Connect with us

Kozhikode

മോഷ്ടാക്കള്‍ വിലസുന്നു; നട്ടംതിരിഞ്ഞ് പോലീസും നാട്ടുകാരും

Published

|

Last Updated

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ വിലസുന്ന മോഷ്ടാക്കളെ പിടികൂടാനാകാതെ പോലീസും ജാഗ്രതാ സമിതിയും കുഴങ്ങുന്നു. മോഷ്ടാക്കളുടെ അതിക്രമം രൂക്ഷമായതിനെത്തുടര്‍ന്ന് പേരാമ്പ്ര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പോലീസുമായി സഹകരിച്ച് ജാഗ്രതാ സമിതി രൂപവത്കരിക്കുകയും, രാത്രികാല പോലീസ് പരിശോധന ഊര്‍ജിതമാക്കുകയും ചെയ്തിട്ടും മോഷണ ശല്യം തുടരുകയാണ്. വാല്യക്കോട്, മമ്മിളിക്കുളം ഭാഗങ്ങളില്‍ മോഷ്ടാവെന്നു സംശയിക്കപ്പെടുന്ന ആളെ കഴിഞ്ഞ ദിവസം പിടികൂടാനുള്ള ശ്രമം വിഫലമായി.
ഒരേ ദിവസം തന്നെ അടുത്തടുത്ത സമയങ്ങളില്‍ പല വീടുകളിലും സ്ഥാപനങ്ങളിലും മോഷണവും ഇതിനുള്ള ശ്രമങ്ങളും നടക്കുന്നതിനാല്‍ ആസൂത്രിതമായ നീക്കമാണെന്ന് സംശയിക്കുന്നു. വാല്യക്കോട് കീരിക്കണ്ടി കുഞ്ഞമ്മദിന്റെയും, എസ് ഐ. സുഭാഷിന്റെയും വീട്ടില്‍ നിന്ന് ലക്ഷങ്ങളുടെ സ്വര്‍ണാഭരണളാണ് കവര്‍ന്നത്. ഏതാനും ദിവസം മുമ്പ് ഇതേ പ്രദേശത്തെ റിട്ട: എഎ സ് ഐ അച്യുതന്‍കുട്ടിയുടെ വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് പതിനാലര പവന്റെ സ്വര്‍ണാഭരണങ്ങളും 16,000 രൂപയും കവര്‍ന്നിരുന്നു. അന്ന് തന്നെ ചെരിപ്പേരി മൂസ ഹാജി, നടുക്കണ്ടിമീത്തല്‍ കുഞ്ഞിമൊയ്തി എന്നിവരുടെ വീടുക
ളിലും കവര്‍ച്ചാശ്രമമുണ്ടായി. അടുത്ത ദിവസം കല്‍പത്തൂര്‍ വെള്ളിലോടുമ്മല്‍ റഫീഖ്, കുന്നത്ത് കുഞ്ഞമ്മദ്, തയ്യുള്ള പറമ്പില്‍ ഷൗക്കത്ത്, വിശ്വനാഥന്‍ നായര്‍ തുടങ്ങിയവരുടെ വീടുകളും കുത്തിത്തുറന്നിരുന്നു. പേരാമ്പ്ര ബൈപ്പാസ് റോഡില്‍ പുളിയത്തിങ്കല്‍ സൂപ്പി ഉള്‍പ്പെടെയുവരുടെ വീടുകളിലും മോഷണ ശ്രമമുണ്ടായി.
ഇവയില്‍ പലതിലും വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തിയെങ്കിലും തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പരിപാടിയില്‍ സംബന്ധിക്കാനെത്തിയ ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍ പ്രശ്‌നം പെടുത്തുകയും ഇതേത്തുടര്‍ന്ന് മോഷ്ടാക്കളെ കണ്ടെത്താനുള്ള തീവ്രശ്രമം നടത്താന്‍ പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.