Connect with us

Ongoing News

കരിമ്പട്ടികയിലുള്ളവര്‍ ഇത്തവണയും വിധികര്‍ത്താക്കള്‍

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കലാകേരളം കാണിക്കുന്ന താത്പര്യം സര്‍ക്കാറിനില്ല. മേളയുടെ നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട മാന്വല്‍ പരിഷ്‌കരണം എവിടെയുമെത്തിയില്ല. കലോത്സവത്തെ മെച്ചപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വിദഗ്ധ സമിതിയുണ്ടാക്കി തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ വിവിധ വിഭാഗം ആളുകളില്‍ നിന്നും തെളിവെടുപ്പ് നടത്തിയ ശിപാര്‍ശകളില്‍ ഒന്നു പോലും ഇതുവരെ നടപ്പായിട്ടില്ല. പാലക്കാട് നടന്ന കലോത്സവത്തോടനുബന്ധിച്ചാണ് മാന്വല്‍ പരിഷ്‌കരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്. ഇതിന്റെ ഭാഗമായി അന്നത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബിജുപ്രഭാകറിന്റെ നേതൃത്വത്തില്‍ കലോല്‍സവ മാന്വല്‍ പരിഷ്‌ക്കരണത്തെക്കുറിച്ച് പൊതുജനങ്ങളില്‍നിന്നുവരെ തെളിവെടുത്ത് വിശദമായ റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതിനെക്കുറിച്ച് യാതൊരു വിവരവും ഇല്ല. ബിജുപ്രഭാകര്‍ സ്ഥാനമൊഴിഞ്ഞതോടെ പരിഷ്‌കരണത്തിനായുള്ള നീക്കങ്ങളും അവസാനിച്ചു.

പാലക്കാട് നടന്ന കലോത്സവത്തിലേക്ക് ചില പ്രമുഖ എയ്ഡഡ് സ്‌കൂളുകള്‍ കൂട്ടത്തോടെ അപ്പീലുകള്‍ നേടിയെടുത്തത് ചില സംഘടനകളുടെ സഹായത്തോടെയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഒരു രാത്രി കൊണ്ട് നാല്‍പ്പതോളം അപ്പീലുകള്‍ തീര്‍പ്പാക്കിയെന്ന വിവരവും സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ചിരുന്നു.
ഒരു ജില്ലയില്‍ നിന്ന് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണത്തില്‍ പത്തു ശതമാനത്തില്‍ കൂടുതലാവരുത് അപ്പീലുകളെന്നാണ് ബിജു പ്രഭാകര്‍ ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഈ ഉത്തരവ് തിരുവനന്തപുരത്തെ ഓഫീസില്‍ നിന്ന് വൈകിക്കുകയും ആ ഇടവേളയില്‍ കൂട്ട അപ്പീലുകള്‍ അനുവദിക്കപ്പെടുകയുമായിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഇത്തരം നീക്കങ്ങള്‍ നടന്നതെന്നാണ് ആക്ഷേപമുയര്‍ന്നത്.
കഴിഞ്ഞ തവണ പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് വിജിലന്‍സ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിധികര്‍ത്താക്കള്‍ ഇത്തവണയും പാനലിലെത്തിയതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് മറികടന്നാണ് ഇവര്‍ പാലനില്‍ ഉള്‍പ്പെട്ടത്.
ജില്ലാ കലോത്സവങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിധി കര്‍ത്താക്കളെ തിരിച്ചെടുത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ സമ്മര്‍ദമാണ് ഇതിന് പിന്നിലെല്ലാം ആരോപിക്കപ്പെടുന്നത്.
മേളയിലെ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കുക എന്നതായിരുന്നു പരിഷ്‌ക്കരണം കൊണ്ട് ഉദ്ദേശിച്ചിരുന്നത്. ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് ഒന്നും ഒളിക്കാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദഗ്ധരെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തി ഓപ്പണ്‍ ഫോറം ഉള്‍പ്പെടെ നടത്തിയത്. എന്നാല്‍ പിന്നീട് എല്ലാം ഒളിപ്പിക്കുകയോ അട്ടിമറിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യമാണ് ഉണ്ടായത്.

 

Latest