Connect with us

Palakkad

അട്ടപ്പാടിയില്‍ ഭൂരേഖ നവീകരിക്കുന്നതിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ രൂപീകരിച്ച നിരീക്ഷണ സമിതിയുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതിയും തുടര്‍പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു. അരിയും പയറുമുള്‍പ്പെടെ വിവിധയിനം പലചരക്ക് സാധനങ്ങള്‍ ഒരുമിച്ച് വിതരണം ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സപ്ലൈകോക്ക് നിര്‍ദ്ദേശം നല്‍കുന്നതിനും കൃഷിവകുപ്പ്, കുടുംബശ്രീ എന്നിവ മുഖാന്തിരമുള്ള വിത്തുകളുടെ വിതരണം മാര്‍ച്ചിനുള്ളില്‍ നടത്താനും യോഗം തീരുമാനമെടുത്തു. ഭൂരേഖ നവീകരിക്കുന്നതിനുള്ള പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. ഭവന നിര്‍മ്മാണത്തിനായിതെരഞ്ഞെടുക്കപ്പെട്ട 140 ഗുണഭോക്താക്കള്‍ക്കുള്ള ആദ്യഗഡു അടുത്ത ആഴ്ചയില്‍ തന്നെ വിതരണം ചെയ്യും. വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായ് 35 കുടുംബങ്ങള്‍ക്ക് ഓരോ ലക്ഷം രൂപ വീതവും വിതരണം ചെയ്യും. തൊഴിലുറപ്പ് പദ്ധതിയില്‍ 225 കുടുംബങ്ങള്‍ക്ക് അധികമായി തൊഴില്‍ നല്‍കാനായിട്ടുണ്ട്.
തൊണ്ണൂറ്റൊമ്പതിലധികം കുടുംബങ്ങള്‍ക്ക് നൂറ് ദിവസത്തെ തൊഴില്‍ നല്‍കാനുമായിട്ടുണ്ട്. കുറുമ്പ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ചിണ്ടക്കി-ആനവായ് റോഡ് നിര്‍മ്മാണം മാര്‍ച്ച് 31 നുള്ളില്‍ പൂര്‍ത്തിയാകും. ഐ.ടി.ഡി.പി.യില്‍ ഇല്ലാതാക്കിയ എഞ്ചിനീയറിങ്ങ് വിഭാഗം പുന:സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. വനമേഖലയിലൂടെ നിര്‍മ്മാണം നടത്തേണ്ട റോഡുകളുടെ പ്രവൃത്തി വനംവകുപ്പിനെ ഏല്‍പ്പിക്കുന്നതിനും ധാരണയായി. സി പി ഡബ്ല്യൂ ഡി റേറ്റ് പ്രകാരം മുമ്പ് നിലവിലുണ്ടായിരുന്ന ഹില്‍ ട്രാക്റ്റ് അലവന്‍സ് പുന:സ്ഥാപിക്കുന്നതിന് കേന്ദ്രഗവണ്മെന്റിനോട് അഭ്യര്‍ത്ഥിക്കാനും തീരുമാനമായി. പി എം ജി എസ്.വൈയില്‍ ഉള്‍പ്പെടുത്തി അട്ടപ്പാടിയില്‍ നിര്‍മ്മിക്കുന്ന പതിനാറ് റോഡുകളുടെ പ്രവൃത്തി മേല്‍നോട്ടത്തിന് ഒരു അസിസ്റ്റന്റ് എന്‍ജിനീയര്‍ മാത്രമാണ് നിലവിലുള്ളത്.
രണ്ട് അസിസ്റ്റന്റ് എന്‍ജിനീയര്‍മാരെയും ആറ് ഓവര്‍സിയര്‍മാരെയും പുതുതായി നിയമിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. നിലവില്‍ വനംവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അധിക ജീവനക്കാരെ മറ്റ് പദ്ധതിപ്രവര്‍ത്തനങ്ങളിലേക്ക് വിന്യസിപ്പിക്കുന്നതിനുള്ള തീരുമാനം അട്ടപ്പാടി സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് ആവശ്യത്തിന് സ്റ്റാഫുകള്‍, വാഹനസൗകര്യം എന്നിവ ഏര്‍പ്പെടുത്തുന്നതിനും പുതുതായി മുക്കാലി, പൂതൂര്‍ എന്നിവിടങ്ങളില്‍ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാനും യോഗം തീരുമാനിച്ചു. എം ബി രാജേഷ് എം പി, സബ്കളക്ടര്‍ പി ബി നൂഹ്. ഐ എ എസ് എന്നിവര്‍ക്ക് പുറമേ ജില്ലാ പഞ്ചായത്തംഗം ഈശ്വരിരേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ തുടങ്ങിയവരും അവലോകന യോഗത്തില്‍ പങ്കെടുത്തു. ഇനിമുതല്‍ പതിവായി എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച സമിതി യോഗം ചേരുന്നതിനും തീരുമാനമെടുത്തു.

Latest