Connect with us

National

ഗുജറാത്തിലെ ഭാരൂച്ചില്‍ സംഘര്‍ഷം: രണ്ട് മരണം

Published

|

Last Updated

അഹ്മദാബാദ്: ഗുജറാത്തില്‍ ഭാരൂച്ച് നഗരത്തിലെ ഹന്‍സോടില്‍ ഇരുവിഭാഗം തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പത്ത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സായുധ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മകരസംക്രാന്തി ആഘോഷവേളയില്‍ പറപ്പിച്ച പട്ടം പിടിക്കാന്‍ ശ്രമിച്ചതിന് ന്യൂനപക്ഷ സമുദായത്തിലെ ചെറിയ കുട്ടിയെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് അംബേട എന്ന ഗ്രാമത്തില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്നിത് ഹന്‍സോടിലേക്ക് പടരുകയായിരുന്നു. ആരാധനാലയങ്ങളും ഷോപ്പുകളും ആക്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും കൂടുതല്‍ സേനയെ എത്തിച്ചിട്ടുണ്ടെന്നും ഭാരൂച്ച് പോലീസ് സൂപ്രണ്ട് ബിപിന്‍ അഹിരെ അറിയിച്ചു. ജനക്കൂട്ടം കല്ലേറ് നടത്തുകയും ചില കടകള്‍ തീവെക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടതില്‍ 16 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അക്രമം, കലാപം, കൊലപാതക ശ്രമം, സ്വത്ത് നശിപ്പിക്കുക എന്നീ കുറ്റങ്ങളില്‍ 150ലേറെ പേര്‍ക്കെതിരെ നാല് എഫ് ഐ ആറുകള്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസിന്റെ സമയോചിത ഇടപെടല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കി.
മൂന്ന് പേര്‍ മരിച്ചെന്നാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നെന്നും ഒരാള്‍ ജീവിച്ചിരിപ്പുണ്ടെന്നും എസ് പി അറിയിച്ചു. ഇയാള്‍ ഗുരുതരാവസ്ഥയിലാണ്. സംഭവത്തെ തുടര്‍ന്ന് ഹന്‍സോടില്‍ സുരക്ഷ ശക്തമാക്കി. ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് കലാപ ശ്രമം ഉണ്ടാകാതിരിക്കാന്‍ ജില്ലയില്‍ ഇന്റര്‍നെറ്റ് സര്‍വീസ് നിശ്ചലമാക്കിയിട്ടുണ്ട്. സ്‌കൂളുകളും കോളജുകളും അടക്കാന്‍ നിര്‍ദേശം നല്‍കി.
അതേ സമയം, മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ മരിച്ചവരുടെ ബന്ധുക്കള്‍ ഇന്നലെ രാവിലെ വരെ നിരസിച്ചിരുന്നു. പോലീസ് ഇടപെടലിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റെടുത്തിട്ടുണ്ട്.

Latest