Connect with us

Kozhikode

അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി പാതിവഴിയില്‍

Published

|

Last Updated

താമരശ്ശേരി: മിനി ബൈപ്പാസിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി മൂന്ന് മാസം പിന്നിടുമ്പോഴും പാതി വഴിയില്‍. താലൂക്ക് ആസ്ഥാനത്തെ ഗതാഗതക്കുരുക്കിന് പരഹാരം കാണാനായി 1930 ലെ റീ സര്‍വെ പ്രകാരം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനായിരുന്നു ഭരണ സമിതി തീരുമാനം. ഇതുപ്രകാരം താലൂക്ക് സര്‍വെയര്‍മാര്‍ കൈയേറ്റം കണ്ടെത്തി അടയാളപ്പെടുത്തുകയും കഴിഞ്ഞ സെപ്തംബറില്‍ ഒഴിപ്പിക്കല്‍ ആരംഭിക്കുകയും ചെയ്തു. പി ഡബ്യു ഡി റസ്റ്റ് ഹൗസിന് മുന്‍വശത്തു നിന്ന് ആരംഭിച്ച് ചുങ്കം ബി എസ് എന്‍ എല്‍ ജംഗ്ഷനില്‍ എത്തിച്ചേരുന്ന മിനി ബൈപ്പാസിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് രണ്ടുവരി പാതയായി ടാറിംഗ് നടത്താനാണ് പദ്ധതി. പുറംമ്പോക്ക് ഭൂമിയിലെ ഏതാനും അനധികൃത കെട്ടിടങ്ങള്‍ നേരത്തെ പൊളിച്ചു നീക്കിയിരുന്നു. റോഡിന്റെ തുടക്കത്തിലുള്ള പഞ്ചായത്ത് മിനി പാര്‍ക്കിന്റെ ചുറ്റുമതില്‍ ഉള്‍പ്പെടെ ഏതാനും ഭാഗം മൂന്ന് മാസം മുമ്പ് പൊളിച്ചു നീക്കിയെങ്കിലും കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. യു ഡി എഫിലെ ചിലര്‍ ഒഴിപ്പിക്കലുമായി സഹകരിക്കുന്നില്ലെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ചില കൈയേറ്റങ്ങള്‍ നിലനിര്‍ത്താനും സമ്മര്‍ദ്ധമുണ്ട്.
ദേശീയപാതയോട് ചേര്‍ന്നുള്ള പഞ്ചായത്ത് കെട്ടിടം പൊളിച്ചുനീക്കി ബസ് ബേ നിര്‍മിക്കാനും തീരുമാനിച്ചിരുന്നു. രണ്ട് മാസം മുമ്പ് ബസ്‌ബേയുടെ ശിലാസ്ഥാപനം നടന്നതല്ലാതെ കെട്ടിടം പൊളിച്ചുനീക്കാനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല.
ദേശീയപാതയോരത്തുണ്ടായിരുന്ന പെട്ടിക്കട പബ്ലിക് ലൈബ്രറി കവാടത്തിലേക്ക് മാറ്റിയതിലും ചില കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാതിരിക്കുന്നതിലും ബാഹ്യ ഇടപെടലുകള്‍ നടന്നതായാണ് ആക്ഷേപം. ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ പ്രവൃത്തികള്‍ക്കായി പൊതുമരാമത്ത് വകുപ്പ് 15 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. സര്‍ക്കാറിന്റെ അനുമതി ലഭിക്കുന്ന മുറക്ക് പ്രവൃത്തി ആരംഭിക്കാമെങ്കിലും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ എന്ന് പൂര്‍ത്തീകരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.