Connect with us

Gulf

ഭീകരതക്കെതിരെ ഇരു രാജ്യങ്ങളും കൈകോര്‍ക്കും

Published

|

Last Updated

അബുദാബി: ഭീകരതയെ തുരത്താന്‍ ഈജിപ്തും യു എ ഇയും കൈകോര്‍ത്ത് മുന്നേറുമെന്ന് ഇരു രാജ്യങ്ങളുടെ നേതാക്കള്‍. ഹൃസ്വ സന്ദര്‍ശനാര്‍ഥം യു എ ഇയിലെത്തിയ ഈജിപ്ത് ആഭ്യന്തര മന്ത്രി മുഹമ്മദ് ഇബ്‌റാഹീം മുസ്തഫക്ക് സ്വീകരണം നല്‍കിയ ശേഷം ഇരു രാജ്യങ്ങളുടെ നേതാക്കളും നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്.
തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രങ്ങളെ പ്രദേശത്തുനിന്ന് ഇല്ലായ്മ ചെയ്യാനും അതിനെതിരെ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും ഇരു രാജ്യങ്ങളും അനുഭവങ്ങള്‍ കൈമാറും. തന്റെ യു എ ഇ സന്ദര്‍ശനം ഏറെ വിജയകരവും ചരിത്ര പരവുമായെന്ന് യാത്ര തിരിക്കും മുമ്പ് ഈജിപ്ത് ആഭ്യന്തര മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ സുരക്ഷാ കാര്യങ്ങളുടെ സഹകരണ മേഖലയില്‍ പുതിയ ചക്രവാളങ്ങള്‍ തുറക്കാന്‍ തന്റെ സന്ദര്‍ശനം കാരണമായതായും അദ്ദേഹം പറഞ്ഞു.
പരസ്പര സഹകരണ മേഖലകള്‍ കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി യു എ ഇ സന്ദര്‍ശിക്കും. ഞായറാഴ്ചയാണ് അല്‍ സീസി യുടെ സന്ദര്‍ശനം. രണ്ടു ദിവസം അല്‍ സീസി യു എ ഇയിലുണ്ടാകും. ഈജിപ്തില്‍ ഭീകരവാദികള്‍ തെരുവിലിറങ്ങുകയും ആഭ്യന്തര അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത സമയത്ത് ക്രമ സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ ഏറെ ഇടപെടുകയും സഹായിക്കുകയും ചെയ്ത രാജ്യമാണ് യു എ ഇ. ഇതില്‍ ഈജിപ്തിനുള്ള നന്ദി യു എ ഇ ഭരണാധികാരികള്‍ക്ക് അറിയിക്കുക കൂടി രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സീസിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണ്.
രണ്ടു ദിവസം നീണ്ടു നിന്ന ഈജിപ്ത് ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തിനിടെ യു എ ഇ ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്ന സുരക്ഷാ സജ്ജീകരണങ്ങളും സംവിധാനങ്ങളും സന്ദര്‍ശിക്കുകയും വിലയിരുത്തുകയും ചെയ്തു. ഭീകരതയെ നേരിടാന്‍ തങ്ങളുടെ പക്കലുള്ള അനുഭവങ്ങളും സംവിധാനങ്ങളുമൊക്കെ ഈജിപ്തുമായി പങ്കുവെക്കാന്‍ തയ്യാറാണെന്ന് യു എ ഇ അധികൃതര്‍ അറിയിച്ചതായി മുഹമ്മദ് ഇബ്‌റാഹീം പറഞ്ഞു.
യു എ ഇയുടെ സഹകരണത്തോടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഈജിപ്ത് തലസ്ഥാന നഗരിയായ കൈറോയിലെ പ്രധാന നിരത്തുകളിലും കവലകളിലും സുരക്ഷാ ക്യാമറകള്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സ്ഥാപിക്കും. സുരക്ഷയുടെ ഭാഗമായി ഇത്തരം കേന്ദ്രങ്ങളില്‍ കൂടുതല്‍ പോലീസ് സേനാംഗങ്ങളെ വിന്യസിക്കും. യു എ ഇയിലെ സുരക്ഷാ സംവിധാനങ്ങളും ക്രമീകരണങ്ങളും അതിനൂതനവും ലോകോത്തര നിലവാരമുള്ളതുമാണെന്ന് രണ്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയ ഈജിപ്ത് ആഭ്യന്തര മന്ത്രി മുഹമ്മദ് ഇബ്‌റാഹീം മുസ്തഫ പറഞ്ഞു. സന്ദര്‍ശന വേളയില്‍ മുഹമ്മദ് ഇബ്‌റാഹീമിനെ യു എ ഇ ആഭ്യന്തര മന്ത്രാലയത്തിലെയും പോലീസ് സേനയിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അനുഗമിച്ചു.