Connect with us

Gulf

അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ വിദ്യാലയത്തിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍

Published

|

Last Updated

ഷാര്‍ജ: നിശ്ചയിച്ചതിലുമധികം ഫീസ് ഈടാക്കുന്ന സ്വകാര്യ വിദ്യാലയത്തിനെതിരെ വിദ്യാഭ്യാസ കൗണ്‍സിലിന്റെ മുമ്പില്‍ പരാതിയുമായി രക്ഷിതാക്കള്‍. ഷാര്‍ജയില്‍ ബ്രിട്ടീഷ് കരിക്കുലം പിന്തുടരുന്ന സ്വകാര്യ സ്‌കൂളിലാണ് അധികൃതര്‍ അനുവദിച്ചതിലും അധികം വന്‍തുക ഫീസ് ഈടാക്കുന്നതായി രക്ഷിതാക്കള്‍ പരാതിപ്പെട്ടത്.
നടപ്പു വിദ്യാഭ്യാസ വര്‍ഷം സ്‌കൂള്‍ മാനേജ്‌മെന്റ് നിശ്ചയിച്ചതിലും സ്വകാര്യ വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ചതിലും 6,000 ദിര്‍ഹം വരെ അധിക ഫീസ് ഈടാക്കുന്നുവെന്ന് അധികൃതര്‍ക്ക് ലഭിച്ച പരാതിയില്‍ പറയുന്നു. വിവിധ പേരുകളില്‍ ഈടാക്കുന്ന മറ്റു സംഖ്യകള്‍ക്കു പുറമെയാണിതെന്നും രക്ഷിതാക്കള്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതിയനുസരിച്ച് അന്വേഷണം നടത്തി നിയമ ലംഘകര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് സ്വകാര്യ വിദ്യാഭ്യാസ കൗണ്‍സില്‍ പരാതിക്കാര്‍ക്ക് ഉറപ്പുനല്‍കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വീട്ടുവാടകയിലും മറ്റു ജീവിതച്ചിലവുകളിലും അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധനവുകള്‍ തന്നെ താങ്ങാനാവാതെ ബുദ്ധിമുട്ടുന്ന രക്ഷിതാക്കള്‍ക്ക് തികച്ചും ഇരുട്ടടിയാണ് ഈ അനധികൃത ഫീസു വര്‍ധന. സ്‌കൂളിന്റെ നിലവാരങ്ങളും സൗകര്യങ്ങളും പരിഗണിച്ചാണ് ഓരോ സ്ഥാപനത്തിനും ഫീസ് നിശ്ചയിച്ചു നല്‍കുന്നത്.
ഇതിനപ്പുറം വിദ്യാഭ്യാസത്തെ കച്ചവട വത്കരിക്കുന്ന രീതിയില്‍ പെരുമാറുന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്നും പരാതി ശ്രദ്ധയില്‍പ്പെട്ട വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രമുഖ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Latest