Connect with us

Kerala

ഭൂപരിഷ്‌കരണത്തില്‍ ഇളവ് വരുത്തുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

കൊച്ചി: നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വന്‍തോതില്‍ തൊഴിലവസരങ്ങള്‍ ഉറപ്പ് നല്‍കുന്ന നിക്ഷേപകര്‍ക്ക് അനുകൂലമായ വിധത്തില്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് വരുത്തുന്നു. നിക്ഷേപവും സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളും കണക്കിലെടുത്ത് നിബന്ധനകള്‍ക്ക് വിധേയമായാണ് ഭൂപരിധിയില്‍ ഇളവ് നല്‍കുക.
പൊതുആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ഐ ടി പാര്‍ക്കുകള്‍ പോലുള്ള സംരംഭങ്ങള്‍ക്ക് അനുകൂലമായ തരത്തില്‍ വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലെ മെറിഡിയന്‍ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്ററില്‍ ആഗോള പ്രവാസി മലയാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത് ഭൂമിയുടെ ലഭ്യതയും ഭൂവിനിയോഗ നിയമങ്ങളിലെ വ്യവസ്ഥകളുമാണ്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച എമര്‍ജിംഗ് കേരളയിലെ തീരുമാനങ്ങള്‍ പലതും നടപ്പാക്കാനായെങ്കിലും കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധി പതിനഞ്ച് ഏക്കര്‍ എന്നതുള്‍പ്പെടെയുള്ള നിയമങ്ങള്‍ തടസ്സമായ സാഹചര്യത്തിലാണ് കാതലായ പരിഷ്‌കാരങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്. അഞ്ച് കോടി രൂപയുടെ നിക്ഷേപം അല്ലെങ്കില്‍ ഇരുപത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സംരംഭങ്ങള്‍ക്ക് ഒരു ഏക്കര്‍ ഭൂമി കൂടുതലായി കൈവശം വെക്കുന്നതിനാണ് ഇളവ് ലഭിക്കുക. അമ്പത് കോടി നിക്ഷേപിക്കുന്നവര്‍ക്ക് പത്ത് ഏക്കര്‍ വരെ ഇളവ് ലഭിക്കും. വ്യവസായ നിക്ഷേപവും തൊഴിലവസരങ്ങളുടെ സൃഷ്ടിയും പൊതു ആവശ്യമായി പരിഗണിച്ച് നയരൂപവത്കരണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ആഗോള മലയാളി പ്രവാസി സംഗമം വര്‍ഷംതോറുമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതികരംഗത്ത് പ്രവാസി മലയാളികളുടെ സംഭാവനകള്‍ പ്രയോജനപ്പെടുത്താനും സര്‍ക്കാര്‍ ശ്രമിച്ചു വരികയാണ്. ആഗോളതലത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വികസിച്ചു മുന്നേറുന്ന രാഷ്ട്രങ്ങളുടെ മുന്‍നിരയിലാണ് ഇന്ത്യ. ഈ മാറ്റങ്ങളുടെ പ്രയോജനം കേരളത്തിനും ലഭിക്കണം. വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളും ആഗോളതലത്തിലെ മലയാളി സാന്നിധ്യവും ഇതിന് അനുകൂല ഘടകങ്ങളാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
പ്രവാസികാര്യ മന്ത്രി കെ സി ജോസഫ് അധ്യക്ഷത വഹിച്ചു. വ്യവസായ, ഐ ടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ധനമന്ത്രി കെ എം മാണി, എക്‌സൈസ് തുറമുഖ ഫിഷറീസ് വകുപ്പ് മന്ത്രി കെ ബാബു, പ്രൊഫ. കെ വി തോമസ് എം പി, മേയര്‍ ടോണി ചമ്മിണി, അഡീഷനല്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്, മുന്‍ മന്ത്രി എം എം ഹസന്‍, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍മാരായ എം എ യൂസുഫലി, സി കെ മേനോന്‍, ഡയറക്ടര്‍മാരായ രവി പിള്ള, സി ടി കുരുവിള, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി സുദീപ് എന്നിവര്‍ പ്രസംഗിച്ചു.