Connect with us

Ongoing News

ഘോഷമായി കാഴ്ചയുടെ വിസ്മയം

Published

|

Last Updated

കോഴിക്കോട്: എല്ലാമുണ്ടായിരുന്നു ഘോഷയാത്രയില്‍. നിരത്തുകള്‍ക്കിരുവശവും നിറഞ്ഞുനിന്നവര്‍ ഹര്‍ഷാരവം മുഴക്കിയ രണ്ടര മണിക്കൂര്‍. കാഴ്ചയുടെ വിസ്മയം തീര്‍ത്ത് ഒഴുകിയ ഘോഷയാത്ര കാഴ്ചയുടെ നിറവ് കൊണ്ടും ദൃശ്യഭംഗിയിലെ മിഴിവ് കൊണ്ടും നഗരത്തിന്റെ ഉത്സവമായി.
കോഴിക്കോട് കടപ്പുറത്ത് നിന്ന് വൈകുന്നേരം മൂന്നരയോടെയാണ് ഘോഷയാത്രക്ക് തുടക്കമായത്. വര്‍ണ വിസ്മയങ്ങള്‍ക്കും വാദ്യമേളങ്ങള്‍ക്കുമൊപ്പം മലാല യൂസുഫ് സായിയുടെ വിദ്യാഭ്യാസ പോരാട്ടത്തിന്റെ നേര്‍മുഖവും പെഷാവറിലെ കൂട്ടക്കുരുതിയുടെ നിശ്ചല ദൃശ്യവും കാണികളുടെ ഹൃദയത്തില്‍ തട്ടുന്നതായി. നഗരപരിധിയിലെ 50 സ്‌കൂളുകളില്‍ നിന്നായി 6000ത്തോളം വിദ്യാര്‍ഥികളാണ് അണിനിരന്നത്. പോലീസ് വാഹനങ്ങള്‍ക്ക് പിറകിലായി റോളര്‍ സ്‌കേറ്റിംഗ് താരങ്ങളായിരുന്നു ആദ്യമെത്തിയത്. പിന്നീട് ചെണ്ടമേളവും അതിന് പിറകിലായി അമ്പത്തിയഞ്ചാമത് കലോത്സവത്തിന്റെ ബാനറുമായി പ്രമുഖരും അണിനിരന്നു. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബ്, മന്ത്രി ഡോ. എം കെ മുനീര്‍, മേയര്‍ പ്രൊഫ. എ കെ പ്രേമജം, എം കെ രാഘവന്‍ എം പി തുടങ്ങിയവരായിരുന്നു മുന്‍നിരയില്‍.
കരാട്ടെയും കളരിപ്പയറ്റും തിരുവാതിരക്കളിയും ഒപ്പനയും അറബനമുട്ടും കോല്‍ക്കളിയും ബാന്റ്‌മേളവുമെല്ലാം ലൈവായി അവതരിപ്പിക്കപ്പെട്ടതോടെ കാണികള്‍ പലപ്പോഴും നിയന്ത്രണം വിട്ടു. തെയ്യവും കാവടിയാട്ടവും പാണ്ടിമേളവും പഞ്ചാബി ഡാന്‍സും വെള്ളക്കുതിരയെ പൂട്ടിയ വണ്ടിയും ഷാജി കല്ലായിയുടെ ഡ്രം സോളോയുമെല്ലാം കാഴ്ചക്ക് ഇമ്പമേകി.
കോഴിക്കോടന്‍ ഹല്‍വ വാങ്ങാനെത്തുന്ന വിദേശികള്‍, കാപ്പാട് കപ്പലിറങ്ങിയ വാസ്‌കോഡി ഗാമയും സ്വീകരിക്കുന്ന സാമൂതിരിയും രേവതിപട്ടത്താന സദസ്സില്‍ പണക്കിഴി നല്‍കുന്ന സാമൂതിരി തുടങ്ങിയ ദൃശ്യങ്ങളെല്ലാം ഒന്നിനൊന്ന് മികവുറ്റതായിരുന്നു. ജെ ആര്‍ സി, ഫെസ്റ്റ് ഫോഴ്‌സ്, സ്മാര്‍ട്ട് ബ്രിഗേഡ്, എന്‍ സി സി കേഡറ്റുകള്‍ എന്നിവയെല്ലാം ഘോഷയാത്രക്ക് നിറം പകര്‍ന്നു. യാത്ര നീങ്ങിയ വഴികളിലെല്ലാം ആയിരങ്ങളാണ് കാണികളായെത്തിയത്. സി എച്ച് ഓവര്‍ബ്രിഡ്ജ്, മാനാഞ്ചിറ, ഹെഡ്‌പോസ്റ്റ് ഓഫീസ് പരിസരം വഴി രണ്ട് മണിക്കൂറോളമെടുത്താണ് ഘോഷയാത്ര മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലെ പ്രധാന വേദിക്കരികിലെത്തിയത്.