Connect with us

Ongoing News

കണ്ണൂരിലെ ഇന്‍ഡോര്‍ സ്റ്റേഡിയം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

Published

|

Last Updated

കണ്ണൂര്‍; പതിനഞ്ചാമത് ദേശീയ ഗെയിംസിന് വേദിയാകുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്റ്റേഡിയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിച്ചു. കണ്ണൂരില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് വേദിയാകുന്ന മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം ഉത്സവാന്തരീക്ഷത്തിലാണ് മുഖ്യമന്ത്രി തുറന്ന് കൊടുത്തത്. കേരളത്തില്‍ ഏഴ് ജില്ലകളിലായി നടക്കുന്ന ദേശീയ ഗെയിംസ് എല്ലാവരും ഒറ്റക്കെട്ടായി ചേര്‍ന്ന് വിജയിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയം മുണ്ടയാട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് പതിനാറ് മാസം കൊണ്ടാണ്. ഇതൊരു റെക്കോര്‍ഡാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ക്യഷി മന്ത്രി കെ പി മോഹനന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമവികസന മന്ത്രി കെ സി ജോസഫ്, പി കെ ശ്രീമതി എം പി, എം എല്‍ എമാരായ എ പി അബ്ദുല്ലക്കുട്ടി, ടി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ എ സരള, ഓര്‍ഗനൈസിംഗ് സെക്രട്ടറി പി എ ഹംസ, ജില്ലാ കലക്ടര്‍ പി ബാലകിരണ്‍, മുന്‍ മന്ത്രിമാരായ കെ സുധാകരന്‍, കെ പി നൂറുദ്ധീന്‍, നഗരസഭാ ചെയര്‍പേര്‍സന്‍ റോഷ്‌നിഖാലിദ്, എളയാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി തങ്കമണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബാസ്‌ക്കറ്റ് ബോള്‍, ഗുസ്തി മത്സരങ്ങള്‍ക്കാണ് കണ്ണൂര്‍ ആതിഥ്യമരുളുന്നത്. ഗെയിംസിനായി സംസ്ഥാനത്ത് ഏറ്റവും ആദ്യം പൂര്‍ത്തിയായ സ്റ്റേഡിയമാണിത്. സംസ്ഥാന കായിക യുവജനക്ഷേമ ഡയറക്ടറേറ്റിന്റെ ഉടമസ്ഥതയിലുള്ള 16.2 ഏക്കര്‍ സ്ഥലത്താണ് 33 കോടി രൂപ ചെലവിട്ട് കൂറ്റന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഒരുങ്ങിയത്. 3000 കാണികളെ സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാനാകും. ശീതീകരണ സംവിധാനം കൂടിയായാല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാകാന്‍ മുണ്ടയാട്ടെ സ്റ്റേഡിയത്തിന് സാധിക്കും. പൂര്‍ണമായും പ്രകൃതി സൗഹൃദ ഇന്‍ഡോര്‍ സ്റ്റേഡിയമാണ് കണ്ണൂരില്‍ ഒരുങ്ങിയത്. തുറന്ന മൈതാനത്ത് കളി കാണുന്ന അതേ ആവേശത്തോടെ മത്സരങ്ങള്‍ ആസ്വദിക്കാനാവും. ഗാലറി, കളിക്കാര്‍ക്കുള്ള ഡ്രസ്സിംഗ് റൂമുകള്‍, ഒഫീഷ്യല്‍സുകള്‍ക്കുള്ള മുറികള്‍, മീഡിയാ ലോഞ്ച്, ഇന്ത്യന്‍-യൂറോപ്യന്‍ ടോയ്‌ലറ്റുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളും സ്റ്റേഡിയത്തിലെ സവിശേഷതയാണ്. സ്റ്റേഡിയത്തിനകത്തും പുറത്തും ആധുനിക ദീപ സംവിധാനങ്ങളുണ്ട്. ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ 507 മീറ്ററിലാണ് ഫ്‌ളോര്‍ മാറ്റ് വിരിച്ചിട്ടുള്ളത്. കോര്‍ട്ട് മറ്റ് പരിപാടികള്‍ക്ക് ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ കേടുപാട് സംഭവിക്കാതിരിക്കാനാണിത്. ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിലാണ് റസ്‌ലിംഗ് മത്സരങ്ങള്‍ക്കുള്ള ഗോദയും സജ്ജീകരിക്കുന്നത്. മൂന്ന് ഗോദകളിലായാണ് മത്സരം നടക്കുക.
800 ഓളം കായിക താരങ്ങളും 300ലേറെ ഓഫീഷ്യല്‍സും മറ്റ് ഭാരവാഹികളും കോച്ചുകളും അടക്കം 1400 ഓളം പേരാണ് ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് കണ്ണൂരിലെത്തുക. 1,20,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ജല ടാങ്കിന്റെയും ചുറ്റുമതിലിന്റെയും പണി നേരത്തെ തീര്‍ത്തിരുന്നു. ആയിരത്തോളം വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.