Connect with us

Ongoing News

'മതേതര വിശ്വാസികള്‍ക്ക് നല്ല വാര്‍ത്തകള്‍ വരാനുണ്ട്'

Published

|

Last Updated

സോഷ്യലിസ്റ്റ് കക്ഷികളുടെ മതേതര ചേരി എന്ന ആശയവുമായി മുന്നോട്ടു പോകുന്ന മുന്‍ പ്രാധനമന്ത്രി ദേവഗൗഡയുമായി സിറാജ് ലേഖകന്‍ ശരീഫ് പാലോളി നടത്തിയ അഭിമുഖത്തിന്റെ പ്രധാന ഭാഗങ്ങള്‍.

രാജ്യത്തിന്റെ മതേതര ഭാവിയെക്കുറിച്ച് വലിയ ആശങ്കകള്‍ ഉയര്‍ന്നുവരുന്നുണ്ട്. എങ്ങനെ കാണുന്നു?
രാജ്യത്ത് മുമ്പെങ്ങുമില്ലാത്ത വിധം വര്‍ഗീയ ധ്രുവീകരണം അപകടകരമായ അവസ്ഥയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യ ഇതുവരെ നേരിടാത്ത ഭീകരമായ സാഹചര്യമാണിത്. ലോകജനതക്ക് മുന്നില്‍ ഇന്ത്യയുടെ അഭിമാനമായി ഉയര്‍ന്നു നില്‍ക്കുന്ന മതനിരപേക്ഷത കടുത്ത വെല്ലുവിളി നേരിടുകയാണ്. ഫാസിസം അതിന്റെ എല്ലാ അര്‍ഥത്തിലും പിടിമുറുക്കുന്നു. രാജ്യത്തിന്റെ ഐക്യവും മതേതര മൂല്യവും കാത്തുസൂക്ഷിക്കുകയും അപകടകരമായ നീക്കങ്ങളെ ചെറുക്കുകയും ചെയ്യേണ്ട ഭരണകൂടം തന്നെ ഇതിനെല്ലാം സഹായകരമായ നിലപാട് സ്വീകരിക്കുന്നു എന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്. സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന ഇടപെടലുകള്‍ പ്രത്യക്ഷമായും പരോക്ഷമായും ഭരണകൂടത്തില്‍ നിന്നുണ്ടാകുന്നു. ഇതിന് പിന്നില്‍ വര്‍ഗീയവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങളുണ്ട്. ഇത് നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ വരാനിരിക്കുന്നത് സ്വയം വിഭജിക്കപ്പെടുന്ന രാജ്യത്തെയായിരിക്കും. ന്യൂനപക്ഷങ്ങളും ദളിതുകളും ഭയപ്പാടോടെയാണ് കഴിയുന്നത്. ഇതിനെതിരെ വലിയ തരത്തിലുള്ള ഐക്യനിര രൂപപ്പെടേണ്ടതുണ്ട്. ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തുണ്ടായ വര്‍ഗീയമായ ചേരിതിരിവുകള്‍ക്കെതിരെ രാജ്യത്തിന് പുറത്തു നിന്നുപോലും ആശങ്കയുയര്‍ന്നത് ഭരണകൂടത്തിന്റെ വിശ്വാസ്യത തകര്‍ത്തിട്ടുണ്ട്. മതപരിവര്‍ത്തന മേളകളും ചില നേതാക്കളുടെ വര്‍ഗീയമായ ആഹ്വാനവും ഭീതിപ്പെടുത്തുന്നതാണ്.
സോഷ്യലിസ്റ്റ് കക്ഷികളുടെ മതേതര ചേരിയില്‍ ഈ സാഹചര്യത്തില്‍ എത്രത്തോളം പ്രതീക്ഷയര്‍പ്പിക്കാം?
ഇത്തരമൊരു ആശയത്തിന് മാത്രമേ ഇനി രാജ്യത്ത് നിലനില്‍പ്പുള്ളൂ. ഭിന്നതകള്‍ മറന്ന് മതേതര കക്ഷികളും മതേതര വാദികളും യോജിക്കാതെ ഇനി രാജ്യത്തിന് രക്ഷപ്പെടാനാകില്ല. അത്രയും അപകടകരമായ സാഹചര്യത്തിലേക്കാണ് രാജ്യം കടന്നുപോകുന്നത്. അഞ്ച് സോഷ്യലിസ്റ്റ് കക്ഷികളുടെ കൂട്ടായ്മയാണ് നിലവില്‍ ഇത്തരം ആലോചനയുമായി മുന്നോട്ട് പോകുന്നത്. എന്നാല്‍ അടുത്ത നാളുകളില്‍ എന്‍ ഡി എക്കൊപ്പവും യു പി എക്കൊപ്പവുമുള്ള ചില കക്ഷികള്‍ പോലും രാജ്യതാത്പര്യം മാനിച്ചു കൊണ്ടു മതേതര ചേരിക്കൊപ്പം അണിനിരക്കും. ഇതിനായുള്ള നീക്കങ്ങളും നടന്നു കൊണ്ടിരിക്കുന്നു. സോഷ്യലിസ്റ്റ് കക്ഷികളുടെ ജനപ്രതിനിധി സഭകളിലെ അംഗബലം കുറവായിരിക്കാം. എന്നാല്‍ ഈ എണ്ണം നോക്കി ഈ ചേരിയെ ചെറുതായി കാണരുത്. രാജ്യത്തെ ജനങ്ങള്‍ വലിയ പ്രതീക്ഷയാണ് ജനതാപരിവാറിന് നല്‍കുന്നത്. ഫെബ്രുവരി അവസാനത്തോടെ നല്ല വാര്‍ത്തകള്‍ മതേതരവാദികള്‍ക്ക് കേള്‍ക്കാന്‍ സാധിക്കും.
സംസ്ഥാനങ്ങളില്‍ ജനതാപരിവാര്‍ പരീക്ഷണം എത്ര കണ്ട് വിജയിക്കും?
സോഷ്യലിസ്റ്റ് കക്ഷികള്‍ക്ക് പുറമെ ചില പ്രാദേശിക പാര്‍ട്ടികളും മതേതര ചേരിക്കൊപ്പം അണിനിരക്കും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ജനതാ പരിവാറിനെതിരെ മുലായം സിംഗ് യാദവ് രംഗത്തെത്തി എന്ന വാര്‍ത്തകള്‍ ശരിയല്ല. ബിഹാറിലെ സഖ്യ സാധ്യതകളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായി ജെ ഡി യു നേതാക്കള്‍ ചര്‍ച്ച നടത്തി എന്ന വാര്‍ത്തകളുടെ സാഹചര്യത്തില്‍ അദ്ദേഹം നടത്തിയ പ്രസ്താവന തെറ്റിദ്ധാരണക്കിടയാക്കിയതാണ്. അഖിലേന്ത്യാതലത്തില്‍ സഖ്യം യാഥാര്‍ഥ്യമായാലും കേരളത്തില്‍ ജനതാദള്‍ ഇടതുമുന്നണിക്കൊപ്പം ഉറച്ചുനില്‍ക്കും. ബി ജെ പിക്കും കോണ്‍ഗ്രസിനുമെതിരായി രൂപപ്പെടുന്ന ചേരിയില്‍ കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പമുള്ള സോഷ്യലിസ്റ്റ് ജനത ലയിച്ചതില്‍ ഒരു പ്രസക്തിയും കാണുന്നില്ല.
പ്രധാനമന്ത്രിയുടെ വികസന നയത്തെ എങ്ങനെയാണ് കാണുന്നത്?
അങ്ങനെയൊന്നില്ല. ഒരു വ്യക്തിക്കും സ്വന്തമായി ഒന്നും ചെയ്യാനാകില്ല. കൂട്ടായ്മയാണ് പ്രധാനം. പിന്നെ മോദിയുടെ വികസനമെന്നത് എവിടെ നിന്നൊക്കെയോ പ്രചരിപ്പിക്കപ്പെട്ടതാണ്. ഈ പ്രചാരണം മോദിയുടെ കൂടി താത്പര്യത്തിന്റെ ഭാഗമാണ്. മോദി ചലിക്കുന്നതും സംസാരിക്കുന്നതുമെല്ലാം കോര്‍പറേറ്റുകളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചാണ്. ഇതില്‍ നിന്നു തന്നെ ഈ പ്രചാരണത്തിന്റെ ഉറവിടം കണ്ടെത്താനാകും. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കാന്‍ മോദിക്കാവില്ല. കോര്‍പറേറ്റുകള്‍ അതിന് അനുവദിക്കില്ല. ബി ജെ പിയുടെ പ്രധാനമന്ത്രി എന്നതിനപ്പുറം കോര്‍പറേറ്റുകളുടെ പ്രധാനമന്ത്രിയാണ് മോദി. പാര്‍ട്ടി പറയുന്നതല്ല അവര്‍ പറയുന്നതാണ് മോദി നടപ്പിലാക്കുക. കോണ്‍ഗ്രസിനും ബി ജെ പിക്കും ഒരേ സാമ്പത്തിക നയമാണുള്ളത്. കോര്‍പറേറ്റ് ഇടപെടലുകള്‍ക്കൊപ്പം ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയവും ഒത്തുചേരുമ്പോള്‍ അത് ഭീകരമാകുന്നു. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ പ്രധാനമന്ത്രി കൈകടത്തുന്നു എന്ന ആക്ഷേപം വിവിധ കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. ഇതിന് പിന്നിലും വലിയ ലക്ഷ്യങ്ങളുണ്ട്. ഇതും സമ്പന്നവര്‍ഗ താത്പര്യത്തിന്റെ ഭാഗമാണ്.
പുതിയ രാഷ്ട്രീയ സാഹചര്യം എങ്ങനെയാണ് വിലയിരുത്തുന്നത്?
കോണ്‍ഗ്രസ് ദയനീയമായി പിറകോട്ടടിക്കുന്നതാണ് കാണുന്നത്. വളരെ പെട്ടെന്ന് അവര്‍ക്ക് മുന്നോട്ടുവരാനാകില്ല. രണ്ടാം യു പി എ സര്‍ക്കാറിന്റെ അവസാന നാളുകള്‍ ജനങ്ങള്‍ മറക്കുന്നതോടെ മാത്രമേ കോണ്‍ഗ്രസിന് ഇനി രക്ഷപ്പെടാനാകൂ. ബി ജെ പിയില്‍ വിശ്വസിച്ച ജനങ്ങളുടെ പ്രതീക്ഷകള്‍ പോലും സംരക്ഷിക്കാന്‍ അവര്‍ക്കും കഴിഞ്ഞിട്ടില്ല. ന്യൂനപക്ഷ ജനവിഭാഗങ്ങളെ സ്വാധീനിക്കാന്‍ അവര്‍ ഒരുക്കിയ തന്ത്രങ്ങള്‍ വിജയിച്ചതുമില്ല. മതപരിവര്‍ത്തന മേളകള്‍ ഉള്‍പ്പെടെയുള്ളവ അവരെ ബി ജെ പിയില്‍ നിന്ന് അകറ്റുകയും ചെയ്യും. ഇവിടെയാണ് ചിതറി നില്‍ക്കുന്ന മതേതര കക്ഷികള്‍ക്ക് സാധ്യതയുള്ളത്. അതിന്റെ തുടക്കമാണ് ജനതാപരിവാര്‍.