രാജി

Published

|

Last Updated

ന്യുഡല്‍ഹി: സിഖ് വിഭാഗമായ ദേര സച്ചാ സൗദയുടെ മേധാവി സ്വയം ദൈവമായി അവതരിപ്പിക്കുന്ന സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ രാജിവെച്ചു. കേരളത്തില്‍ നിന്നുള്ള പ്രമുഖ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അടക്കമുള്ള അംഗങ്ങളാണ് സെന്‍ട്രല്‍ ബോര്‍ഡ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ (സി ബി എഫ് സി) നിന്ന് രാജിവെച്ചത്. മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന് പേരിട്ട ചിത്രത്തില്‍ ദേരാ സച്ചാ സൗദാ മേധാവി ഗുര്‍മീത് റാം റഹീം സിംഗ് ദൈവത്തിന്റെ പ്രതിപുരുഷനാണെന്ന് സ്വയം പ്രഖ്യാപിച്ചു കൊണ്ടാണ് തിരശ്ശീലയില്‍ എത്തുന്നത്. ഈ സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കാനാകില്ലെന്നായിരുന്നു നേരത്തേ സെന്‍സര്‍ ബോര്‍ഡ് നിലപാടെടുത്തത്. എന്നാല്‍, റാം റഹീം സിംഗ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലറ്റ് ട്രൈബ്യൂണലിനെ (എഫ് സി എ ടി) സമീപിച്ച് അനുമതി നേടിയെടുക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീലാ സാംസണ്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചത്.
പ്രശസ്ത ഭരതനാട്യ നര്‍ത്തകി ലീല സാംസണ്‍ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിറകേയാണ് മറ്റംഗങ്ങള്‍ രാജി സമര്‍പ്പിച്ചത്. സര്‍ക്കാറിന്റെ അനാവശ്യ ഇടപെടല്‍, ഭീഷണി, സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും അഴിമതി എന്നിവ ചൂണ്ടിക്കാണിച്ചായിരുന്നു ലീലയുടെ രാജി. 2011 മാര്‍ച്ചില്‍ ശര്‍മിള ടാഗോര്‍ രാജിവെച്ച ഒഴിവിലാണ് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷയായി ലീല നിയമിക്കപ്പെട്ടത്.

---- facebook comment plugin here -----

Latest