Connect with us

Articles

എങ്കില്‍ പിന്നെ എന്തിനാണ് ഗുരുജി പുഷ്പക വിമാനത്തെ തള്ളിയത്?

Published

|

Last Updated

Model of Devoloping India (അഥവാ വികസിക്കുന്ന ഭാരതത്തിന്റെ മാതൃക) എന്നതിന്റെ ചുരുക്കെഴുത്താണ് MODI. ഇതായിരുന്നു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബി ജെ പി കെട്ടഴിച്ചുവിട്ട പ്രചാരണം. ഇതിന് മറുപടിയായി ഗുജറാത്തിലെ മുസ്‌ലിം വംശഹത്യയെ അനുസ്മരിച്ചുകൊണ്ട് MODI എന്നാല്‍, Model of devilish India എന്നാണെന്ന് ഈ ലേഖകന്‍ എഴുതിയിരുന്നു. എന്നാല്‍, MODI എന്നാല്‍, മോഡല്‍ ഓഫ് ഡവലപിംഗ് ഇന്ത്യ എന്ന പ്രചാരണത്തില്‍ തൊഴിലും പണവും സൗകര്യങ്ങളും ആഗ്രഹിക്കുന്ന ഇന്ത്യയിലെ യുവജനത വ്യാമുഗ്ധരായി. അവര്‍ മോദിക്ക് വോട്ട് ചെയ്തു. ബി ജെ പി ഇന്ത്യയില്‍ നേടിയ 31 ശതമാനം വോട്ടില്‍ കുറഞ്ഞത് പത്ത് ശതമാനമെങ്കിലും മോദിയെ ചുറ്റിപ്പറ്റി ബി ജെ പി കെട്ടഴിച്ചുവിട്ട വികസന മുദ്രാവാക്യത്തിന് അനുകൂലമായി യുവാക്കള്‍ ചെയ്ത വോട്ടായിരുന്നു. ഒന്നുകൂടി പറഞ്ഞാല്‍, യുവാക്കള്‍ വോട്ട് ചെയ്തത് സംഘ്പരിവാരത്തിന്റെ ഹിന്ദു രാഷ്ട്ര വര്‍ഗീയതക്കല്ല, മറിച്ച് വികസന വാദത്തിനായിരുന്നു. എന്നാല്‍, നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ആറ് മാസം പിന്നിട്ടപ്പോഴേക്കും വികസനമല്ല, വര്‍ഗീയതയാണ് മോദി ഭരണത്തിന്റെ ഫലം എന്ന് യുവാക്കള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഒട്ടൊക്കെ തിരിച്ചറിഞ്ഞുകഴിഞ്ഞു. യുവാക്കളുടെ പിന്തുണ ഗണ്യമായ തോതില്‍ നരേന്ദ്ര മോദി സര്‍ക്കാറിന് നഷ്ടപ്പെട്ടുകഴിഞ്ഞു.
ഇതിന്റെ തെളിവാണ്, യുവതീ യുവാക്കളുടെ ചുംബന സമരം. യുവതീ യുവാക്കള്‍ പൊതുസ്ഥലത്ത് വെച്ച് ചുംബിക്കുന്നത് ശ്ലീലമോ അശ്ലീലമോ എന്നതിനെ കുറിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. പക്ഷേ, സംഘ്പരിവാര ഫാസിസത്തിനെതിരെ ഇന്ത്യന്‍ യുവജനതയില്‍ നിന്ന് തനിയെ ഉയര്‍ന്നുവന്ന ഒരു സമരരൂപമാണ് ചുംബന സമരം. അമീര്‍ഖാന്റെ “പി കെ” എന്ന ചലച്ചിത്രത്തോട് തിയറ്റര്‍ അടിച്ചുതകര്‍ത്തും മറ്റും ഭരണം തങ്ങളുടെതാണെന്ന ഹുങ്കില്‍ സംഘ്പരിവാര്‍ കാട്ടിക്കൂട്ടിയ കാട്ടാളത്തവും പൊതുവെ സിനിമാ ആസ്വാദകരുടെ പ്രത്യേകിച്ച് യുവാക്കളുടെ മനോഭാവം കേന്ദ്ര സര്‍ക്കാറിന് തന്നെ എതിരാകുന്നതിന് ഇട വരുത്തിയിട്ടുണ്ട്.
ഏറ്റവും ഒടുവില്‍ അഭ്യസ്തവിദ്യരായ ഇന്ത്യക്കാരും പ്രത്യേകിച്ച് യുവതലമുറയും മോദിക്കും കേന്ദ്ര സര്‍ക്കാറിനും എതിരെ തിരിയാന്‍ കാരണമായിത്തീര്‍ന്നത് ഈയിടെ മുംബൈയില്‍ നടന്ന 102-ാം അഖിലേന്ത്യാ ശാസ്ത്ര കോണ്‍ഗ്രസില്‍ മോദി ഭക്തരായ ഏതാനും സംസ്‌കൃത അധ്യാപകര്‍ കയറിനിരങ്ങി അവതരിപ്പിച്ച “അസംബന്ധ പ്രബന്ധങ്ങ”ളാണ്. ഇതിലൊരു അസംബന്ധ പ്രബന്ധത്തിലെ പ്രധാന വാദം ഈയിടെ നരേന്ദ്ര മോദി തന്നെ ഏറ്റുപിടിച്ച് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. “”പൗരാണിക ഋഷിമാര്‍ക്ക് പ്ലാസ്റ്റിക് സര്‍ജറിയെപ്പറ്റി അറിയാമായിരുന്നു എന്നതിന്റെ തെളിവാണ് ആനയുടെ തലയും മനുഷ്യന്റെ ഉടലുമുള്ള ഗണപതി” എന്നായിരുന്നു മോദി പ്രസംഗിച്ചത്. ഈ പ്രസ്താവന പ്ലാസ്റ്റിക് സര്‍ജറി എന്നാല്‍, അവയവമാറ്റ ശസ്ത്രക്രിയയാണെന്ന അജ്ഞത അദ്ദേഹത്തിനുണ്ടെന്നതിനല്ലാതെ മറ്റൊന്നിനും തെളിവാകുന്നില്ല. ഇത്തരമൊരാള്‍ ഇന്ത്യയെ വികസിപ്പിക്കും എന്ന് കരുതുന്നുവെങ്കില്‍ തുഗ്ലക് ആയിരിക്കും വികസനത്തിന്റെ ചരിത്രപരമായ മാതൃക എന്ന് അംഗീകരിക്കേണ്ടിവരും എന്നാണിപ്പോള്‍ ഈ നാട്ടിലെ അഭ്യസ്തവിദ്യരൊന്നടങ്കം ഇപ്പോള്‍ കരുതുന്നത്. ആനത്തലയുള്ള ഗണപതി എന്ന പുരാണ കഥാപാത്രം ഇന്ത്യന്‍ ഋഷിമാര്‍ക്ക് പ്ലാസ്റ്റിക് സര്‍ജറി അറിയാമായിരുന്നു എന്നതിന്റെ തെളിവാണെന്നൊക്കെ പറയുന്ന പ്രബന്ധങ്ങള്‍ ശാസ്ത്രകോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ തക്ക വിധം “ശാസ്ത്രീയ ബോധ”വും “വികസന” മനോഭാവവുമുള്ള ഒരു ഭരണകൂടമായി ഇതിനകം കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തപ്പെട്ടുകഴിഞ്ഞു. എന്തായാലും സിംഹത്തിന്റെ തലയും മനുഷ്യന്റെ ഉടലുമായി സാക്ഷാല്‍ മഹാവിഷ്ണു നാലാമത്തെ അവതാരം എടുത്തത് മനുഷ്യരെ പ്ലാസ്റ്റിക് സര്‍ജറി എന്തെന്ന് പഠിപ്പിക്കാനായിരുന്നു എന്ന് വാദിക്കുന്ന പ്രബന്ധങ്ങള്‍ 102-ാം ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെടാന്‍ ഇടയായില്ലല്ലോ എന്നോര്‍ത്ത് നമുക്കൊരു ദീര്‍ഘനിശ്വാസം വിടാം!
102-ാം ശാസ്ത്ര കോണ്‍ഗ്രസില്‍, വൈമാനിക പരിശീലന കേന്ദ്രത്തിന്റെ മുന്‍ പ്രിന്‍സിപ്പലായിരുന്ന ബോധാസ് എന്ന ഒരു വിദ്വാന്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പറയുന്നത്, വിമാനം കണ്ടെത്തിയത് ഭരധ്വാജ മഹര്‍ഷിയാണ് എന്നാണ്! കുബേരനില്‍ നിന്ന് രാവണന്‍ തട്ടിപ്പറിച്ചെടുത്തതും രാമപത്‌നിയായ സീതയെ തട്ടിക്കൊണ്ടുപോകാന്‍ രാവണന്‍ പിന്നീട് ഉപയോഗിച്ചതുമായ രാമായണത്തിലെ “പുഷ്പക വിമാന”വും മറ്റും പ്രാചീനേന്ത്യയില്‍ വിമാനം ഉപയോഗിച്ചതിന്റെ തെളിവായി ബോധാസിന്റെ പ്രബന്ധത്തില്‍ പറയുന്നു. ഇവിടെ ഒരു ചോദ്യം ചോദിക്കേണ്ടിവരുന്നു. വിമാനം ഉപയോഗിച്ച ലങ്കാധിപനായ രാവണനാണോ പൗരാണിക ഇന്ത്യയുടെ വികസന നായകന്‍, അതോ തനിക്കും തന്റെ കുരങ്ങുപടക്കും ലങ്കയിലെത്താന്‍ കടലില്‍ ചിറ കെട്ടുക എന്ന സാധാരണ നടപടിയല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയാതിരുന്ന അയോധ്യാപതിയായ ശ്രീരാമനാണോ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്? അതിന് ഉത്തരം പറയട്ടെ. പക്ഷേ, ആര്‍ എസ് എസുകാര്‍ ഗുരുജിയായി കൊണ്ടാടുന്ന ഗോള്‍വാള്‍ക്കര്‍ ഒരു ജന്തു ശാസ്ത്ര പ്രൊഫസറായിരുന്നു. അതുകൊണ്ട് തന്നെ ഗലീലിയോ, ഐസക് ന്യൂട്ടന്‍, ചാള്‍സ് ഡാര്‍വിന്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍, മാക്‌സ് പ്ലാങ്ക്, മാഡം ക്യൂറി, ലൂയി പാസ്റ്റര്‍, ഡോ. സി വി രാമന്‍, ജെ സി ബോസ്, ജയിംസ് വാട്ട്, തോമസ് ആല്‍വാ എഡിസന്‍, റൈറ്റ് സഹോദരന്മാര്‍, മാര്‍ക്കോണി എന്നിവര്‍ അടിത്തറ പാകിയ ആധുനിക ശാസ്ത്ര സാങ്കേതിക വിജ്ഞാനങ്ങളും പ്രയോഗങ്ങളും എല്ലാം പുരാതന ഋഷിമാര്‍ക്ക് അറിയാമായിരുന്നു എന്ന മരമണ്ടന്‍ വാദങ്ങളൊന്നും ഗോള്‍വാള്‍ക്കര്‍ക്ക് ഉണ്ടായിരുന്നില്ല. ഗോള്‍വാള്‍ക്കര്‍ എഴുതുന്നു: “മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ, ലോകത്തെ എല്ലാ കാര്യങ്ങളെയും കുത്തിപ്പൊന്തിച്ചെടുത്ത് അന്വേഷിക്കണമെന്ന പക്ഷക്കാരനല്ല ഞാന്‍. വിമാനം കണ്ട് ഇത് നമ്മുടെ വേദങ്ങളിലുണ്ട് എന്ന് ആളുകള്‍ പറയുന്നു. ഞാന്‍ അങ്ങനെ പറയില്ല. പുറത്തുള്ള എല്ലാ കാര്യങ്ങളേയും ഹിന്ദു ശാസ്ത്രങ്ങളില്‍ കുത്തിത്തിരുകരുത് എന്ന് ഞാന്‍ പറയും. മറ്റ് ആശയങ്ങളെ എടുത്തുകാട്ടി നാം ഹിന്ദു സംസ്‌കൃതിയെ മഹത്തരമാക്കി കാട്ടുവാന്‍ ആഗ്രഹിക്കുന്നില്ല. മറ്റുള്ളവരുടെ ആശയങ്ങളെ കടമെടുത്ത് നാം ഹിന്ദു സംസ്‌കൃതിയുടെ പേരില്‍ അവയെ കൊണ്ടുനടക്കാനും അഭിലഷിക്കുന്നില്ല. (ശ്രീ ഗുരുജി സാഹിത്യ സര്‍വസ്വം, വാള്യം 3, പേജ് 100)
നരേന്ദ്ര മോദിയും കൂട്ടരും തിരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിച്ച അദാനിയുടെ ഉടമസ്ഥതയിലുള്ള എയര്‍ ക്രാഫ്റ്റുകളോ മോദിയും കൂട്ടരും അമേരിക്കയിലേക്കും ജപ്പാനിലേക്കും പറന്നിറങ്ങാന്‍ ഉപയോഗിച്ച തരത്തിലുള്ള വിമാനങ്ങളോ വേദകാലങ്ങളില്‍ ഉണ്ടെന്ന് കരുതുന്നില്ല എന്ന് പറയുന്ന ഗോള്‍വാള്‍ക്കറുടെ യാഥാര്‍ഥ്യബോധത്തിന് പോലും നിരക്കാത്ത വിടുവായിത്തങ്ങള്‍ 102-ാം ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കിയ സര്‍ക്കാറായി കേന്ദ്ര സര്‍ക്കാര്‍ അധഃപതിക്കുകയായിരുന്നു. ഈ അധഃപതനം ശാസ്ത്രീയ ഭാരതത്തിന് അപമാനകരമാണ്. എല്ലാം ഹിന്ദുത്വവത്കരിക്കുക എന്ന വര്‍ഗീയ അജന്‍ഡയാണ് മോദി സര്‍ക്കാറിന് ഉള്ളത് എന്നതിന്റെ സാക്ഷ്യവുമാണ്. ഇതിനെ എത്ര പുച്ഛത്തോടെയാണ് യുവതലമുറ അവഗണിക്കുന്നതെന്നറിയാന്‍ ഫെയ്‌സ്ബുക്കിെല പ്രതികരണങ്ങള്‍ നോക്കിയാല്‍ മതി.!