Connect with us

Editorial

താരങ്ങളെ വരവേല്‍ക്കാന്‍ തകര്‍ന്ന റോഡുകള്‍

Published

|

Last Updated

സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത് സംസ്ഥാനത്തെ റോഡുകളെയാണ്. പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞു കാല്‍നടയാത്ര പോലും ദുഷ്‌കരമാണ് മിക്ക റോഡുകളിലും. സാധാരണ കാലവര്‍ഷത്തില്‍ തകരുന്ന റോഡുകള്‍ മഴക്കാലം പിന്നിടുന്നതോടെ അറ്റകുറ്റ പണികള്‍ നടത്താറുണ്ട്. ഇത്തവണ മഴ ഒഴിഞ്ഞു മാസങ്ങളായിട്ടും മിക്ക പ്രദേശങ്ങളിലും റോഡ് പണി തുടങ്ങിയിട്ടില്ല. പണി നടക്കുന്നിടങ്ങളില്‍ തന്നെ അത് കുഴിയടയ്ക്കലില്‍ ഒതുങ്ങുകയും ചെയ്യുന്നു. ധനകാര്യവകുപ്പിന്റെ കടുത്ത നിയന്ത്രണവും ടാറിന്റെ ലഭ്യതക്കുറവുമാണ് പണിക്ക് തടസ്സം. മരാമത്ത് പണികള്‍ക്കായി അനുവദിക്കുന്ന ടാര്‍ ദുരുപയോഗം ചെയ്യുന്നതായി വ്യാപകമായ പരാതി ഉയര്‍ന്നതിനാല്‍ അഞ്ച് ലക്ഷം രൂപയില്‍ താഴെ നിര്‍മാണച്ചെലവ് വരുന്ന ജോലികള്‍ക്കു മാത്രം ടാര്‍ അനുവദിച്ചാല്‍ മതിയെന്നാണ് ധനകാര്യ വകുപ്പിന്റെ നിര്‍ദേശം. സര്‍ക്കാറിന് ടാറ് നല്‍കുന്ന ബി പി സി എല്‍ കമ്പനിക്ക് വന്‍കുടിശ്ശിക വരുത്തിയതിനാല്‍ അവര്‍ വിതരണം നിര്‍ത്തിവെച്ചിരിക്കുകയുമാണ്. കുടിശ്ശിക നല്‍കാതെ ഇനി ടാര്‍ നല്‍കില്ലെന്നാണ് കമ്പനിയുടെ നിലപാട്.
ദേശീയ ഗെയിംസിന്റെ മുന്നോടിയായി സംസ്ഥാനത്തെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചതാണ്. ഗെയിംസ് വിളിപ്പാടകലെയെത്തിയിട്ടും അവയുടെ പണിയും പാതിവഴിയിലാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെ സാഹസിക യാത്രനടത്തി വേണം ദേശീയ സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് വേദികളിലെത്താന്‍.
ഓരോ കാലവര്‍ഷവും പിന്നിടുന്നതോടെ കേരളത്തിലെ റോഡുകള്‍ സഞ്ചാരയോഗ്യമല്ലാത്തവിധം തകരുകയും അറ്റകുറ്റപ്പണികള്‍ക്ക് വന്‍ തുക ചെലവിടേണ്ടിവരികയുമാണ്. മറ്റു സംസ്ഥാനങ്ങളിലൊന്നും അനുഭവപ്പെടാത്ത ഈ സ്ഥിതിവിശേഷത്തിന് അധികൃതര്‍ മഴയെ പഴിച്ചു കൈകഴുകാറാണ് പതിവ്. ഇതിലുപരി നിര്‍മാണത്തിലെ അശാസ്ത്രീയതയും പദ്ധതികളിലെ ദീര്‍ഘവീക്ഷണമില്ലായ്മയും അഴിമതിയുമാണ് കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥക്ക് കാരണം. ഫണ്ട് അനുവദിക്കുന്നത് മുതല്‍ റോഡ് പണി അവസാനിക്കുന്നത് വരെയുള്ള മുഴുവന്‍ കാര്യങ്ങളിലും ആസൂത്രണമില്ലായ്മയും പിടിപ്പുകേടും പ്രകടമാണ്. വര്‍ഷത്തില്‍ പകുതിയോളം മഴ വര്‍ഷിക്കുന്ന സംസ്ഥാനത്ത് റോഡുകളില്‍ വെളളം ഒഴുകിപ്പോകാനുള്ള സംവിധാനം അനിവാര്യമാണെങ്കിലും മിക്ക റോഡുകളിലും ഓവുചാലുകളില്ല. വെളളം കെട്ടി നില്‍ക്കുമ്പോള്‍ റോഡ് പെട്ടെന്ന് തകരുന്നു. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായി പണികളില്‍ വന്‍ ക്രമക്കേടുകളും അരങ്ങേറുന്നു. അനുവദിക്കുന്നതിന്റെ പകുതി തുക പോലും റോഡ് പ്രവൃത്തികള്‍ക്ക് പലപ്പോഴും ചെലവഴിക്കുന്നില്ല. ഇതിന്റെ നല്ലൊരു ഭാഗവും ഉദ്യോഗസ്ഥ തലത്തിലും പാര്‍ട്ടി കേന്ദ്രങ്ങളിലുമാണ് എത്തിച്ചേരുന്നത്. ഒരു തരം കാട്ടിക്കൂട്ടലല്ലാതെ സംസ്ഥാനത്തെ റോഡ്പണികള്‍ നിയമപ്രകാരം നിര്‍വഹിക്കുന്ന കരാറുകാരും ജോലിയില്‍ ഉത്തരവാദിത്വബോധം കാണിക്കുന്ന എന്‍ജിനീയര്‍മാരും വളരെ കുറവാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ റോഡുകളുള്ളത് കേരളത്തിലാണ്. 2012-13ലെ കണക്കനുസരിച്ച് 2,43,373 കിലോമീറ്ററാണ് സംസ്ഥാനത്തെ റോഡുകളുടെ നീളം. റോഡിന്റെ ദേശീയ സാന്ദ്രത 100 ചതുരശ്രകിലോമീറ്ററിന് 142 കിലോമീറ്ററാണെങ്കില്‍ സംസ്ഥാനത്ത് 626 കിലോമീറ്ററാണ്- ദേശീയ റോഡ് സാന്ദ്രതയുടെ നാല് ഇരട്ടിയിലധികം. എന്നിട്ടും സംസ്ഥാനത്തെ റോഡുകളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലധികം വാഹനങ്ങളും ഓടുന്നു. 2013ലെ കണക്ക് പ്രകാരം 80,48,673 വാഹനങ്ങളുണ്ട് സംസ്ഥാനത്ത്. മൊത്തം വീടുകളുടെ എണ്ണം 60 ലക്ഷവും. ആകെ വീടുകളുടെ എണ്ണത്തെക്കാള്‍ 20 ലക്ഷം വാഹനങ്ങള്‍ അധികം. അതേസമയം റോഡുകളുടെ ഗുണനിലവാരത്തില്‍ നാം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ പിന്നിലുമാണ്.
കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഗ്രാമീണറോഡ് വികസന പദ്ധതി പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിലും കടുത്ത ഉദാസീനതയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത്. അടുത്തിടെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ റോഡ് പദ്ധതികള്‍ കേന്ദ്ര ഉദ്യോഗസ്ഥ സംഘം അവലോകനം ചെയ്തപ്പോള്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പ്രവൃത്തികള്‍ മന്ദഗതിയിലാണെന്നാണ് കണ്ടത്. പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ പകുതി പോലും സംസ്ഥാനത്ത് പൂര്‍ത്തിയായിട്ടില്ല. ഒന്നാംഘട്ടത്തില്‍ ലഭിച്ച 2923 കി. മീറ്റര്‍ റോഡില്‍ ഏതാണ്ട് 1300 കി.മീറ്ററേ പൂര്‍ത്തിയായുള്ളൂ. മറ്റു പല സംസ്ഥാനങ്ങളിലും രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഒന്നാംഘട്ടത്തില്‍ അനുമതി നല്‍കിയ എല്ലാ പ്രവൃത്തികളും തുടങ്ങിയാലേ രണ്ടാംഘട്ടത്തിനുള്ള കേന്ദ്ര സഹായം ലഭിക്കുകയുള്ളൂ.
വാഹനനികുതി ഇനത്തില്‍ ഗണ്യമായ തുക ഓരോ വര്‍ഷവും പൊതുഖജനാവിലെത്തുന്നുണ്ട്. ഇതിന്റെ ഒരു നിശ്ചിത വിഹിതം കൃത്യമായി റോഡ്‌നിര്‍മാണത്തിനും അറ്റകുറ്റ പണികള്‍ക്കും മാറ്റി വെക്കുകയും, റോഡ് നിര്‍മാണത്തിലെ ക്രമക്കേടുകള്‍ നിരീക്ഷിക്കാനുള്ള സംവിധാനം കാര്യക്ഷമമാക്കുകയും ചെയ്താല്‍ സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയും, പുതിയ റോഡുകള്‍ മാസങ്ങള്‍ക്കകം തകരുന്ന സ്ഥിതിവിശേഷവും ഏറെക്കുറെ പരിഹരിക്കാനാകും.