Connect with us

Kerala

അതീവ ദുര്‍ബലമായ എട്ട് പാലങ്ങള്‍ റെയില്‍വേ ഉപേക്ഷിക്കുന്നു

Published

|

Last Updated

തലശ്ശേരി: മലബാറില്‍ നൂറ്റാണ്ടിലേറെ പഴക്കവും അപകട സാധ്യതയേറിയതുമായ എട്ട് പാലങ്ങള്‍ റെയില്‍വേ ഉപേക്ഷിക്കുന്നു. എട്ടിടത്തും പുതിയവ പണിയാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതില്‍ നാല് പാലങ്ങളുടെ പ്രാരംഭ പ്രവൃത്തിയും തുടങ്ങി. ധര്‍മ്മടം, കൊടുവള്ളി, നീലേശ്വരത്തെ കാര്യങ്ങോട്ട്, കുമ്പളയിലെ ഷിറിയ പാലങ്ങളുടെ നിര്‍മ്മാണമാണ് ആരംഭിച്ചത്. ധര്‍മ്മടം, കൊടുവള്ളി പുഴയില്‍ പൈലിംഗ് ജോലികള്‍ക്കായുള്ള യന്ത്രസാമഗ്രികള്‍ കരയിലെത്തിച്ചിട്ടുണ്ട്. ഒന്നര വര്‍ഷത്തിനകം പുതിയ പാലങ്ങള്‍ യാഥാര്‍ഥ്യമാക്കാനാണ ഉദ്ദേശം. പുതിയത് ഉയര്‍ന്നാല്‍ പഴയത് പൊളിച്ചുമാറ്റും. 1902ലാണ് തലശ്ശേരിക്ക് വടക്കോട്ട് തീവണ്ടി ഗതാഗതം ആരംഭിച്ചിരുന്നത്.
പാതയുടെ യാത്രാവഴിയില്‍ ഏറെ അടിയൊഴുക്കുള്ള കൊടുവള്ളി, ധര്‍മ്മടം, കൂട്ടക്കടവ് പുഴകളില്‍ വണ്ടികള്‍ കടത്തിവിടാന്‍ ബ്രിട്ടീഷ് എന്‍ജിനീയര്‍മാരാണ് വൈദേശിക സാങ്കേതിക വിദ്യയില്‍ പാലം നിര്‍മിച്ചത്.
നിര്‍മാണ സമയം 100 വര്‍ഷത്തെ ആയുസ്സ് ഉറപ്പ് നല്‍കിയ പാലങ്ങള്‍ക്കിപ്പോള്‍ പ്രായം 113 പിന്നിട്ടു.
കാലപ്പഴക്കത്താലും അറ്റകുറ്റപ്പണിയുടെ അഭാവത്താലും തീര്‍ത്തും ദുര്‍ബലമാണിപ്പോള്‍ ഇരുമ്പുപാലങ്ങളുടെ നില. കനപ്പെട്ട ഇരുമ്പു വളയങ്ങള്‍ ചുറ്റിയിട്ട അടിത്തുണുകളാണ് പാലത്തെ താങ്ങിനിര്‍ത്തുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കടലുണ്ടി പാലം തകര്‍ന്നതോടെ മലബാറിലെ മുഴുവന്‍ റെയില്‍പാലങ്ങളും പരിശോധനാ വിധേയമാക്കിയിരുന്നു.
ഈ ഘട്ടത്തിലാണ് നീലേശ്വരം കാര്യങ്കോട്, കുമ്പള ഷിറിയ, ധര്‍മ്മടം, വടകര മൂരാട്, തലശ്ശേരി കൊടുവള്ളി, ബേക്കല്‍, പള്ളിക്കര, പയ്യന്നൂരിലെ ഏഴിമല തുടങ്ങി എട്ട് പാലങ്ങള്‍ മാറ്റണമെന്ന് നിര്‍ദേശം വന്നത്.
അപകട സധ്യതയുള്ളതിനാല്‍ ഇവയെ ബ്ലാക്ക് ലിസ്റ്റിലും പെടുത്തി.
റെയില്‍വേ ബ്രിഡ്ജ് ഇന്ത്യ ആന്‍ഡ് റോഡ്‌സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി. കെ കെ ബില്‍ഡേഴ്‌സിനാണ് നിര്‍മ്മാണ ചുമതല.