Connect with us

Malappuram

റഈസുല്‍ ഉലമാ സുലൈമാന്‍ മുസ്‌ലിയാര്‍ക്ക് ആദരം

Published

|

Last Updated

മലപ്പുറം: അറബി ഭാഷാ പ്രചാരണ- പഠന രംഗങ്ങളില്‍ മികവു തെളിയിച്ചവര്‍ക്കായി മഅ്ദിന്‍ അക്കാദമി ഏര്‍പ്പെടുത്തിയ സയ്യിദ് അഹ്മദ് ബുഖാരി അവാര്‍ഡ് സമസ്ത ഉപാധ്യക്ഷന്‍ റഈസുല്‍ ഉലമാ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ക്ക് സമ്മാനിച്ചു. സ്വലാത്ത് നഗര്‍ മഅ്ദിന്‍ ക്യാമ്പസില്‍ നടന്ന റബീഅ് അത്മീയ സംഗമത്തില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, എസ് വൈ എസ് സുപ്രീം കൗണ്‍സില്‍ അംഗം സയ്യിദ് യൂസുഫുല്‍ ബുഖാരി, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ ചേര്‍ന്ന് നല്‍കി. സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സുന്നി പണ്ഡിത സംഘടനയുടെ ഉപാധ്യക്ഷനെന്ന നിലയിലും കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക പഠന കേന്ദ്രമായ ഇഹ്‌യാഉസ്സുന്നയുടെ അമരക്കാരനെന്ന നിലയിലും ആയിരക്കണക്കിനു ശിഷ്യന്മാരുള്ള സുലൈമാന്‍ മുസ്‌ലിയാര്‍ അറബി ഭാഷാ പ്രചാരണ രംഗത്ത് നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് അവാര്‍ഡ്ദാന പ്രഭാഷണത്തില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി പറഞ്ഞു.
വൈകന്നേരം നാലിന് ആരംഭിച്ച പരിപാടിയില്‍ ബുര്‍ദ പാരായണം, നഅ്ത് ശരീഫ്, മദ്ഹ് ബൈത്ത് ആലാപനം, മൗലിദ് പാരായണം, ഖതമുല്‍ ഖുര്‍ആന്‍, സ്വലാത്ത്, പരീക്ഷാര്‍ഥികള്‍ക്ക് പ്രത്യേക പ്രാര്‍ഥന എന്നിവ നടന്നു. പ്രകീര്‍ത്തന സദസ്സിന് മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കി. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ഹബീബ്‌കോയതങ്ങള്‍ ചെരക്കാപ്പറമ്പ്, സയ്യിദ് പൂക്കോയതങ്ങള്‍ തലപ്പാറ, സയ്യിദ് ഇസ്മാഈല്‍ ബുഖാരി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പോള്‍ അബ്ദുല്‍ വദുദ് സതര്‍ലന്റ്(യു കെ), കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, പകര മുഹമ്മദ് അഹ്‌സനി, ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, ഫള്‌ലുര്‍റഹ്മാന്‍ അഹ്‌സനി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പ്രൊഫ. കെ എം എ റഹീം, മുസ്ഥഫ കോഡൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, യൂസുഫ് സഖാഫി ആസ്‌ട്രേലിയ തുടങ്ങിയവര്‍ സംബന്ധിച്ചു. സുലൈമാന്‍ മുസ്‌ലിയാരുടെ ജീവിത യാത്രയുടെ പ്രധാന ഭാഗങ്ങള്‍ കോര്‍ത്തിണക്കിയ ഗ്രന്ഥ പ്രകാശനം നടത്തി.

Latest