Connect with us

International

ബോക്കോ ഹറാം ആക്രമണത്തിന്റെ ഭീകരത വെളിവാക്കി ആംനസ്റ്റി

Published

|

Last Updated

അബുജ: കഴിഞ്ഞ ആഴ്ച നൈജീരിയയിലെ രണ്ട് പട്ടണങ്ങളില്‍ ബോക്കോഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന്റെ ഭീകരത വെളിവാക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ആംനസ്റ്റി ഇന്റര്‍നാഷനല്‍ പുറത്തുവിട്ടു. വടക്കന്‍ നൈജീരിയയിലെ ബാഗാ, ദോറോ ഗോവേണ്‍ പട്ടണങ്ങളില്‍ ആക്രമണം നടക്കുന്നതിന് മുമ്പും ശേഷവുമുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഇതു പ്രകാരം 3700 കെട്ടിടങ്ങളാണ് പൂര്‍ണമായി തകര്‍ക്കപ്പെട്ടത്. തൊട്ടടുത്ത പട്ടണങ്ങളിലും ഗ്രാമങ്ങളിലും തീവ്രവാദികള്‍ അഴിഞ്ഞാടിയെന്നും ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു. ക്രൂരമായ അതിക്രമങ്ങളാണ് ഈ പട്ടണങ്ങളില്‍ നടന്നത്. പുറം ലോകവുമായുള്ള എല്ലാ ബന്ധങ്ങളും തടഞ്ഞുകൊണ്ടായിരുന്നു ആക്രമണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ നൈജീരിയന്‍ പ്രതിനിധി ഡാനിയല്‍ ഐര്‍ പറഞ്ഞു.
നൂറ് കണക്കിന് സിവിലിയന്‍മാരെ കൊന്നു തള്ളിയതിന്റെ സാക്ഷ്യങ്ങളാണ് അവിടെനിന്നുള്ളവരുമായി സംസാരിച്ചതില്‍ നിന്ന് വ്യക്തമായത്. മനുഷ്യാവകാശ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ആംനസ്റ്റി ഇന്റര്‍വ്യൂ ചെയ്യുന്നുണ്ട്. ജനുവരി മൂന്നിന് തുടങ്ങിയ ആക്രമണത്തില്‍ സ്‌കൂളുകളും വീടുകളും ക്ലിനിക്കുകളും അഗ്നിക്കിരയാക്കിയെന്നും ആംനസ്റ്റി ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. “എന്റെ ഗ്രാമത്തില്‍ എത്തിയ തീവ്രവാദികള്‍ നിരവധി പേരെ വധിച്ചു. കൊല്ലപ്പെടുമെന്നായപ്പോള്‍ ഞാന്‍ ഓടി ഒരു കുറ്റിക്കാട്ടില്‍ ഒളിച്ചു. അവിടെ നിന്ന് ഞാന്‍ കണ്ടത് നൂറോളം മനുഷ്യരെ കൊല്ലുന്നതാണ്. പിന്നീട് അവരെന്നെ പിടികൂടി. നാല് ദിവസം തടവിലിട്ട് പീഡിപ്പിച്ച ശേഷമാണ് വിട്ടയച്ചത്”- അമ്പതുകാരനായ ദൃക്‌സാക്ഷി ആംനസ്റ്റി സംഘത്തോട് പറഞ്ഞു.

Latest