Connect with us

Gulf

കാലാവസ്ഥാ വ്യതിയാനം; ഡ്രൈവര്‍മാര്‍ക്ക് ഷാര്‍ജ പോലീസിന്റെ ബോധവത്കരണ കാമ്പയിന്‍

Published

|

Last Updated

ഷാര്‍ജ: രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളില്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിച്ചിരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ബോധവത്കരണത്തിനായി ഷാര്‍ജ പോലീസ് പ്രത്യേക കാമ്പയിന്‍ ആരംഭിച്ചു.
ഡ്രൈവറുടെ വാഹനത്തിനു മേലുള്ള നിയന്ത്രണം നഷ്ടപ്പെടാനിടയാക്കുന്ന തരത്തിലുള്ള മഴ, മൂടല്‍മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങിയ കാലാവസ്ഥാ മാറ്റങ്ങളുണ്ടാകുമ്പോള്‍ കൈകൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചാണ് പ്രധാനമായും ബോധവത്കരണം നടത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തുടര്‍ച്ചയായുണ്ടായ ശക്തമായ മൂടല്‍ മഞ്ഞ് കാരണം രാജ്യത്തിന്റെ പല ഭാഗങ്ങളിലും വാഹനാപകട പരമ്പരകള്‍ തന്നെ സംഭവിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോലീസ് കാമ്പയിന്‍ നടത്തുന്നത്.
ഷാര്‍ജയിലെ ഖാലിദ് കോര്‍ണീഷില്‍ നിന്നാണ് കാമ്പയിന്‍ പരിപാടികള്‍ ആരംഭിച്ചത്. നഗരത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുമായി വരും ദിവസങ്ങളില്‍ പോലീസെത്തും.
ഷാര്‍ജയുടെ കിഴക്കന്‍ ഭാഗങ്ങളിലും കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. മുന്‍കരുതല്‍ നിര്‍ദേശങ്ങളടങ്ങിയ ബ്രോഷറുകള്‍ വിതരണം, ഡ്രൈവര്‍മാരെ നേരിട്ടു വിളിച്ചു ചേര്‍ത്തുള്ള ക്ലാസുകള്‍ തുടങ്ങിയവയാണ് കാമ്പയിന്റെ ഭാഗമായി പോലീസ് നടത്തുന്നത്. രാത്രി സമയങ്ങളിലോ മൂടല്‍ മഞ്ഞുള്ള സമയങ്ങളിലോ വാഹനത്തിന്റെ ലൈറ്റ് പ്രവര്‍ത്തിപ്പിക്കാതെ വാഹനമോടിക്കുക, തകരാറിലായ ലൈറ്റ് നന്നാക്കാതെ ഓടിക്കുക തുടങ്ങിയവ നിയമലംഘനവും 200 ദിര്‍ഹം പിഴക്കും കാരണമാണെന്നും പോലീസിലെ ട്രാഫിക് വിഭാഗം പറഞ്ഞു. ഇതിനു പുറമെ ഇവക്ക് യഥാക്രമം നാലും ആറും പോയിന്റുകളും ലഭിക്കും.

Latest