Connect with us

Ongoing News

മെക്കല്ലത്തിന്റെ സെഞ്ച്വറിക്ക് ദില്‍ഷന്റെ മറുപടി; ലങ്കക്ക് ജയം

Published

|

Last Updated

വെല്ലിംഗ്ടണ്‍: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ശ്രീലങ്കക്ക് ആറ് വിക്കറ്റ് ജയം. ക്യാപ്റ്റന്‍ ബ്രെന്‍ഡെന്‍ മെക്കല്ലത്തിന്റെ സെഞ്ച്വറി (117) മികവില്‍ അമ്പത് ഓവറില്‍ ന്യൂസിലാന്‍ഡ് 248 റണ്‍സടിച്ചെങ്കിലും ദില്‍ഷന്റെ സെഞ്ച്വറി (116) ശ്രീലങ്കക്ക് ജയമൊരുക്കി. 47.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്താണ് ലങ്ക ലക്ഷ്യം മറികടന്നത്.
127 പന്തില്‍ 17 ബൗണ്ടറികളുള്‍പ്പെടെയാണ് ദില്‍ഷന്‍ 116 റണ്‍സെടുത്തത്. ഓപണറായെത്തി തന്റെ പത്തൊമ്പതാം ഏകദിന സെഞ്ച്വറിയോടെ ഇന്നിംഗ്‌സിന് അടിത്തറ പാകിയ ദില്‍ഷനാണ് മാന്‍ ഓഫ് ദ മാച്ച്. കരുണരത്‌നെ (21), സങ്കക്കാര (38), ജയവര്‍ധനെ (27), ഏഞ്ചലോ മാത്യൂസ് (39 നോട്ടൗട്ട്) എന്നിവര്‍ ദില്‍ഷന് പിന്തുണ നല്‍കി. നാലാമനായാണ് ദില്‍ഷന്‍ ക്രീസ് വിട്ടത്. 45.3 ഓവറില്‍ 237 എന്ന നിലയില്‍ ലങ്ക വിജയതീരം കണ്ടു തുടങ്ങിയിരുന്നു അപ്പോഴേക്കും. പന്ത്രണ്ട് റണ്‍സകലെ വിജയം നില്‍ക്കുമ്പോഴാണ് ദില്‍ഷന്‍ ഹെന്റിയുടെ പന്തില്‍ റോഞ്ചിക്ക് ക്യാച്ചായി മടങ്ങിയത്.
നേരത്തെ ന്യൂസിലാന്‍ഡ് ഇന്നിംഗ്‌സിലും രണ്ടാം ഓപണറുടെ റോളിലെത്തിയ മെക്കല്ലത്തിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് മത്സരത്തിന് ആവേശമായത്. 99 പന്തില്‍ അഞ്ച് സിക്‌സറുകളും പന്ത്രണ്ട് ഫോറുകളും ഉള്‍പ്പടെയാണ് മെക്കല്ലം 117 റണ്‍സിലേക്ക് കുതിച്ചത്. എന്നാല്‍, മെക്കല്ലത്തിന് പിന്തുണ നല്‍കാന്‍ സഹതാരങ്ങള്‍ക്ക് സാധിക്കാതെ പോയത് കിവീസ് സ്‌കോര്‍ 248 ല്‍ ഒതുക്കി.

Latest