Connect with us

Gulf

'സ്‌കൂള്‍ ബസിലെ മുഴുവന്‍ സീറ്റിനും സുരക്ഷാ ബെല്‍റ്റ് നിര്‍ബന്ധം'

Published

|

Last Updated

അബുദാബി: എമിറേറ്റിലെ മുഴുവന്‍ സ്‌കൂള്‍ ബസുകളിലും എല്ലാ സീറ്റുകളിലും സുരക്ഷാ ബെല്‍റ്റ് നിര്‍ബന്ധമെന്ന് അധികൃതര്‍. ബസുകള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ മുന്നില്‍കണ്ടാണ് ഇത്തരമൊരു തീരുമാനമെന്നും അധികൃതര്‍ വ്യക്തമാക്കി.
സ്‌കൂള്‍ ട്രാന്‍സ് പോര്‍ട്ടേഷന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. എമിറേറ്റില്‍ സ്‌കൂള്‍ ബസുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ അയച്ചതായും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വക്താവ് അറിയിച്ചു.
എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടും പിന്തുണച്ചു കൊണ്ടും അബുദാബി എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അധികൃതര്‍ രംഗത്ത് വന്നു. വിദ്യാര്‍ഥികളുടെ സുരക്ഷ ലക്ഷ്യം വെച്ച് കൗണ്‍സില്‍ കാലോചിതവും അനിവാര്യവുമായ തീരുമാനമാണ് കൈകൊണ്ടതെന്ന് എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടേഷനു കീഴിലെ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വിഭാഗം ഡയറക്ടര്‍ ആമിര്‍ അല്‍ ശിഹി അഭിപ്രായപ്പെട്ടു.
22ല്‍ കുറഞ്ഞ സീറ്റുകളുള്ള ബസുകളാണെങ്കില്‍ അവയുടെ സീറ്റില്‍ ത്രീ പോയിന്റ്‌സ് സീറ്റുബെല്‍റ്റുകളാണ് സ്ഥാപിക്കേണ്ടത്. 22നു മുകളില്‍ സീറ്റുകളുള്ള വലിയ ബസുകളാണെങ്കില്‍ ടു പോയിന്റ്‌സ് ബെല്‍റ്റുകളുമാണ് കുട്ടികളുടെ സുരക്ഷക്കായി സ്ഥാപിക്കേണ്ടത്. പുതിയതായി സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആവശ്യങ്ങള്‍ക്ക് വാങ്ങുന്ന ചെറുതും വലുതുമായ ഏതുതരം ബസുകള്‍ക്കും സ്ഥാപിക്കേണ്ടത് ത്രീ പോയിന്റ്‌സ് സീറ്റ് ബെല്‍റ്റുകള്‍ തന്നെയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
നിലവിലുള്ള നിയമമനുസരിച്ച് ബസിന്റെ മുന്‍ഭാഗത്തെ നാലു സീറ്റിലിരിക്കുന്നവര്‍ക്കും പിന്‍സീറ്റിലെ മധ്യത്തിലിരിക്കുന്ന കുട്ടികള്‍ക്കും മാത്രമാണ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമുള്ളത്. ബാക്കിയുള്ള സീറ്റുകളുടെ മുന്നിലെല്ലാം മുന്‍സീറ്റിന്റെ മറയുണ്ടെന്നതാണിതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ അപകടങ്ങളുണ്ടാകുന്ന സമയങ്ങളിലും പെട്ടെന്ന് ബസ് ബ്രേക്കിടുന്ന സാഹചര്യങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്ന വിലയിരുത്തലാണ് എല്ലാ സീറ്റുകളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമെന്ന നിലപാടിലേക്ക് അധികൃതരെ എത്തിച്ചത്.