Connect with us

Gulf

ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് സോളാര്‍ പാര്‍ക്കിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കും

Published

|

Last Updated

ദുബൈ: ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി പണി പൂര്‍ത്തിയാക്കുന്ന മുഹമ്മദ് ബിന്‍ റാശിദ് സോളാര്‍ പാര്‍ക്ക് രണ്ടാം ഘട്ടത്തിന്റെ ഉത്പാദന ക്ഷമത നൂറ് മെഗാവാട്ടില്‍ നിന്ന് 200 മെഗാവാട്ടായി ഉയര്‍ത്തുമെന്ന് എം ഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി നേരിട്ട് ഉല്‍പാദിപ്പിക്കുന്ന പ്ലാന്റിന്റെ രണ്ടാം ഘട്ടം 2017ലാണ് പൂര്‍ത്തിയാവുക. മേഖലയിലെ ഏറ്റവും വലുതാണ് മുഹമ്മദ് ബിന്‍ റാശിദ് സോളാര്‍ പ്ലാന്റ്.
അമൂല്യമായ വിഭവങ്ങള്‍ സംരക്ഷിക്കുകയും പുനരുല്‍പാദക ഇന്ധനം ഉല്‍പാദിപ്പിക്കുകയും ചെയ്ത് ഊര്‍ജ മേഖലയില്‍ വളര്‍ച്ച കൈവരിക്കാനുള്ള യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും സുസ്ഥിര വികസനത്തിന് ഹരിതോര്‍ജം എന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടിനും അനുസരിച്ചാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദുബൈയിലെ താമസക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള ദുബൈ പ്ലാന്‍ 2021ന്റെ ഭാഗമായിട്ടു കൂടിയാണ് 120 കോടി ദിര്‍ഹം ചെലവില്‍ പ്ലാന്റ് നിര്‍മിക്കുന്നത്. 2030 ഓടെ ആയിരം മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന രീതിയിലേക്ക് പാര്‍ക്ക് മാറും. സൂര്യതാപത്തിലൂടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ദുബൈയുടെ ഊര്‍ജ ഉപഭോഗത്തിന്റെ ഒരു ശതമാനമായി 2020ല്‍ മാറും. 2030 ഓടെ അഞ്ച് ശതമാനമാകുമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ പ്ലാന്റിന്റെ രണ്ടാംഘട്ട നിര്‍മാണത്തിന് 24 കമ്പനികളുമായി നേരത്തെ ധാരണയിലെത്തിയിട്ടുണ്ട്. ഉല്‍പാദനത്തിന് പ്രമുഖരായ പത്ത് കമ്പനികളില്‍ നിന്ന് പ്രെപ്പോസലുകള്‍ ലഭിച്ചിട്ടുണ്ട്. ഒരു കിലോവാട്ട് സൗരോര്‍ജോല്‍പാദനത്തിന് 5.98 യു എസ് ഡോളര്‍ സെന്റാണ് ചെലവ് വരിക.
4.5 കിലോമീറ്റര്‍ സ്‌ക്വയര്‍ ചുറ്റളവിലാണ് രണ്ടാംഘട്ട പ്ലാന്റ് നിര്‍മിക്കുക. 2020ല്‍ പ്ലാന്റ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതോടെ കാര്‍ബണ്‍ പുറന്തള്ളല്‍ 250,000 ടണ്‍ കുറക്കാനാവും. ദുബൈയുടെ സമ്പദ്ഘടനക്കും പരിസ്ഥിതിക്കും അനുഗുണമായ മികച്ച പദ്ധതിയായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു.

Latest