Connect with us

Wayanad

വയനാട് മെഡിക്കല്‍ കോളജ്: യു ഡി എഫ് സര്‍ക്കാറിന് നാണക്കേടെന്ന് കെ പി എ മജീദ്

Published

|

Last Updated

തിരുവനന്തപുരം: വയനാട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാത്തത് യുഡിഎഫ് സര്‍ക്കാറിന് നാണക്കേടും അപമാനവുമാണെന്ന് മുസ്‌ലം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. രണ്ടരവര്‍ഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതിയുടെ ഭൂമിയേറ്റെടുക്കല്‍ പ്രവര്‍ത്തനം പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. മന്ത്രിമാര്‍ രണ്ട് മിനുട്ട് ചര്‍ച്ച ചെയ്താല്‍ തീരുന്ന കാര്യമാണ് അനാവശ്യമായി നീട്ടിക്കൊണ്ട് പോകുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ആനാസ്ഥ അംഗീകരിക്കാനാവില്ലെന്നും കെ പി എ മജീദ് പറഞ്ഞു. വയനാട് മെഡിക്കല്‍ കൊളജ് യാഥാര്‍ഥ്യമാകാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലാകമ്മറ്റി സംഘടിപ്പിച്ച് സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനൊപ്പം പ്രഖ്യാപിച്ച മറ്റു പല മെഡിക്കല്‍ കോളജുകളും നിര്‍മ്മാണം പുരോഗമിക്കുമ്പോള്‍ വയനാട് അവഗണിക്കപ്പെടുന്നതിന് പിന്നില്‍ സര്‍ക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും പിടിപ്പ് കേട് വ്യക്തമാണ്. സൗജന്യമായി ലഭിച്ച ഭൂമിയേറ്റെടുക്കാന്‍ പോലും ഇത് വരെ കഴിഞ്ഞിട്ടില്ല. ജില്ലയില്‍ ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയാണ് കോളജ് പ്രഖ്യാപിച്ചത്. എന്നാല്‍ തീരുമാനം നീണ്ട് പോകുന്നത് സര്‍ക്കാരിന് അപമാനമുണ്ടാക്കുമെന്നും കെപിഎ മജീദ് കുറ്റപ്പെടുത്തി. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ചില ഉദ്യോഗസ്ഥര്‍ നടത്തിയ ഒത്തുകളിയുടെ ഫലമായാണ് മെഡിക്കല്‍ കോളജിന്റെ നടപടികള്‍ വൈകുന്നതെന്നും അദ്ദേഹം ആരോപിച്ചു. സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ സുബൈര്‍, കെ കെ അഹമ്മദ് ഹാജി, ബീമാപ്പള്ളി റഷീദ്, കെ എ മുജീബ്, പി ഇസ്മായില്‍ സംസാരിച്ചു.