Connect with us

Ongoing News

പോര്‍ച്ചുഗലിന്റെ നൂറ്റാണ്ടിന്റെ താരം ക്രിസ്റ്റ്യാനോ

Published

|

Last Updated

ലിസ്ബണ്‍: പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ പോയ നൂറ്റാണ്ടിലെ ഏറ്റവും മികച്ച താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരഞ്ഞെടുക്കപ്പെട്ടു.
പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് എക്കാലത്തേയും മികച്ച താരത്തെ കണ്ടെത്തിയത്. ഇതിഹാസങ്ങളായ യുസേബിയോയും ലൂയിസ് ഫിഗോയും മൂന്ന് വട്ടം ലോകഫുട്‌ബോളറായ ക്രിസ്റ്റ്യാനോക്ക് മുന്നില്‍ പിന്തള്ളപ്പെട്ടു. വര്‍ണാഭമായ ചടങ്ങില്‍ പുരസ്‌കാരമേറ്റുവാങ്ങാന്‍ ക്ലബ്ബിലെ തിരക്കുകള്‍ കാരണം ക്രിസ്റ്റ്യാനോ എത്തിയിരുന്നില്ല. ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററും യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റീനിയും സന്നിഹിതരായിരുന്നു.
കഴിഞ്ഞ ദിവസം ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം തുടരെ രണ്ടാം തവണ ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിരുന്നു. റയല്‍മാഡ്രിഡിന് പത്താം യുവേഫ ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുക്കുന്നതില്‍ റെക്കോര്‍ഡ് ഗോള്‍ സ്‌കോററായ ക്രിസ്റ്റ്യാനോ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. പോര്‍ച്ചുഗലിനായി 118 മത്സരങ്ങളില്‍ നിന്ന് 52 ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ അവിടെയും മുന്‍പന്തിയിലാണ്. യുസേബിയോ 61 മത്സരങ്ങളില്‍ 41ഉം ലൂയിസ് ഫിഗോ 127 മത്സരങ്ങളില്‍ 32ഉം ഗോളുകളാണ് ദേശീയ ടീമിന് വേണ്ടി നേടിയത്.

Latest