Connect with us

National

കിരണ്‍ ബേദി ബി ജെ പിയില്‍; കെജ്‌രിവാളിനെതിരെ മത്സരിച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ ഐ പി എസ് ഓഫീസറും എ എ പി നേതാവുമായിരുന്ന കിരണ്‍ ബേദി ബി ജെ പിയില്‍ ചേര്‍ന്നു. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, ഹര്‍ഷവര്‍ധന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കിരണ്‍ ബേദി ബി ജെ പി അംഗത്വം സ്വീകരിച്ചത്.
കിരണ്‍ ബേദി ബി ജെ പിയുടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്നാണ് സൂചന. എന്നാല്‍, കിരണ്‍ ബേദി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമോ എന്നതും എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിക്കുമോയെന്നും വെളിപ്പെടുത്താന്‍ അമിത് ഷാ തയ്യാറായില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ചേരുന്ന പാര്‍ലിമെന്ററി പാര്‍ട്ടി യോഗമാകും ഇത്തരം കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുകയെന്ന് ഷാ പറഞ്ഞു.
അന്നാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭകരില്‍ മുന്‍നിരക്കാരിലൊരാളായിരുന്നു കിരണ്‍ ബേദി. പാര്‍ട്ടി അംഗത്വമെടുക്കുന്നതിന് മുമ്പ് അമിത് ഷാക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡല്‍ഹിയില്‍ സുസ്ഥിരവും ശക്തവും അഴിമതിമുക്തവുമായ സര്‍ക്കാര്‍ ആവശ്യമാണെന്നും തന്റെ സമയവും ഊര്‍ജവും ഡല്‍ഹിയെ ലോകനിലവാരമുള്ള തലസ്ഥാനമാക്കി ഉയര്‍ത്തുന്നതിന് വേണ്ടി ഉപയോഗിക്കുമെന്നും അംഗത്വമെടുത്ത ശേഷം കിരണ്‍ ബേദി പറഞ്ഞു.

 

Latest