Connect with us

National

അര്‍വിന്ദര്‍ ലൗലി ബി ജെ പിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബൂട്ടാ സിംഗിന്റെ മകന്‍ അര്‍വിന്ദര്‍ സിംഗ് ലൗലി ബി ജെ പിയില്‍ ചേര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ദിയോളി മണ്ഡലത്തില്‍ നിന്ന് ബി ജെ പി ടിക്കറ്റില്‍ ലൗലി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ലൗലിക്ക് പുറമെ കോണ്‍ഗ്രസിലേയും ആം ആദ്മി പാര്‍ട്ടിയിലേയും പ്രമുഖരായ ചില നേതാക്കളും കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ബി ജെ പിയില്‍ ചേര്‍ന്നിട്ടുണ്ട്. ലൗലിയെ പാര്‍ട്ടിയില്‍ കൊണ്ടുവരാനായത് ബി ജെ പിയിലേക്ക് ദളിത് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് കരുതുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബൂട്ടാ സിംഗിന് കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചത് അനുയായികള്‍ക്കിടയില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ബൂട്ടാ സിംഗ് രാജസ്ഥാനില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അന്ന് മുതല്‍ താന്‍ കടുത്ത നിരാശയിലായിരുന്നുവെന്ന് അര്‍വിന്ദര്‍ സിംഗ് ലൗലി പറഞ്ഞു.
2008ല്‍ നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ദിയോളി മണ്ഡലത്തില്‍ നിന്ന് ലൗലി കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ പ്രാവശ്യം ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി പ്രകാശിനോട് പരാജയപ്പെട്ടു. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ 1984 മുതല്‍ 86 വരെ കൃഷിവകുപ്പ് മന്ത്രിയായിരുന്നു ബൂട്ടാ സിംഗ്. 1962നും 2004നും ഇടയില്‍ ബൂട്ടാ സിംഗ് എട്ട് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1986- 89 കാലത്ത് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രിയുമായിരുന്നു.
ആം ആദ്മി പാര്‍ട്ടി നേതാക്കളായ സന്ദീപ് ദുബെ, ചന്ദ്രകാന്ത് ത്യാഗി എന്നിവരും കഴിഞ്ഞ ദിവസങ്ങളില്‍ ബി ജെ പിയില്‍ ചേര്‍ന്നിട്ടുണ്ട്.