Connect with us

Ongoing News

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

Published

|

Last Updated

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംസ്ഥാന സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കലയുടെ ഏഴഴകും സമ്മാനിച്ച് കൗമാരകേരളത്തിന്റെ കളിവിളക്ക് തെളിഞ്ഞു. മധുരത്തിന്റെ നാടിന് ഇരട്ടിമധുരം സമ്മാനിച്ച് 55ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ധന്യമായ തുടക്കം. മലബാറിന്റെ തലസ്ഥാന നഗരിയായ കോഴിക്കോടിന് ഇനി ഒരാഴ്ച മധുവൂറുന്ന കാഴ്ചകളുടെ ലഹരിക്കാലം. കലാമേളകള്‍ കുട്ടികളുടെ മാത്രമല്ല, ജനകീയ ഉത്സവമാണ് എന്ന് വിളിച്ചോതിയാണ് കോഴിക്കോട് അപ്രതീക്ഷിതമായി കിട്ടിയ മേളയെ വരവേറ്റത്. ആദ്യ ദിനം തന്നെ പ്രതിഭകള്‍ക്ക് പിന്തുണയുമായി ഒഴുകിയെത്തിയത് ആയിരങ്ങള്‍.

വര്‍ണാഭമായ ഘോഷയാത്രയോടെയാണ് കലോത്സവത്തിന് തുടക്കമായത്. വൈകീട്ട് മൂന്ന് മണിയോടെ ബീച്ച് ഹോസ്പിറ്റല്‍ പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര നാലരയോടെ നഗരിയിലെത്തി. നയനമനോഹരമായ കാഴ്ചകളും സമകാലിക സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്ന പ്ലോട്ടുകളും ഘോഷയാത്രക്ക് മിഴിവ് പകര്‍ന്നപ്പോള്‍ കുട്ടികള്‍ക്ക് പിന്തുണയുമായി എത്തിയ ആയിരങ്ങള്‍ ഘോഷയാത്രയുടെ ശക്തികൂട്ടി. 50 സ്‌കൂളുകളില്‍ നിന്നായി ആറായിരത്തോളം കുട്ടികള്‍ ഘോഷയാത്രയില്‍ അണിനിരന്നു.

ഘോഷയാത്രെയെ തുടര്‍ന്ന് കോഴിക്കോടിന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതിയ ഘോഷയാത്രയോടെയാണ് വേദി ഉണര്‍ന്നത്. രചനാ വെെഭവവും സംഗീത മികവും കൊണ്ട് സ്വാഗതഗാനം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. 55 സംഗീതാധ്യാപകര്‍ ചേര്‍ന്നാണ് ഗാനം ചിട്ടപ്പെടുത്തിയത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേള ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ പ്രിയ ഗായകന്‍ യേശുദാസ് മുഖ്യതിഥിയായിരുന്നു. ആദ്യ ദിനമായ ഇന്ന് പത്ത് വേദികളിലും മത്സരമുണ്ട്. ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടമാണ് ഇന്ന് ഒന്നാം വേദിയിലെ ആദ്യ ഇനം.

രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണഭട്ട് പതാക ഉയര്‍ത്തി. 17 വേദികളിലായി 232 ഇനങ്ങളില്‍ 11,000 കലാപ്രതിഭകളാണ് ജനവരി 21 വരെ നടക്കുന്ന കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. 21 ന് വൈകിട്ട് മൂന്നിന് സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.