Connect with us

Editorial

കേസുകളിലെ സര്‍ക്കാര്‍ ഇടപെടല്‍

Published

|

Last Updated

നിയമ നടപടികളില്‍ സര്‍ക്കാര്‍ ഇടപെടുന്ന പ്രവണത അടുത്തിടെയായി വര്‍ധിച്ചുവരികയാണ്. ഹയര്‍ സെകന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിന്റെ മേല്‍ കെ എസ് യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാന്‍ നടത്തിയ നീക്കം ഈ ഗണത്തിലെ പുതിയ സംഭവം. കടുത്ത എതിര്‍പ്പിനും സമ്മര്‍ദങ്ങള്‍ക്കുമൊടുവില്‍ തീരുമാനം മുഖ്യമന്ത്രി ഉപേക്ഷിച്ചെങ്കിലും സര്‍ക്കാറിന്റെ പ്രതിച്ഛായക്കിത് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. എം ജി കോളജിലെ ആക്രമണ കേസും തൊഗാഡിയക്കെതിരായ നിയമനടപടികളും പിന്‍വലിക്കുകയും ഡേവിഡ് ഡാലിയെ തടവ് ശിക്ഷയില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കുകയും ചെയ്തതുള്‍പ്പെടെ മുമ്പും നിയമത്തെ നോക്കുകുത്തിയാക്കുന്ന പല നടപടികളും സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.
എം ജി കോളജില്‍ 2005 നവംബര്‍ 11ന് നടന്ന എന്‍ ഡി എഫ്-ആര്‍ എസ് എസ് സംഘര്‍ഷത്തിനിടെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വടിവാള്‍, ബോംബ് തുടങ്ങിയ മാരകായുധങ്ങളുമായി പോലീസിനെ ആക്രമിക്കുകയും പോലീസ് വാഹനങ്ങളുള്‍പ്പെടെ പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത കേസ് കഴിഞ്ഞ ഒക്‌ടോബറിലാണ് പിന്‍വലിച്ചത്. ആക്രമണത്തില്‍ ഒരു പോലീസ് കോണ്‍സ്റ്റബിൡന് ഗുരുതരമായ പരുക്കേറ്റിരുന്നു. കേസ് പിന്‍വലിക്കരുതെന്ന തിരുവനന്തപുരം കന്റോണ്‍മെന്റ് എസ് പിയുടെ റിപ്പോര്‍ട്ട് അവഗണിച്ചാണ് അന്ന് സര്‍ക്കാര്‍ അത് പിന്‍വലിച്ചത്.
2003 ജൂലൈ എട്ടിന് കോഴിക്കോട് മുതലക്കുളത്ത് വി എച്ച് പി നേതാവ് തൊഗാഡിയ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിനെതിരെ ചാര്‍ജ് ചെയ്ത കേസ് പിന്‍വലിച്ചത് കഴിഞ്ഞ നവംബറിലാണ്. മാറാട് സമാധാന ഉടമ്പടിയുടെ ഭാഗമായാണ് കേസ് വേണ്ടെന്ന് വെച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണമെങ്കിലും സമാധാന ചര്‍ച്ചയില്‍ അത്തരമൊരു നിര്‍ദേശം ഉയര്‍ന്നു വന്നിട്ടില്ലെന്നാണ് അതിന് നേതൃത്വം വഹിച്ച ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ പി ഗോപിനാഥന്‍ നായര്‍ വ്യക്തമാക്കിയത്. നിയമ, ആഭ്യന്തര വകുപ്പുകള്‍ അറിയാതെ ഉണ്ടായ ഈ തീരുമാനത്തില്‍ യു ഡി എഫ് ഘടക കക്ഷിയായ മുസ്‌ലിംലീഗ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
1987ല്‍ സോഡാക്കുപ്പി കൊണ്ടടിച്ച് പല്ലും താടിയെല്ലും തകര്‍ത്ത് മാരകമായി പരിക്കേല്‍പ്പിച്ച കേസില്‍ ജാമ്യമില്ലാ വകുപ്പില്‍ മലയിന്‍കീഴ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ഡേവിഡ് ലാലിക്ക് കോടതി വിധിച്ച ശിക്ഷ സര്‍ക്കാര്‍ ഇളവ് ചെയ്തത് ഈ മാസം അഞ്ചിനാണ്. രണ്ടുവര്‍ഷം തടവിന് പകരം ലക്ഷം രൂപ പിഴ മാത്രം ഈടാക്കി അയാളെ വിട്ടയച്ചത് ശിക്ഷാഇളവ് അനുവദിക്കരുതെന്ന ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം അവഗണിച്ചായിരുന്നു. കേസ് ആരംഭിച്ചത് മുതല്‍ കഴിഞ്ഞ 26 വര്‍ഷത്തിനിടെ ഒരൊറ്റ ദിവസം പോലും പോലീസിന് കീഴടങ്ങാതെയും തടവില്‍ കഴിയാതെയും മുങ്ങി നടന്നയാളാണിയാള്‍.
പാമോയില്‍ കേസ് അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടത് അടുത്ത ദിവസമാണ്. നിയമം നിയമത്തിന് വഴിയേ എന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചുകൊണ്ടിരിക്കെയാണ് സര്‍ക്കാറിന്റെ ഇത്തരം ഇടപെടലുകളെന്നത് വിരോധാഭാസമാണ്. ഇത് നിയമ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസവും ഉദ്യോഗസ്ഥരുടെ മനോവീര്യവും നഷ്ടപ്പെടാനിടയാക്കും. എം ജി കോളജ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍, പോലീസിന്റെ മനോവീര്യത്തെ അത് ബാധിക്കുമെന്ന് പോലീസ് അസോസിയേഷന്‍ സര്‍ക്കാറിനെ ഉണര്‍ത്തിയതാണ്. നിരപരാധിയായ ഒരാള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടാതിരിക്കുക എന്ന മാനുഷികപരിഗണന വെച്ചാണ് കേസ് റദ്ദാക്കുന്നതെന്നായിരുന്നു അന്ന് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കെ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ബോംബേറടക്കം ഗുരുതരമായ ആക്രമണങ്ങള്‍ ചാര്‍ജ് ചെയ്യപ്പെട്ട ഈ കേസിലെ പ്രതി നിരപരാധിയാണെന്ന സര്‍ക്കാര്‍ വിലയിരുത്തല്‍ ഏതടിസ്ഥാനത്തിലാണെന്ന ചോദ്യത്തിന് മറുപടിയുണ്ടായില്ല. കരിഓയില്‍ കേസില്‍ അത് പിന്‍വലിക്കാന്‍ കെ എസ് യു ആവശ്യപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല അത്തരം നീക്കത്തോട് സംഘടനക്ക് യോജിപ്പില്ലെന്നുമാണ് നേതാക്കള്‍ പറയുന്നത്. കേസ് പിന്‍വലിക്കുന്നത് ശരിയായ നടപടിയല്ലെന്നായിരുന്നു കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ പ്രതികരണം. ജനാധിപത്യക്രമത്തില്‍ സമരങ്ങള്‍ സാധാരണമാണ്. അത്യാവശ്യ ഘട്ടത്തില്‍ ആവശ്യവുമാണ്. എന്നാല്‍ ഉന്നതനായ ഒരു ഉദ്യോഗസ്ഥനെ തന്റെ ഔദ്യോഗിക ജോലിക്കിടെ അന്യായമായി തടഞ്ഞു വെക്കുകയും പൊതുജനമധ്യത്തില്‍ അപമാനിക്കുകയും ചെയ്തത് കടുത്ത മനുഷ്യാവകാശ ലംഘനവും തനി കാടത്തവുമാണ്. സമരത്തിന്റെ മറവില്‍ ഇത്തരം ഗുണ്ടായിസം കാണിക്കുന്നവരെ നിയമത്തിന്റെ വഴിയെ വിടുന്നതിന് പകരം രക്ഷിക്കാന്‍ ശ്രമിക്കുന്നത് അധികാര ദുര്‍വിനിയോഗമാണ്. ചില പ്രത്യേക ഘട്ടങ്ങളില്‍ കേസില്‍ ഇടപെടാന്‍ ഭരണകൂടത്തിന് അധികാരമുണ്ടെങ്കിലും അത് തീര്‍ത്തും ന്യായവും സുതാര്യവുമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കണം. മേല്‍ പറഞ്ഞ സംഭവങ്ങളിലെല്ലാം സര്‍ക്കാര്‍ ഇടപെടല്‍ സന്ദേങ്ങള്‍ക്കിടം നല്‍കുന്നതാണ്.

Latest