Connect with us

Kozhikode

ഇനി സര്‍ഗവസന്ത നാളുകള്‍ കലോത്സവ ചരിതത്തില്‍ കോഴിക്കോടിന് പുതുമകളേറെ

Published

|

Last Updated

കോഴിക്കോട്: സ്‌കൂള്‍ കലോത്സവം എന്നാല്‍ അത് കോഴിക്കോടന്‍ വീരഗാഥയാണ്. തുടര്‍ച്ചയായി ഒമ്പത് തവണ ചാമ്പ്യന്‍മാരായ കോഴിക്കോട് ഇതിനകം 15 തവണ കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട്.
2007 മുതല്‍ സ്വര്‍ണകപ്പുമായി മടങ്ങുന്ന കോഴിക്കോട,് സ്വന്തം തട്ടകത്തില്‍ മേളയെത്തുമ്പോള്‍ കീരിടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ തവണ പാലക്കാട്ട് നടന്ന മേളയില്‍ അവസാന കുതിപ്പിലാണ് ആറ് പോയിന്റ് വ്യത്യാസത്തില്‍ പാലക്കാടിനെ പിന്തള്ളി കോഴിക്കോട് 926 പോയിന്റോടെ കിരീടം മാറോടുചേര്‍ത്തത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട് ആതിഥേയരാകുന്നത് ഏഴാം തവണയാണ്. സുവര്‍ണ ജൂബിലി വര്‍ഷമായ 2010 ലാണ് അവസാനമായി കോഴിക്കോട്ട് കലോത്സവം നടന്നത്. 1960 ലാണ് കോഴിക്കോട് ആദ്യമായി കലോത്സവത്തിന് ആതിഥ്യം അരുളിയത്. 1976, 1987, 1994, 2002, 2010 വര്‍ഷങ്ങളിലും മികവാര്‍ന്ന നിലയില്‍ കലോത്സവം സംഘടിപ്പിക്കാന്‍ കോഴിക്കോടിന് സാധിച്ചു. കോഴിക്കോടിനൊപ്പം ഏഴ് തവണ ആതിഥേയത്വം വഹിച്ച ജില്ല എറണാകുളമാണ്. തുടര്‍ച്ചയായി സ്വര്‍ണക്കപ്പ് ഉയര്‍ത്തിയ ജില്ലക്ക് സംഘാടക മികവ് ഒരിക്കല്‍ക്കൂടി തെളിയിക്കാനുള്ള അവസരം ഇത്തവണ അപ്രതീക്ഷിതമായാണ് കൈവന്നത്.
കോഴിക്കോട് നടക്കുന്ന കലോത്സവങ്ങള്‍ ഏറെ പുതുമകള്‍ ഉള്ളതാണ്. 1976ലെ മേളയോടനുബന്ധിച്ചാണ് സാംസ്‌കാരിക ഘോഷയാത്ര തുടങ്ങിയത്. 2010ലെ നടന്ന കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് പൊട്ടിയതും കോഴിക്കോടന്‍ മണ്ണിലാണ്. ചാനലുകാരുടെ പിടിവലിയില്‍ പെട്ടാണ് അന്ന് കപ്പ് പൊട്ടിയത്.