Connect with us

Malappuram

കൊച്ചു റേഡിയോ സ്റ്റേഷനുമായി റാഫി

Published

|

Last Updated

വേങ്ങര: കൂട്ടുകാര്‍ മൊബൈലില്‍ പാട്ട് കേള്‍ക്കുന്നത് സുഹൃത്ത് റാഫിയുടെ ഉള്ളന്‍ കൈയില്‍ തീര്‍ത്ത കൊച്ചു റേഡിയോ സ്റ്റേഷനില്‍ നിന്നുള്ള പരിപാടികള്‍. കണ്ണമംഗലം അച്ചനമ്പലത്തെ പുള്ളാട്ട് അബ്ദുല്‍ മജീദിന്റെ മകന്‍ മുഹമ്മദ് റാഫി (22) ആണ് കൈവെള്ളയില്‍ പിടിച്ചു നടക്കാവുന്ന കൊച്ചു സംപ്രേഷണ സ്റ്റേഷന്‍ കണ്ടെത്തിയത്. ഈ ഉപകരണത്തില്‍ നിന്നും പുറത്ത് വിടുന്ന ശബ്ദ തരംഗം അമ്പത് മീറ്റര്‍ പരിധിയിലുള്ള എല്ലാ മൊബൈല്‍ ഫോണിലും എഫ് എമ്മില്‍ ട്യൂണ്‍ ചെയ്താല്‍ ലഭ്യമാവും.

വീട്ടിലെ കേട് വന്ന റോഡിയോയുടെ ബോഡില്‍ ഡയോഡുകള്‍ സ്ഥാപിച്ച് പ്രസരണത്തില്‍ മാറ്റം വരുത്തി 87.7 ഹെഡ്‌സ് ഫ്രീക്വന്‍സിയില്‍ സജ്ജീകരിച്ചാണ് തയ്യാര്‍ ചെയ്തത്. ബോര്‍ഡിലേക്ക് ആവശ്യമായ പാട്ടുകള്‍ എത്തിക്കാന്‍ ചെറിയ പെന്‍ ഡ്രൈവ് കണക്ട് ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. പെന്‍ ഡ്രൈവിലെ മെമ്മറിയില്‍ നിന്നും നല്‍കുന്ന പാട്ടുകളാണ് ഈ ട്രാന്‍സിസ്റ്റര്‍ പുറത്ത് വിടുന്നത്. ചെറിയ വയര്‍ ആന്റിനയും ഉപയോഗിച്ചിട്ടുണ്ട്. ഈ ബോര്‍ഡില്‍ നിന്നും പുറത്ത് വിടുന്ന പാട്ടുകള്‍ ഒരേ സമയം പരിസരത്തെ അന്‍പതോളം കൂട്ടുകാരുടെ മൊബൈലില്‍ ലഭ്യമാവുന്നുണ്ട്. ആന്റിനയുടെ പ്രസരണ ശക്തി വര്‍ധിപ്പിച്ച് കൂടുതല്‍ പേര്‍ക്ക് സംവിധാനം ലഭ്യമാക്കാനാവുമെന്ന് റാഫി പറയുന്നു. നിലവില്‍ മൊബൈലില്‍ ബ്ലൂടൂത്ത് വഴി ഒരാള്‍ക്ക് ഇത്തരത്തില്‍ പാട്ട് കേള്‍പ്പിക്കാം. എന്നാല്‍ പുതിയ ഉപകരണത്തിന് ബ്ലൂടൂത്ത് ആവശ്യമില്ലെന്ന് മാത്രമല്ല എത്ര പേര്‍ക്ക് വേണമെങ്കിലും പരിപാടികള്‍ ആസ്വദിക്കാനുമാവും.

മൊബൈലിന് ഉപയോഗിക്കുന്ന ബാറ്ററി തന്നെയാണ് ഈ ഉപകരണത്തിന്റെ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നത്. വളരെ ചെറിയ ഉപകരണമാണെന്നതിനാല്‍ മൊബൈല്‍ ഫോണില്‍ തന്നെ ഈ ബോര്‍ഡ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഈ പ്രതിഭ. ബിരുദ വിദ്യാര്‍ഥിയായ മുഹമ്മദ് റാഫി പഠന സമയം കഴിഞ്ഞാല്‍ മൊബൈല്‍ ടെക്‌നിക്കല്‍ സ്ഥാപനത്തിലും ജോലി ചെയ്യുന്നുണ്ട്. ഈ പരിചയമാണ് പുതിയ കണ്ടെത്തലിന് വഴി ഒരുക്കിയത്.