Connect with us

Kerala

ദേശീയ ഗെയിംസ്: തിയ്യതിയില്‍ മാറ്റമില്ല

Published

|

Last Updated

തിരുവനന്തപുരം: നിശ്ചയിച്ച ദിവസം തന്നെ ദേശീയ ഗെയിംസ് നടക്കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. വേദികളില്‍ നടത്തിയ പരിശോധന പൂര്‍ത്തിയാക്കി തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നാണ് ജനുവരി 31ന് തന്നെ ഗെയിംസ് തുടങ്ങാന്‍ തീരുമാനിച്ചത്. ഗെയിംസ് ഒരുക്കങ്ങളില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്നും നാഷണല്‍ ഗെയിംസ് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. എസ് എം ബാലി, ഗെയിംസ് ടെക്‌നിക്കല്‍ കണ്ടക്ട് കമ്മിറ്റി ചെയര്‍മാന്‍ കെ മുരുകന്‍ എന്നിവര്‍ അറിയിച്ചു.
കേരളമൊരുക്കിയ തയ്യാറെടുപ്പുകളില്‍ രാജ്യത്തെ എല്ലാ കായിക ഫെഡറേഷനുകള്‍ക്കും സംതൃപ്തിയുണ്ട്. അവശേഷിക്കുന്ന മിനുക്കുപണികള്‍ ഗെയിംസ് തുടങ്ങുന്നതിന് മുമ്പ് പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഉറപ്പ്. ഈ മാസം 27ന് അവസാനവട്ട സന്ദര്‍ശനം നടത്തും. ഉപകരണങ്ങള്‍ എത്തിക്കാനുള്ള സമയപരിധിയും 27 വരെ ദീര്‍ഘിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി ഗെയിംസിന്റെ വേദികള്‍ പരിശോധിച്ചു. ഒരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ണമായി കഴിഞ്ഞു.
ചൈനയില്‍ ഒളിമ്പിക്‌സ് നടക്കുന്നതിന് ഒരു വര്‍ഷം മുമ്പ് താന്‍ അവിടെ സന്ദര്‍ശനം നടത്തിയിരുന്നു. അന്ന് യാതൊരു ഒരുക്കങ്ങളും അവിടെ നടന്നില്ല. പക്ഷേ, ഒളിമ്പിക്‌സ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് അവര്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി നേരത്തെ ഒരുക്കങ്ങള്‍ തുടങ്ങാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഭാരവാഹികള്‍ മറുപടി നല്‍കി.
ഓരോ വേദിയുടെയും അവസ്ഥ, ഇനി ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവ വിശദമായി വിലയിരുത്തി. ഉപകരണങ്ങള്‍ എത്താന്‍ കാലതാമസം ഉണ്ടായി എന്നത് വസ്തുതയാണ്. ഗതാഗതം ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്‌നങ്ങളാണ് ഈ കാലതാമസത്തിന് കാരണം. ഉപകരണങ്ങള്‍ എത്താന്‍ വൈകിയതുകൊണ്ട് മത്സരങ്ങള്‍ തടസ്സപ്പെടില്ല. മറ്റ് കായിക കേന്ദ്രങ്ങളില്‍ നിന്നുള്ള ഉപകരണങ്ങള്‍ ദേശീയ ഗെയിംസിനായി ഉപയോഗപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
ഗെയിംസ് സംബന്ധിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടി ഐ ഒ എ പ്രതിനിധി സംഘം പറഞ്ഞു കഴിഞ്ഞുവെന്നും അഭിമാനകരമായ രീതിയില്‍ ഇനി ഗെയിംസ് നടത്തുകയെന്ന ലക്ഷ്യമാണ് കേരളത്തിന് മുന്നിലുള്ളതെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ നാഷണല്‍ ഐ ഒ എ ജോയിന്റ് സെക്രട്ടറി രാകേഷ് ഗുപ്ത, കേരള ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറിയും നാഷണല്‍ ഗെയിംസ് സംഘാടക സമിതി സെക്രട്ടറിയുമായ പി എ ഹംസ, നാഷണല്‍ ഗെയിംസ് ചീഫ് കമ്മീഷണര്‍ ആന്‍ഡ് പ്രിന്‍സിപ്പല്‍ കോ- ഓര്‍ഡിനേറ്റര്‍ തുടങ്ങിയവരും പങ്കെടുത്തു.

Latest