Connect with us

Wayanad

കോറോം ക്വാറിയില്‍ സംയുക്ത അന്വേഷണസംഘം പരിശോധന നടത്തി

Published

|

Last Updated

വെള്ളമുണ്ട: കോറോം ക്വാറിയില്‍ സംയുക്ത അന്വേഷണസംഘം പരിശോധന നടത്തി. പരാതിയെ തുടര്‍ന്ന് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചതായിരുന്നു. ആദിവാസികളടക്കമുള്ള നാട്ടുകാരുടെ നിരന്തര പരാതിയെ തുടര്‍ന്ന് ജില്ലാകലക്ടര്‍ ക്വാറി സന്ദര്‍ശിക്കുകയും കഴിഞ്ഞ നവംബര്‍ 19ന് ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. മൈനിംഗ് ആന്റ് ജിയോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് , ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം ക്വാറി പ്രവര്‍ത്തനത്തെ കുറിച്ചും, നാട്ടുകാരുടെ പരാതികളെ കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത സംഘം ക്വാറിയിലെത്തി പരിശോധന നടത്തുകയും നാട്ടുകാരുടെ പക്കല്‍ നിന്ന് തെളിവെടുപ്പ് നടത്തുകയും ചെയ്തത്.
രണ്ട് മണിക്കൂറിലേറെ സമയമാണ് സംഘം ക്വാറിയിലും ദുരിതമനുഭവിക്കുന്ന നാരാങ്ങാച്ചാല്‍ കോളനിയിലുമായി പരിശോധന നടത്തിയത്. പണിയ വിഭാഗത്തില്‍പ്പെട്ട് 12 കുടുംബങ്ങളില്‍പ്പെട്ട 90-ഓളം പേരാണ് 15 വീടുകളിലായി കഴിയുന്നത്.
ക്വാറി പ്രവര്‍ത്തനത്തെ തുടര്‍ന്ന് പൊടിപടലവും, വെടിമരുന്നിന്റെ മണവും മൂലം നിരവധി കുട്ടികള്‍ക്ക് ശ്വാസം മുട്ടടക്കമുള്ള രോഗങ്ങളുണ്ടാകുന്നുവെന്നും പലപ്പോഴും സ്‌കൂളില്‍ പോകാന്‍ കഴിയുന്നില്ലെന്നും സ്ത്രീകള്‍ ബോധിപ്പിച്ചു. കരിക്കന്‍, ചീര, പൊക്കന്‍ എന്നിവരുടെ വീടുകളുടെ ചുമരിന് വിള്ളല്‍ വീണത് സംഘം നേരില്‍ കണ്ടു.
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച് നല്‍കിയ വെള്ളടാങ്കിന്റെ പല ഭാഗവും പൊട്ടി വെള്ളം പാഴാകുന്ന വിവരവും സംഘത്തെ ധരിപ്പിച്ചു. ക്വാറിയുടെ മുകള്‍ഭാഗത്തുള്ള റോഡിലെ വെള്ളം ഒഴുകുന്നത്. ക്വാറി മണ്ണും കല്ലും ഇട്ട് തടസ്സപ്പെടുത്തിയതും, അനുമതിയില്ലാതെ വന്‍തോതില്‍ മണ്ണ് നീക്കം ചെയ്തതും സംഘം കണ്ടെത്തി. ക്വാറിയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണവും പഠനവും ആവശ്യമാണെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജിയോളജി, മലിനീകരണനിയന്ത്രണ ബോര്‍ഡ് എന്നിവക്ക് സബ്കലക്ടര്‍ നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് അടുത്ത ദിവസം ജില്ലാകലക്ടര്‍ക്ക് സമര്‍പ്പിക്കും.
സബ്കലക്ടര്‍ ശീറാം സാംബശിവറാവു, മലിനീകരണ നിയന്ത്രണബോര്‍ഡ് എന്‍വയോണ്‍മെന്റ് എന്‍ ജിനീയര്‍ ജോസ്‌മോന്‍, അസി. എന്‍ജിനീയര്‍ ജിസ്‌ന ദേവസ്യ, മൈനിംഗ് ആന്റ് ജിയോളജി അസി. ജിയോളജിസ്റ്റുമാരായ ഇര്‍ഫാന കാറ്റിലകം, സുനില്‍കുമാര്‍, തഹസില്‍ദാര്‍ സോമനാഥന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷാജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ബാലകൃഷ്ണന്‍, വില്ലേജ് ഓഫീസര്‍ പി ഒ സുധീര്‍ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ കുഞ്ഞാമന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നു.

Latest