Connect with us

Malappuram

റവന്യൂ- സര്‍വേ അദാലത്ത് രാവിലെ ഒമ്പത് മുതല്‍: അപേക്ഷകളും പരാതികളും മന്ത്രി നേരിട്ട് പരിഗണിക്കും

Published

|

Last Updated

മലപ്പുറം: റവന്യൂ- കയര്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ നടക്കുന്ന റവന്യൂ-സര്‍വെ അദാലത്ത് ഇന്ന് സിവില്‍ സ്റ്റേഷന്‍ മൈതാനത്ത് നടക്കും. രാവിലെ ഒന്‍പതിന് റവന്യൂ-കയര്‍ മന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ മന്ത്രിമാരും എം പി മാരും എം എല്‍ എ മാരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും. പുതിയ അപേക്ഷകര്‍ക്ക് നീല ടോക്കണ്‍: റവന്യൂ-സര്‍വെ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ അദാലത്തില്‍ പരിഗണിച്ച് തീരുമാനമെടുക്കും. ഇതിനായി റവന്യൂ-സര്‍വെ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം അദാലത്തില്‍ പങ്കെടുക്കും.
പുതിയ അപേക്ഷകള്‍ /പരാതികളുമായി വരുന്നവര്‍ക്ക് ക്രമനമ്പറനുസരിച്ച് പരിഗണിക്കുന്നതിനായി നീല ടോക്കണ്‍ നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായത്തിനുള്ള അപേക്ഷ നല്‍കാം.
മാരകമായ രോഗം, അപകടം, മറ്റു ദുരിതങ്ങള്‍ എന്നിവ മൂലം കഷ്ടപ്പെടുന്ന ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം ലഭിക്കും. വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും സംഭാവനകള്‍ സമാഹരിച്ചാണ് ദുരിതാശ്വാസ നിധി സ്വരൂപിക്കുന്നത്.
ഒരു കുടുംബത്തിന്റെ വരുമാന സ്രോതസ്സായ വ്യക്തിയുടെ മരണം മൂലം നിരാലംബരാകുന്ന കുടുംബത്തെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 10000 രൂപ ധനസഹായം ലഭിക്കും. പ്രകൃതിക്ഷോഭം മൂലം വീടിനും സ്വത്തിനും നാശനഷ്ടം സംഭവിച്ചവര്‍ക്കും ധനസഹായത്തിന് അപേക്ഷിക്കാം. ധനസഹായത്തിനുള്ള പുതിയ അപേക്ഷകള്‍ പരിഗണിക്കുന്നത് കൂടാതെ റീസര്‍വെ, പോക്കുവരവ്, അതിര്‍ത്തി നിര്‍ണയം, പട്ടയം, ഭൂവിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട പരാതികളും മന്ത്രി പരിഗണിച്ച് ഉടനടി പരിഹാരം നിര്‍ദേശിക്കും.
അദാലത്തില്‍ പരിഗണിക്കുന്നതിന് നേരത്തെ വില്ലേജ്-താലൂക്ക് ഓഫീസുകളില്‍ ലഭിച്ച അപേക്ഷകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 2130 പേര്‍ക്കും എന്‍ എഫ് ബി എസ് 184 പേര്‍ക്കും പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടം സംഭവിച്ചതിന് 685 പേര്‍ക്കും ധനസഹായം അനുവദിച്ചിട്ടുണ്ട്.