Connect with us

Ongoing News

നന്മ നിറച്ച് നാടക വേദി

Published

|

Last Updated

കോഴിക്കോട്: സാമൂഹിക വിമര്‍ശനത്തെ ഹാസ്യത്തിന്റെയും ഗൗരവത്തിന്റെയും ഭാവങ്ങള്‍ ചേര്‍ത്ത് കുട്ടിക്കലാകാരന്‍മാരുടെ നാടകങ്ങള്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി. വേദി നാല് വൈരഭി ഇന്നലെ മിഴി തുറന്നത് കൗമാര കേരളത്തിന്റെ അഭിനയ മികവിന്റെ വെളിച്ചത്തിലായിരുന്നു. ഉള്ളുണര്‍ന്നത്തുന്ന പ്രകടനമായിരുന്നു ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരത്തില്‍ വേദിയിലെത്തിയ മുഴുവന്‍ സംഘങ്ങളും കാഴ്ചവെച്ചത്.
ശ്രീകുമാരന്‍ തമ്പിയുടെ കവിത “രേണുക”യുടെ ദൃശ്യാവിഷ്‌കാരം നല്‍കിയ നാടകവും ഹെലന്‍കെല്ലറുടെ വളര്‍ച്ചയുടെ കഥ പറഞ്ഞ് അഭിനയിച്ച സെന്റ് ജോസഫ് മാവേലിക്കരയുടെ “തുറന്നവാതിലും” അമ്മമാരെ വലിച്ചെറിയുന്ന സമൂഹത്തിന് കൃത്യമായ പാഠം നല്‍കിയ തിരുവങ്ങൂര്‍ എച്ച് എസ് എസിന്റെ “കറിവേപ്പില”യും പ്രകൃതി മുഴുവന്‍ മനുഷ്യരെയും തുന്നിച്ചേര്‍ത്തിരിക്കുന്നതാണ് ബന്ധങ്ങളെന്ന് ഓര്‍മപ്പെടുത്തിയ തൃശ്ശൂര്‍ സെക്രഡ് ഹെര്‍ട്ടിന്റെ “തുന്നലും” സ്‌നേഹത്തിന് ക്രൂരതകളെ മായ്ച്ചു കളയാന്‍ സാധിക്കുമെന്ന സന്ദേശം നല്‍കിയ കൂത്തുപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ “ഒറ്റയും” കാഴ്ചക്കാരുടെ മനം നിറച്ചു. രാവിലെ തുടങ്ങിയ മത്സരം ഏറെ വൈകിയും തുടരുമ്പോഴും നിറഞ്ഞ സദസ്സാണ് നാടക വേദിക്ക് മുന്നില്‍. കൊച്ചു അഭിനേതാക്കളുടെ അഭിനയ മികവ് കാണാന്‍ സിനിമാ താരം മാമുക്കോയയും പ്രമുഖ നാടക പ്രവര്‍ത്തകരും എത്തിയിരുന്നു. ജില്ലാ കലോത്സവങ്ങളില്‍ നിന്നും നേരിട്ട് സെലക്ഷന്‍ കിട്ടിയ 14 സംഘവും അപ്പിലിലുടെ 10 സംഘവുമായി മൊത്തം 24 ടീമുകളാണ് നാടക മത്സരത്തിനെത്തിയത്.