Connect with us

Kozhikode

പഴമയുടെ പൊലിമയുമായി വട്ടപ്പാട്ട്

Published

|

Last Updated

കോഴിക്കോട്: മലബാറിന്റെ പുരാതന കലാരൂപമായ വട്ടപ്പാട്ടുമായാണ് എട്ടാം വേദിയായ “മല്‍ഹാര്‍” ഉണര്‍ന്നത്. അപ്പീലുമായെത്തിയ 12 ടീമുകള്‍ ഉള്‍പ്പെടെ 26 ടീമുകളാണ് ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ടിന് താളമിട്ടത്. മലബാറിലെ മുസ്‌ലിം കല്യാണ വീടുകളില്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് സജീവമായിരുന്ന വട്ടപ്പാട്ട് തനിമ ചോരാതെ അവതരിപ്പിച്ചപ്പോള്‍ പുതു തലമുറ അന്ധാളിച്ചിരുന്നു.
ഒപ്പനയോട് സാദൃശ്യമുള്ള വട്ടപ്പാട്ടിന്റെ ചരിത്രം അറനൂറ്റാണ്ടിനപ്പുറത്തുനിന്നാണ് തുടങ്ങുന്നത്. വിവാഹനാളിന്റെ രാവില്‍ വരന്റെ വീട്ടിലാണ് വട്ടപ്പാട്ട് നടന്നിരുന്നത്. പുരുഷന്‍മാര്‍ വരന് ചുറ്റും വട്ടമിട്ടിരുന്ന് വിവാഹത്തിന്റെ മഹത്വവും മധുവിധുവും പാടിപ്പറഞ്ഞ് സദസ്സിനെ ആവേശം കൊള്ളിക്കും. വധുവിന്റെ വീട്ടിലെ വിവാഹ സത്കാരത്തിലെ വിഭവങ്ങളുടെ നീണ്ട നിരയും വട്ടപ്പാട്ടില്‍ അവതരിപ്പിക്കും.
മലബാറില്‍നിന്നും അപ്രത്യക്ഷമായ ഈ കലാരൂപം ആറ് വര്‍ഷത്തോളമായി സ്‌കൂള്‍ കലോത്സവത്തിലൂടെ തിരികെയെത്തിയിരിക്കുകയാണ്. പഴയകാലത്ത് നാട്ടിന്‍പുറങ്ങളില്‍ വട്ടപ്പാട്ട് സംഘങ്ങള്‍ സജീവമായിരുന്നെങ്കിലും പുതുതലമുറ സ്‌കൂള്‍ കലോത്സവ വേദിയില്‍ വെച്ചാണ് വട്ടപ്പാട്ട് അടുത്തറിയുന്നത്. ഒപ്പനയില്‍ നിന്നും വിത്യസ്തമായി ചിട്ടയായ താളങ്ങളും ചുവടുകളുമാണ് വട്ടപ്പാട്ടിനുള്ളത്.
കലോത്സവ വേദിയിലെത്തിയ മിക്ക ടീമുകളും നിലവാരം പുലര്‍ത്തി. സംസ്ഥാന തലത്തില്‍ 12 വര്‍ഷമായി ഒന്നാമതെത്തുന്ന എടരിക്കോട് പി കെ എം എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് മലപ്പുറം ജില്ലക്കു വേണ്ടി ഇത്തവണയും വേദിയിലെത്തിയത്. കോഴിക്കോടിനു വേണ്ടി മത്സരിച്ച കാപ്പാട് ഇലാഹിയ്യയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. നിറഞ്ഞ സദസ്സില്‍ രാത്രി വൈകിയും വട്ടപ്പാട്ട് മത്സരം തുടരുകയാണ്.