Connect with us

Kerala

കലോത്സവം കുറ്റമറ്റതാക്കാന്‍ പഴുതുകളില്ലാത്ത സുരക്ഷ

Published

|

Last Updated

കോഴിക്കോട്: നിയമ ലംഘനങ്ങള്‍ തടഞ്ഞ് കലോത്സവം കുറ്റമറ്റതാക്കാന്‍ പോലീസിന്റെ പഴുതുകളില്ലാത്ത സുരക്ഷ. കലോത്സവത്തിന്റെ 18 വേദികളിലും ഒരു ഡി വൈ എസ് പി, എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കീഴില്‍ പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും.
പോലീസിനെ സഹായിക്കാന്‍ എസ് പി സി ഉള്‍പ്പെടെയുള്ള 1500 ഓളം വളണ്ടിയര്‍മാരുടെ സേവനം ഉണ്ടാകും. എസ് പി സി ഒഴികെയുള്ള വളണ്ടിയര്‍മാര്‍ ഫെസ്റ്റ്‌ഫോഴ്‌സ് എന്ന പേരില്‍ അറിയപ്പെടുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മദ്യപിച്ചെത്തുന്നവരെയും മറ്റ് പ്രശ്‌നക്കാരെയും സംഭവസ്ഥലത്ത് നിന്നുതന്നെ പിടിയിലാക്കാന്‍ സി സി ടി വി ക്യാമറകള്‍ ഉള്‍പ്പെടെയുള്ള നൂതന സംവിധാനത്തിന്റെ സഹായവും വേദിയിലും, പരിസര പ്രദേശത്തും ഉണ്ടാകും. റെയില്‍വേ സ്റ്റേഷന്‍ പരിസരം, ബസ് സ്റ്റാന്‍ഡ്, മാനാഞ്ചിറ തുടങ്ങിയ സ്ഥലങ്ങളില്‍ ഷാഡോ പോലീസിന്റെയും, രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പ്രത്യേക നിരീക്ഷണം ഉണ്ടാകും. പ്രധാന വേദിയിലേക്ക് പോലീസ് വാഹനമടക്കമുള്ളവക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ബോംബ് സ്‌ക്വാഡിന്റെയും, ഡോഗ് സക്വാഡിന്റെയും സേവനങ്ങളും വേദികളിലും, പരിസര പ്രദേശങ്ങളിലുമുണ്ടായിരിക്കും. നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ നൂറ് പോലീസ് ഉദ്യോഗസ്ഥരെ മഫ്തിയില്‍ നിയോഗിച്ചിട്ടുണ്ട്. സിറ്റി സ്‌പൈഡേഴ്‌സ്, സ്‌ട്രൈക്കിംഗ് ഫോഴ്‌സ്, ഫഌയിംഗ് സ്‌ക്വര്‍ഡ് എന്നിവര്‍ക്ക് ഇതിന് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. നഗരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലോ, മറ്റോ എന്തെങ്കിലും വസ്തു കണ്ടെത്തിയാല്‍ ജനങ്ങള്‍ കൈകാര്യം ചെയ്യാതെ പോലീസ് അധികാരികളെ അറിയിക്കണമെന്ന് കമ്മീഷണര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest