Connect with us

Gulf

യു എ ഇയുടെ സമ്പദ്ഘടന ഭദ്രം; എണ്ണ വിലയിടിവ് ബാധിക്കില്ലെന്ന്

Published

|

Last Updated

അബുദാബി: യു എ ഇയുടെ സാമ്പത്തിക നില ഭദ്രമാണെന്നും എണ്ണക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന വിലയിടിവ് ഒരു തരത്തിലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലെന്നും ഊര്‍ജ മന്ത്രി സുഹൈല്‍ബിന്‍ മുഹമ്മദ് ഫറജ് ഫാരിസ് അല്‍ മസ്‌റൂഈ വ്യക്തമാക്കി.
യു എ ഇയിലെ ഊര്‍ജത്തെക്കുറിച്ച് അബുദാബിയില്‍ ഇന്നലെ സംഘടിപ്പിച്ച ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. യു എ ഇയുടെ എണ്ണ, ഗ്യാസ് ഉല്‍പാദനക്ഷമത കൂട്ടാനുള്ള പദ്ധതികള്‍ മന്ത്രാലയം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 2030 ലേക്കുള്ള യു എ ഇയുടെ സ്ട്രാറ്റജി യാതൊരു മാറ്റവുമില്ലാതെ തുടര്‍ന്നു വരികയാണെന്നും ചര്‍ച്ചക്കിടെ മന്ത്രി വ്യക്തമാക്കി.
ആഗോള വിപണിയില്‍ എണ്ണയുടെ വിലയിലുണ്ടായിക്കൊണ്ടിരിക്കുന്ന തകര്‍ച്ച രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ഒരു നിലക്കും ആശങ്കയിലാക്കുന്നില്ല. ഗവണ്‍മെന്റ് നിശ്ചയിച്ച വ്യക്തമായ പോളിസിയുടെ അടിസ്ഥാനത്തില്‍ സ്ഥാപിതമായതാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെന്നതിനാല്‍ അത് ഭദ്രവും ശക്തവുമാണ്. അതില്‍ എണ്ണയെ ആസ്പദിച്ചുള്ളത് കുറച്ച് മാത്രമാണ്, മന്ത്രി വ്യക്തമാക്കി.
മുമ്പും എണ്ണവിലയില്‍ ആഗോള വിപണിയില്‍ വന്‍കുറവ് സംഭവിച്ചിട്ടുണ്ട്. അപ്പോഴും ശക്തമായി നിലനിന്ന സാമ്പദ്ഘടനയാണ് രാജ്യത്തിനുള്ളതെന്നും മന്ത്രി പറഞ്ഞു.
നിലവിലെ എണ്ണയുടെ വിലക്കുറവ് ഒരു പ്രതിസന്ധിയായി കാണുന്നില്ലെന്നും അതിനാല്‍ തന്നെ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് അടിയന്തിര യോഗം കൂടാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം അറിയിച്ചു. അടുത്ത ജൂണിലാണ് ഒപെകിന്റെ സാധാരണ യോഗം നടക്കേണ്ടത്. വിലയിടിവ് കാരണം എണ്ണ ഉല്‍പാദനം കുറക്കാന്‍ ആലോചനയില്ലെന്നും ചര്‍ച്ചക്കിടെ മന്ത്രി വ്യക്തമാക്കി.
എണ്ണയുടെ വിലയിടിവ് സ്ഥിരം പ്രതിഭാസമല്ലെന്ന് പറഞ്ഞ മന്ത്രി, നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ ഉയര്‍ന്ന വിലയിലേക്ക് എണ്ണ വിപണി എത്തുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. അബുദബിയില്‍ നടന്ന ഫോറത്തില്‍ മന്ത്രിക്കുപുറമെ അന്താരാഷ്ട്ര തലത്തിലെ ഊര്‍ജ മേഖലയിലുള്ള പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.

Latest