Connect with us

Ongoing News

ലഹരിവിരുദ്ധ പ്രവര്‍ത്തനവുമായി കുട്ടി എക്‌സൈസ് വകുപ്പ്

Published

|

Last Updated

കോഴിക്കോട്: കലോത്സവ വേദികള്‍ക്കരികില്‍ കോഴിക്കോടിനെ ലഹരിവിമുക്തമാക്കാനുള്ള ദൗത്യവുമായി കുട്ടി എക്‌സൈസ് വകുപ്പ് രംഗത്ത്. ജില്ലയിലെ എക്‌സൈസ് വകുപ്പിന്റെ കീഴിലാണ് കുട്ടി എക്‌സൈസ് കൂട്ടത്തിന്റെ പ്രവര്‍ത്തനം. ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ഷാനവാസിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നാലു മാസമായി ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതിന്റെ തുടര്‍ച്ചയാണ് കലോത്സവ നഗരിയിലെ പ്രവര്‍ത്തനങ്ങള്‍.
സിറ്റിയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള എന്‍ എസ് എസ് വിദ്യാര്‍ഥികളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 150 കുട്ടികളില്‍ നിന്നും 25 പേരാണ് കലോത്സവ നഗരിയില്‍ ലഹരിക്കെതിരെ പ്രചാരണത്തിലുള്ളത്. ഇതില്‍ 14 പേര്‍ പെണ്‍കുട്ടികളാണ്. കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന മത്സരാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കാഴ്ചക്കാരായി എത്തുന്ന പൊതുജനങ്ങള്‍ക്കും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പുകയില ഉത്പന്നങ്ങളുടെയും ഉപയോഗത്തിനെതിരെ ബോധവത്കരണമാണ് ഇവര്‍ നടത്തുന്നത്. ഷാഡോ പോലീസിനു കീഴില്‍ നഗരപരിധിയിലെ കടകളില്‍ ഇനിയുള്ള ദിവസങ്ങളില്‍ നിരീക്ഷണം നടത്തുമെന്നും കുറ്റം കണ്ടെത്തിയാല്‍ കേസെടുക്കുമെന്നും ജില്ലാ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം കെ ഗിരീഷ് പറഞ്ഞു. ലഹരിക്കെതിരേ അണിചേരാം എന്ന പേരില്‍ എക്‌സൈസ് വകുപ്പിന്റെ പ്രദര്‍ശനം സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് നിര്‍വഹിച്ചു.

Latest