Connect with us

National

ഗംഗാ ശുചീകരണം: കാലാവധിക്ക് മുമ്പ് വല്ലതും നടക്കുമോയെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: മൂന്ന് പതിറ്റാണ്ടായി ഗംഗാ ശുദ്ധീകരണ പദ്ധതി തുടര്‍ന്നിട്ടും പറയത്തക്ക ഫലം ചെയ്തില്ലെന്ന് സുപ്രീം കോടതി. സര്‍ക്കാറിന്റെ ഈ കാലയളവില്‍ എന്തെങ്കിലും നടക്കുമോയെന്ന് കോടതി അത്ഭുതം കൂറി. അടുത്ത കാലയളവില്‍ നടക്കുമോയെന്നും കോടതി ചോദിച്ചു. ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗംഗാ ശുചീകരണത്തെ സംബന്ധിച്ച് ഘട്ടം ഘട്ടമായി നടപ്പാക്കിയ നടപടികളെ സംബന്ധിച്ച് ആറ് ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ 30 വര്‍ഷമായി ഇതു തുടരുന്നുവെന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇക്കാര്യത്തിലുണ്ടായ കാര്യമായ പുരോഗതിയെ സംബന്ധിച്ച് പറയണമെന്ന് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ നേതൃത്വം നല്‍കിയ ബഞ്ച് നിര്‍ദേശിച്ചു. ശുചീകരിക്കേണ്ട 118 നഗരങ്ങള്‍ കൂടി ഈ സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നടപടികള്‍ തുടരുന്നു. മുനിസിപാലിറ്റികളോടും ബന്ധപ്പെട്ട മറ്റ് വകുപ്പുകളോടും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജസ്റ്റിസുമാരായ ആര്‍ കെ അഗര്‍വാളും ആദര്‍ശ് കുമാര്‍ ഗോയലും ബഞ്ചില്‍ അംഗങ്ങളാണ്. 70 മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ വിവിധ ഘട്ടങ്ങളിലാണെന്നും ഗംഗാ നദിയൊഴുകുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഇവ നടപ്പാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പദ്ധതി നടപ്പാക്കുന്നതിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കില്‍ തങ്ങള്‍ക്ക് പരിഹരിക്കാനാകില്ല. പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് ആവശ്യം. എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ തങ്ങള്‍ക്ക് മുമ്പാകെ വരാം. ഈ പൊതുതാത്പര്യ ഹരജിയെ ശത്രുതാപരമായി കാണേണ്ട. ഈ സര്‍ക്കാറിന്റെയോ അടുത്ത സര്‍ക്കാറിന്റെയോ കാലത്ത് ഇത് നടക്കുമോയെന്ന് പറയണം. കോടതി നിര്‍ദേശിച്ചു. 2018ഓടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി.
ഗംഗാ നദി പരിപാലനത്തെ സംബന്ധിച്ചുള്ള ഐ ഐ ടികളുടെ കണ്‍സോര്‍ഷ്യം ഈ മാസവസാനം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടും കോടതിയില്‍ വെക്കാന്‍ നിര്‍ദേശമുണ്ട്. നേരത്തെ ഗംഗാ ശുചീകരണത്തെ സംബന്ധിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച രൂപരേഖയില്‍ കോടതി സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ എങ്ങനെ നടപ്പാക്കുമെന്നതിനെ സംബന്ധിച്ച് വിശദീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പൊതുതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയാണ് ഗംഗാ ശുചീകരണം.