Connect with us

Articles

ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍

Published

|

Last Updated

“നമ്മുടെ ഭരണാധികാരികള്‍ ദുബൈ കണ്ട് പഠിക്കണം. മികച്ച റോഡുകള്‍, ഗതാഗത കുരുക്കില്ലാത്ത യാത്ര. എല്ലാരംഗത്തും മികച്ച സേവനങ്ങളും തൊഴിലവസരങ്ങളും. മികച്ച വിദ്യാഭ്യാസത്തിന് അവസരം. വലിച്ചെറിഞ്ഞ ഒരു പേപ്പര്‍ കഷ്ണം പോലും തെരുവിലൊരിടത്തും കാണില്ല. എന്നിട്ടല്ലേ, മാലിന്യം.”- നാട്ടിലെത്തുന്ന പ്രവാസികള്‍ എല്ലായ്‌പ്പോഴും പറയുന്നതാണിത്. അന്യ സംസ്ഥാനങ്ങളിലോ വിദേശ രാഷ്ട്രങ്ങളോ സന്ദര്‍ശിച്ച് മടങ്ങിവരുന്ന മലയാളികളും ആ നാട്ടിലെ ഇത്തരം കാര്യങ്ങളെക്കുറിച്ച് വാചാലമാകാറുണ്ട്. എന്തുകൊണ്ട് എന്റെ നാട് ഇങ്ങനെയാകുന്നില്ലെന്ന് പരിതപിക്കും. നമ്മള്‍ തന്നെയല്ലെ നമ്മുടെ നാടിനെ കെട്ടിയിടുന്നതെന്ന വസ്തുത വിസ്മരിച്ച് കൊണ്ടാകും ഈ വിലയിരുത്തലെന്ന് മാത്രം.
മണിക്കൂറുകളുടെ, ദിവസങ്ങളുടെ ദീര്‍ഘായുസ്സ് മാത്രമുള്ള വിവാദങ്ങളിലാണ് നമുക്ക് താത്പര്യം. കണ്ടുപഠിക്കാന്‍ മനസ്സില്ലാത്ത മലയാളി കൊണ്ടേ പഠിക്കൂവെന്ന് ദിവസം ചെല്ലുംതോറും തെളിയിച്ച് കൊണ്ടിരിക്കുന്നു. പറഞ്ഞുവന്നത് വികസന രംഗത്തെ കേരളത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് തന്നെ. അമേരിക്കയെ പോലെ വളരണം, ദുബൈ പോലെ വികസിക്കണമെന്നൊക്കെ ഓരോ മലയാളിയും ആഗ്രഹിക്കും. അതിനുള്ള സാധ്യത തുറക്കും മുമ്പെ കൊട്ടിയടയ്ക്കുകയും ചെയ്യും. ഇതാണ് ശരാശരി മലയാളിയുടെ മാനസികാവസ്ഥ.
ആരോഗ്യം, വിദ്യാഭ്യാസം, സാക്ഷരത തുടങ്ങി രാജ്യത്തിന് മാതൃകയായിരുന്ന കേരള മോഡലുകള്‍ ഏറെയുണ്ടായിരുന്നു. സാക്ഷരതയുടെ കാര്യത്തില്‍ നൂറ് ശതമാനമാണ് നമ്മുടെ നീക്കിയിരുപ്പ്. വിദ്യാഭ്യാസം, ആരോഗ്യം, പ്രതിശീര്‍ഷ വരുമാനം, മാധ്യമങ്ങളുടെ എണ്ണം, പ്രവാസികള്‍, ടൂറിസം എന്നിവയെടുത്താലും മറ്റു പല സംസ്ഥാനങ്ങളേക്കാളും കേരളം മുന്നില്‍ തന്നെ. രാജ്യത്തിന്റെ സമ്പദ്ഘടന നിയന്ത്രിക്കുന്നത് പ്രവാസികളാണ്. വിദേശനാണ്യം രാജ്യത്തേക്ക് ഒഴുകുന്നത് ഇവരിലൂടെയാണ്. അതാകട്ടെ, ഏറ്റവും കൂടുതല്‍ മലയാളികളിലൂടെയും. എന്നാല്‍, നമുക്ക് ഇത് ചൂഷണം ചെയ്യുന്ന കാര്യത്തില്‍ പിഴയ്ക്കുകയാണ്.
പൊതു-സ്വകാര്യ പങ്കാളിത്തം എന്ന ആശയം രാജ്യത്തിന് പകര്‍ന്ന സംസ്ഥാനമാണ് കേരളം. നെടുമ്പാശ്ശേരിയില്‍ വിമാനത്താവളം നിര്‍മിച്ച് അത് തെളിയിച്ചുകൊടുത്തു. ഈ പദ്ധതിയില്‍ സര്‍ക്കാര്‍ നടത്തിയ നിക്ഷേപത്തേക്കാള്‍ കൂടുതല്‍ ലാഭം നേടിക്കഴിഞ്ഞു. ഇതൊക്കെയായിട്ടും വിവാദങ്ങള്‍ പലരെയും പിന്നോട്ടടിപ്പിക്കുന്നു. വിളിച്ച് വരുത്തുന്ന തൊഴിലില്ലായ്മയും വികസന മുരടിപ്പുമാണ് ഇന്ന് നമ്മുടെ ശാപം. എന്തുകൊണ്ട് ഇത് സംഭവിച്ചു? ഭരണകര്‍ത്താക്കള്‍ മാത്രമാണോ ഇതിന് ഉത്തരവാദികള്‍? സൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കി മറുമരുന്ന് കണ്ടെത്തേണ്ടതുണ്ട്. വികസന രംഗത്തെ ഭരണകൂടങ്ങളുടെ പരിമിതികള്‍ മറികടക്കുന്നത് സ്വകാര്യനിക്ഷേപങ്ങളിലൂടെയാണ്. പ്രകൃതി വിഭവങ്ങള്‍ അനാവശ്യമായി ചൂഷണം ചെയ്യാത്ത, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കപ്പെടാത്ത സാമൂഹിക നീതി വെല്ലുവിളിക്കാത്ത, സ്വകാര്യനിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുമ്പോള്‍ മാത്രമേ ഇനിയുള്ള നാളുകളില്‍ നാടിന്റെ വികസനം സാധ്യമാകൂ. ഈ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാതെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. സ്വകാര്യനിക്ഷേപങ്ങള്‍ അനിവാര്യമാണെന്നും പരമാവധി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നുമുള്ള ധാരണയിലേക്ക് ഭരണകൂടങ്ങളും മുഖ്യധാരരാഷ്ട്രീയ കക്ഷികളും ശരാശരി മലയാളിയും എത്തിയിട്ടുണ്ട്. മുമ്പ് സ്ഥിതി ഇതായിരുന്നില്ല. വയലില്‍ കൊയ്യാന്‍ വരുന്ന കൊയ്ത്ത് യന്ത്രത്തെ തൊഴിലാളികള്‍ ഭീതിയോടെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍. ട്രാക്ടറിനും കമ്പ്യൂട്ടറിനുമെതിരെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ തന്നെ പ്രക്ഷോഭം നടത്തിയ സാഹചര്യമുണ്ടായിരുന്നു. സ്വകാര്യ നിക്ഷേപം എന്നാല്‍ വെറുക്കപ്പെട്ട ഉത്പന്നമാണെന്ന ധാരണ വ്യാപകമായിരുന്ന ഒരു സന്ദര്‍ഭമുണ്ടായിരുന്നു. സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതാണെങ്കില്‍ പോലും വന്‍കിട വികസന പദ്ധതികളെ സംശയത്തോടെ വീക്ഷിച്ചിരുന്നു. ഈ സ്ഥിതി മാറി. അത് തന്നെ വലിയ കാര്യം.
അപ്പോഴും ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ കാണിക്കുന്ന പക്വതയും ക്രിയാത്മകതയും കേരളം കാണിക്കുന്നില്ല. സംരംഭകരെയും സംരംഭങ്ങളെയും ശത്രുതയോടെ കാണുന്നതാണ് നമ്മുടെ മനോഭാവം. താത്കാലിക കയ്യടിക്ക് വേണ്ടിയുള്ള ഇത്തരം പ്രചാരണങ്ങളുടെ ആത്യന്തിക നഷ്ടത്തെക്കുറിച്ച് സജീവമായൊരു ചര്‍ച്ചയെങ്കിലും നടക്കട്ടെ. ഭരണകൂടങ്ങള്‍ക്കും ഇക്കാര്യത്തില്‍ ചില കരുതലുണ്ടാകണം. അനാവശ്യ വിവാദങ്ങള്‍ ക്ഷണിച്ച് വരുത്തുന്ന ഇടപെടലുകള്‍ ഒഴിവാക്കണം. നിക്ഷേപം ലക്ഷ്യമിട്ട് 2012ല്‍ നടത്തിയ എമര്‍ജിംഗ് കേരളയുടെ തുടക്കത്തിലുണ്ടായ വിവാദം നിര്‍ദേശിക്കപ്പെട്ട ചില പദ്ധതികളെ മുന്‍നിര്‍ത്തിയായിരുന്നു. ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇതില്‍ ചിലതെങ്കിലും ഒഴിവാക്കാമായിരുന്നു.
കേരളത്തെ മുന്നോട്ട് നയിക്കാന്‍ വന്‍കിട കോര്‍പറേറ്റ് കമ്പനികളുടെ സാന്നിധ്യമോ മൂലധന കണക്കില്‍ കോടികളുടെ ആസ്തിയുള്ള കമ്പനികളോ വേണമെന്നില്ല. സ്വദേശത്തും വിദേശത്തും തൊഴിലെടുത്തും നിക്ഷേപിച്ചും ജയിച്ചടക്കിയ മലയാളികള്‍ തന്നെ മതി. അവര്‍ക്ക് നിക്ഷേപിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് വേണ്ടത്. നിക്ഷേപിക്കുന്ന പണം തിരിച്ചുകിട്ടുമെന്ന ആത്മവിശ്വാസം നല്‍കിയാല്‍ മതി. എന്തെങ്കിലും പദ്ധതിയുമായി ആരെങ്കിലും വരാന്‍ ആഗ്രഹിക്കും മുമ്പ് തന്നെ പ്രതിഷേധങ്ങളുടെ പുകമറയും നിയമത്തിന്റെ അഴിയാക്കുരുക്കും നല്‍കിയാല്‍ പിന്നെ ആര് ഇങ്ങോട്ട് തിരിഞ്ഞുനോക്കും? കൊച്ചിയില്‍ ഇന്നലെ തുടങ്ങിയ ആഗോള പ്രവാസി മലയാളി സംഗമത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ നടത്തിയ പ്രഖ്യാപനം ഈ രംഗത്ത് ചില മാറ്റങ്ങള്‍ക്ക് വഴിവെക്കും. ഭൂനിയമങ്ങളിലെ ചില മാറ്റങ്ങളെക്കുറിച്ചാണ് മുഖ്യമന്ത്രി സൂചിപ്പിക്കുന്നത്. കൈവശം വെയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറെന്ന നിയമത്തില്‍ ഇളവ് അനുവദിക്കുകയാണ് ഇതിലൊന്ന്. അഞ്ച് കോടി രൂപയുടെ നിക്ഷേപത്തിന് ഒരേക്കറോ 20 തൊഴിലവസരങ്ങള്‍ക്ക് ഒരേക്കറോ അധികം എന്ന തോതില്‍ ഇളവ് അനുവദിക്കാനാണ് തീരുമാനം. അടിസ്ഥാന സൗകര്യ വികസനപദ്ധതികളില്‍ നിക്ഷേപം നടത്താന്‍ പ്രവാസി മലയാളികള്‍ക്ക് ആത്മവിശ്വാസമുണ്ടാക്കുകയാണ് ഈ സംഗമത്തിന്റെ ലക്ഷ്യം.
നിലവിലുള്ള നിയമങ്ങളെല്ലാം ലംഘിച്ചാണ് നിക്ഷേപങ്ങള്‍ കൊണ്ടുവരേണ്ടതെന്ന് ഇപ്പറഞ്ഞതിനൊന്നും അര്‍ഥമില്ല. പരിസ്ഥിതിയും പ്രകൃതിയും ചൂഷണം ചെയ്തുകൊണ്ടുള്ള വികസനം പ്രോത്സാഹിപ്പിക്കപ്പെടുകയുമരുത്. അപ്പോഴും അനാവശ്യമായ കുരുക്കുകളെക്കുറിച്ച് ബോധാവാന്മാരാകണം. പ്രാദേശികമായി യാതൊരു എതിര്‍പ്പുമില്ലാത്ത, എല്ലാവരാലും പിന്തുണക്കപ്പെടുന്ന പദ്ധതികള്‍ പോലും സ്വാര്‍ഥതാത്പര്യങ്ങളുടെ പേരില്‍ നിയമക്കുരുക്കുകളിലേക്ക് തള്ളിവിടുന്നത് രാജ്യത്തോട് തന്നെ ചെയ്യുന്ന ദ്രോഹമാണെന്ന തിരിച്ചറിവ് ഉണ്ടാകണം. വിദ്യാഭ്യാസ കേന്ദ്രീകൃതമാണ് ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങളെല്ലാം. ഗുണമുള്ള വിദ്യാഭ്യാസം ലഭ്യമാകുമ്പോള്‍ മാത്രമേ ഈ മാറ്റത്തിനൊപ്പം നമുക്കും സഞ്ചരിക്കാന്‍ കഴിയൂ. അന്യവീട്ടിലെ ഡ്രൈവറും പാചകക്കാരനും വീട്ടുജോലിക്കാരനുമായി ഇനി അധികകാലം ആര്‍ക്കും കഴിച്ച് കൂടാനാകില്ല. ലോകത്തിന്റെ കുതിപ്പിനൊനൊപ്പം നമ്മളും വളരണം. വിദ്യാഭ്യാസ രംഗത്ത് അനിവാര്യമായ ഉടച്ചുവാര്‍ക്കലുകള്‍ ഇനിയും വൈകരുത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പരിമിതികളുണ്ട്. അവിടെയാണ് സ്വകാര്യ, സ്വാശ്രയ വിദ്യാഭ്യാസ മേഖലയുടെ പ്രസക്തി. ലാഭം എന്ന രണ്ടക്ഷരത്തിലേക്ക് വിദ്യാഭ്യാസത്തെ ഒതുക്കാന്‍ വേണ്ടിയല്ല ഇപ്പറയുന്നത്. ലാഭം എന്നതിനപ്പുറം സാമൂഹിക പ്രതിബദ്ധത മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ ഏറെയുണ്ട് കേരളത്തില്‍. അവരുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് വരും തലമുറയോട് ചെയ്യുന്ന ക്രൂരതയായിരിക്കും.