Connect with us

Kozhikode

മുക്കം മുനിസിപ്പാലിറ്റിയാക്കിയ നടപടി: ആശങ്കയോടെ നാട്ടുകാര്‍

Published

|

Last Updated

മുക്കം: മുക്കം ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റിയായി ഉയര്‍ത്തിയതില്‍ ആശങ്കയുമായി നാട്ടുകാര്‍. നടപടിയെ എതിര്‍ത്തും അനുകൂലിച്ചും വിവിധ സംഘടനകളും വ്യക്തികളും രംഗത്തെത്തി. മുക്കം ഗ്രാമപഞ്ചായത്തായി തന്നെ നിലനിര്‍ത്തണമെന്ന കഴിഞ്ഞ നവംബറിലെ ഭരണസമിതിയോഗ തീരുമാനം മറികടന്നാണ് സര്‍ക്കാറിന്റെ നടപടി. മലയോര മേഖലയുടെ സിരാകേന്ദ്രമെന്ന നിലക്ക് മുക്കം അങ്ങാടി പട്ടണത്തിന്റെ പ്രൗഢി കൈവരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഗ്രാമീണത കൈവിട്ടിട്ടില്ല. മുക്കം മുനിസിപ്പല്‍ പരിധിയിലേക്കുയരുമ്പോള്‍ ഈ മേഖലകളില്‍ വലിയ സാമ്പത്തിക – സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. അറുപതിനായിരം ജനസംഖ്യയുള്ള പഞ്ചായത്തുകളാണ് മനുസിപ്പാലിറ്റിയാക്കുന്നത്. മുക്കം പഞ്ചായത്തിലെ ജനസംഖ്യ 42,000 ആണ്. ഇതിന് പുറമെ മുനിസിപ്പാലിറ്റിയാക്കിയ നടപടി കാര്‍ഷിക മേഖലയേയും കോളനികളേയും പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മുക്കത്ത് 44 പട്ടികജാതി കോളനികളും നാല് വീതം ലക്ഷംവീട് കോളനികളും നാല് സെന്റ് കോളനികളുമുണ്ട്. ആയിരത്തോളം കുടുംബങ്ങളാണ് ഇവിടങ്ങളില്‍ താമസിക്കുന്നത്. ഇവയുടെ അടിസ്ഥാന വികസനത്തിന് വന്‍തുക വകയിരുത്താന്‍ പഞ്ചായത്തുകള്‍ക്ക് സാധിക്കുമായിരുന്നു. എന്നാല്‍ ചേരി നിര്‍മാര്‍ജ്ജനമെന്ന നിലയിലുള്ള പരിഗണനയും ഫണ്ടും മാത്രമേ മുനിസിപ്പാലിറ്റിക്ക് ലഭിക്കൂ. ജനസംഖ്യ അനുസരിച്ച് മാത്രമേ കേന്ദ്രാവിഷ്‌കൃത ഫണ്ടുകളും ലഭിക്കുകയുള്ളൂ. കെട്ടിട നികുതിയിലും ടെലഫോണ്‍ ചാര്‍ജിലും വര്‍ധന ഉണ്ടാകും. ജീവനക്കാരുടെ എണ്ണം വര്‍ധിക്കുന്നതോടെ ശമ്പളവും പെന്‍ഷനുമുള്‍പ്പെടെ വന്‍ ബാധ്യതകളും വന്നുചേരും. മുക്കത്തെ മുനിസിപ്പാലിറ്റിയാക്കിയ നടപടി വികസന സാധ്യത വര്‍ധിപ്പിക്കുമെന്നാണ് മുസ്‌ലിം ലീഗ് ചൂണ്ടിക്കാണിക്കുന്നത്. വിവിധ മേഖലകളില്‍ മുക്കത്തെ പുരോഗതിയിലേക്കുയര്‍ത്താന്‍ ഉതകുന്ന തീരുമാനമെടുത്ത സംസ്ഥാന സര്‍ക്കാറിനെ ലീഗ് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. എന്നാല്‍ സി പി എമ്മും കോണ്‍ഗ്രസും ബി ജെ പിയും നിലപാട് വ്യക്തമാക്കിയിട്ടില്ല.

---- facebook comment plugin here -----

Latest