Connect with us

Malappuram

സോക്കര്‍ താളത്തില്‍ മഞ്ചേരി

Published

|

Last Updated

മലപ്പുറം: കാല്‍പന്തുകളിയെ അതിരറ്റ് സ്‌നേഹിക്കുന്നവരുടെ മനസ്സ് മുഴുവന്‍ ഇന്നലെ ഒഴുകിയത് പയ്യനാട്ടേക്ക്.
മഞ്ചേരിയിലെ കുന്നിന്‍ മുകളിലെ പച്ച പരവതാനിയില്‍ 22 ചുണക്കുട്ടികള്‍ പന്തിന് വേണ്ടി പോരടിക്കുമ്പോള്‍ ശ്വാസം അടക്കിപിടിച്ചിരുന്ന ഫുട്‌ബോള്‍ ആരാധകര്‍ സന്തോഷ് ട്രോഫി ചരിത്രത്തില്‍ തന്നെ സ്ഥാനം പിടിച്ചു. സന്തോഷ് ട്രോഫി ചരിത്രത്തിലെ ഫൈനല്‍ റൗണ്ടില്‍ പോലും ഈ വിധം കാണികളുടെ തള്ളികയറ്റം ഉണ്ടായില്ലെന്നാണ് വസ്തുത.
എന്നാല്‍ മേഖലാ മത്സരങ്ങള്‍ക്ക് മഞ്ചേരിയില്‍ ഇത്രയധികം കാണികള്‍ എത്തി എന്നതും ശ്രദ്ധേയമാണ്. സന്തോഷ് ട്രോഫിയിലെ മേഖലാ മത്സരങ്ങള്‍ക്ക് സൗജന്യമായാണ് കാണികള്‍ക്ക് കളി കാണാനുള്ള അവസരം നല്‍കാറ്. എന്നാല്‍ മലപ്പുറത്തെ ഫുട്‌ബോള്‍ ജ്വരവും കാണികളെ നിയന്ത്രിക്കുന്നതിനായും സ്റ്റേഡിയത്തിന്റെ തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി മാത്രമാണ് സംഘാടകര്‍ ടിക്കറ്റ് മുഖേന പ്രവേശനം നല്‍കിയത്. അത് വന്‍ വിജയമാകുകയും ചെയ്തു. മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ സ്റ്റേഡിയത്തിലേക്ക് കാണികള്‍ എത്തി കൊണ്ടിരുന്നു. മത്സരത്തിന് അര മണിക്കൂര്‍ മുമ്പെ തുടങ്ങിയ ഉദ്ഘാടന ചടങ്ങുകള്‍ ഗംഭീരമായി. ഊരകം നവോദയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ സംഗീത ശില്‍പ്പം ശ്രദ്ധേയമായി. തുടര്‍ന്ന് നടന്ന വെടിക്കെട്ടും ഉദ്ഘാടന പരിപാടികള്‍ക്ക് കൊഴുപ്പേകി. മത്സരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതോടെ കാണികളുടെ ആര്‍പ്പു വിളികള്‍ ഉയര്‍ന്നു. വാദ്യ മേളങ്ങളും ബാനറുകളുമായാണ് കാണികള്‍ മത്സരത്തിന് ആവേശം പകരാന്‍ എത്തിയത്. മത്സരത്തിലുടനീളം കേരളാ താരങ്ങളെ കയ്യടിച്ചും ആര്‍പ്പു വിളിച്ചും കാണികള്‍ പയ്യനാട്ടില്‍ ഫുട്‌ബോള്‍ ഉത്സവം തന്നെ തീര്‍ത്തു.