Connect with us

Kerala

കലാ കേരളം ഉണര്‍ന്നു

Published

|

Last Updated

കോഴിക്കോട്; നടനകാന്തിയുടെ കളിവിളക്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരികൊളുത്തി. കലയും സംസ്‌കാരവും ഇഴചേര്‍ന്നു കിടക്കുന്ന മലബാറിന്റെ നടുമുറ്റത്ത് കലാകേരളത്തിന്റെ ഇളമുറക്കാന്‍ കൊലുസിട്ടു. 55-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. സാംസ്‌കാരിക കൂട്ടായ്മകള്‍ക്ക് ഏറെ വേദിയായ കോഴിക്കോടിന്റെ ഹൃദയഭൂമിയില്‍ ഇനി ഒരുവാരം കൗമാരം ചിലങ്കയിട്ടാടും. കലയുടെ കൈവിളക്കുമായെത്തിയ കൗമാരത്തിന്റെ പ്രതിഭാത്വം ആട്ടമായും ആലാപനമായും വരയായും വര്‍ണനയായും ഇനി ഇവിടം വിരിഞ്ഞിറങ്ങും. നഗരത്തില്‍ വര്‍ണവിസ്മയം തീര്‍ത്ത ഘോഷയാത്രയോടെയാണ് മേളക്ക് തുടക്കമായത്.
കലാകൗമാരത്തിന്റെ ഭാവവും ഭാവനയും ഇതളിടുന്ന പതിനേഴ് വേദികളില്‍ 232 ഇനങ്ങളിലായി 11,000ത്തോളം മത്സരാര്‍ഥികളാണ് കലയുടെ നഗരിയെ തൊട്ടുണര്‍ത്തുന്നത്. ഉദ്ഘാടനത്തിന് ശേഷം പ്രധാന വേദിയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ടത്തോടെ മത്സരങ്ങള്‍ക്ക് തുടക്കമായി. രണ്ടാം വേദിയില്‍ കേരള നടനവും മൂന്നാം വേദിയില്‍ കുച്ചുപ്പുടിയും ആദ്യ ഇനമായി. വേദി എട്ടില്‍ നടന്ന വട്ടപ്പാട്ട് കാണികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.

Latest