Connect with us

Malappuram

അപേക്ഷകള്‍ക്ക് പരിഹാരം തേടി ആയിരങ്ങള്‍; പുതുതായി 949 പരാതികള്‍ പരിഗണിച്ചു

Published

|

Last Updated

മലപ്പുറം: റവന്യൂ- സര്‍വെ അദാലത്തില്‍ ധനസഹായം കൈപ്പറ്റുന്നതിനും മന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കുന്നതിനുമായി ആയിരക്കണക്കിനു പേരാണ് മലപ്പുറം കലക്ടറേറ്റ് മൈതാനിയിലെത്തിയത്. രാവിലെ മുതല്‍ തന്നെ ജില്ലയിലെ വിവിധ താലൂക്കുകളില്‍ നിന്നും സ്ത്രീകളും അംഗപരിമിതരുമടങ്ങുന്ന നിരവധിപേര്‍ എത്തിത്തുടങ്ങി. 9.15 ന് ഉദ്ഘാടന പരിപാടി ആരംഭിക്കുന്നതിനു മുമ്പ് തന്നെ കലക്ടറേറ്റ് മൈതാനിയില്‍ ഒരുക്കിയ വിശാലമായ പന്തലും പരിസര പ്രദേശങ്ങളും നിറഞ്ഞിരുന്നു. പുതുതായി ലഭിച്ച 949 പരാതികളില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് സമയബന്ധിതമായി തീര്‍പ്പാക്കും.
പുതിയ പരാതിക്കാരെ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് നേരില്‍ കാണുകയും യുക്തമായ തീരുമാനമെടുത്ത് അപ്പപ്പോള്‍ അറിയിക്കുകയും ചെയ്തു. നിരവധി ചികിത്സാ സഹായ അപേക്ഷകളില്‍ തത്സമയം ധനസഹായം അനുവദിച്ച് ഉത്തരവിട്ടു. വിശ്രമത്തിന് ഇടവേള പോലും എടുക്കാതെയാണ് മന്ത്രി പൊതുജനങ്ങളുടെ പരാതി കേട്ടത്. അംഗപരിമിതര്‍, അവശര്‍, വൃദ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മന്ത്രിയെ നേരില്‍ കാണാന്‍ വേദിയിലേക്ക് കയറുന്നതിന് റവന്യൂ ഉദ്യോഗസ്ഥരും പോലീസും വൊളന്റിയര്‍മാരും സഹായം നല്‍കി.
ലാന്‍ഡ് റവന്യൂ കമ്മീഷനര്‍ എം സി മോഹന്‍ദാസ്, സര്‍വെ ഡയറക്ടര്‍ ടി മിത്ര, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ജി ജയകുമാര്‍, ജില്ലാ കലക്ടര്‍ കെ ബിജു, സബ് കലക്ടര്‍ അമിത് മീന, അസി. കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അദാലത്ത് തീരുന്നതുവരെ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അദാലത്തില്‍ പരിഗണിക്കുന്നതിന് നേരത്തെ അപേക്ഷ നല്‍കിയവര്‍ക്കുള്ള സഹായധനവും ഉത്തരവുകളും വേദിയില്‍ നിന്നും വിവിധ കൗണ്ടറുകളില്‍ നിന്നുമായി വിതരണം ചെയ്തു. ഇതിനായി 12 കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നത് നടപടികള്‍ സുഗമമാക്കി. ഏഴ് താലൂക്ക് കൗണ്ടറുകളും കലക്ടറേറ്റ്, സബ്കലക്ടര്‍, ആര്‍ ഡി ഒ കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു. കൗണ്ടറുകളില്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, അഡീഷനല്‍ തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ സേവനത്തിനുണ്ടായിരുന്നു. മൈതാനിയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച എല്‍ സി ഡി സ്‌ക്രീനുകളിലൂടെ പരിപാടി തത്സമയം വീക്ഷിക്കുന്നതിന് അവസരം ഒരുക്കിയിരുന്നു. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വീഡിയോ കവറേജ് സംവിധാനം വഴിയായിരുന്നു ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. വകുപ്പിന്റെ മീഡിയാ സെന്ററും പ്രവര്‍ത്തിച്ചിരുന്നു. റവന്യൂ വകുപ്പ് 2011 മുതല്‍ ജില്ലയില്‍ നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഫോട്ടോ പ്രദര്‍ശനവും ഒരുക്കിയിരുന്നു.

---- facebook comment plugin here -----

Latest