Connect with us

Ongoing News

ഇവിടെ മത്സരം ശിഷ്യരും മക്കളും തമ്മില്‍

Published

|

Last Updated

കോഴിക്കോട്: തന്റെ ശിഷ്യര്‍ക്കൊപ്പം മക്കള്‍ കൂടി മത്സരിക്കുമ്പോള്‍ തൃശ്ശൂര്‍ എന്‍ എസ് എസ് യു പി സ്‌കൂളിലെ സയന്‍സ് അധ്യാപകനായിരുന്ന വാസുദേവന്‍ നമ്പൂതിരി ആഹ്ലാദത്തിലാണ്. സംസ്ഥാന കലോത്സവവേദിയില്‍ അരങ്ങേറിയ ഹയര്‍സെക്കന്‍ഡറി കേരള നടനത്തിലാണ് തന്റെ പ്രിയപ്പെട്ട ശിഷ്യര്‍ക്കൊപ്പം പ്ലസ്ടു വിദ്യാര്‍ഥിനിയായ മകള്‍ മാളവിക വാസുദേവനും മത്സരിച്ചത്. മാളവികയുടെ അനുജത്തി മിത്രബിന്ദാ വാസുദേവന്‍ ഹൈസ്‌കൂള്‍ വിഭാഗം ഭരതനാട്യത്തിലും ശിഷ്യര്‍ക്കൊപ്പം മത്സരിക്കുന്നുണ്ട്. മത്സരത്തില്‍ ശിഷ്യരോ മക്കളോ ആരു തന്നെ വിജയിച്ചാലും അതു തന്റെ വിജയമായി കാണാനാണ് വാസുദേവന്‍ നമ്പൂതിരിക്കിഷ്ടം. 89-90 കാലഘട്ടങ്ങളില്‍ യൂണിവേഴ്‌സിറ്റി കലാമേളകളിലെ തിളങ്ങുന്ന താരമായിരുന്നു വാസുദേവന്‍ നമ്പൂതിരി. പിന്നീട് അധ്യാപനത്തിലേക്കു തിരിഞ്ഞെങ്കിലും തന്റെ വഴി കലയാണെന്ന് മനസ്സിലാക്കിയപ്പോള്‍ നൃത്തത്തിലേക്കു തന്നെ മടങ്ങി. താന്‍ ഇപ്പോള്‍ ചെയ്യുന്നതും അധ്യാപനം തന്നെയാണെന്ന് അദ്ദേഹം പറയുന്നു. കേരള നടനം, ഭരതനാട്യം, മോഹിനിയാട്ടം എന്നീ ഇനങ്ങളിലാണ് വാസുദേവന്‍ നമ്പൂതിരിയുടെ ശിഷ്യര്‍ മത്സരിക്കുന്നത്. കലാമണ്ഡലം ജയശ്രീയാണ് വാസുദേവന്‍ നമ്പൂതിരിയുടെ ഭാര്യ.

Latest