Connect with us

Gulf

ഉപഭോഗം കുറക്കാന്‍ ദിവ കരാറിലെത്തി

Published

|

Last Updated

ദുബൈ: ഊര്‍ജ ഉപഭോഗം കുറക്കുന്നതുമായി ബന്ധപ്പെട്ട ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയും ഇത്തിഹാദ് എനര്‍ജി സര്‍വീസ് കമ്പനിയും രണ്ടു കരാറുകളില്‍ ഒപ്പുവെച്ചു. 3.7 കോടി ദിര്‍ഹമിന്റെ ചെലവില്‍ ജബല്‍ അലി, അല്‍ അവീര്‍, ദിവയുടെ ഏഴ് ഓഫീസ് കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലെ ഊര്‍ജ ഉപഭോഗം കാര്യക്ഷമമാക്കുന്ന കരാറിലാണ് ഇരുവിഭാഗവും ഒപ്പുവെച്ചിരിക്കുന്നത്. സുസ്ഥിരവും കാര്യക്ഷമവുമായ ഊര്‍ജ ഉപഭോഗത്തിന് ഇത്തിഹാദ് എനര്‍ജി കമ്പനി ടെക്‌നിക്കല്‍ ഓഡിറ്റിംഗും ഊര്‍ജ ഉപഭോഗം കുറക്കുന്നതിനുള്ള സംവിധാനങ്ങളെ കുറിച്ച് പ്രൊജക്ട് റിപ്പോര്‍ട്ട് നല്‍കും.
സുസ്ഥിര വികസനത്തിന് ഹരിത ഊര്‍ജം എന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടിനനുസൃതമായാണ് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നതെന്ന് ദിവ സി ഇ ഒയും എം ഡിയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. 2030 ഓടെ ദുബൈയുടെ ഊര്‍ജ ഉപഭോഗം 30 ശതമാനം കുറക്കാനും കാര്‍ബണ്‍ പുറന്തള്ളല്‍ അഞ്ച് മില്യന്‍ ടണ്‍ കുറക്കാനുമുള്ള ദുബൈ ഇന്റഗ്രേറ്റഡ് എനര്‍ജി സ്ട്രാറ്റജിയുടെ ഭാഗമായാണ് പുതിയ കാരാറെന്നും അദ്ദേഹം പറഞ്ഞു.