Connect with us

Eranakulam

എസ് വൈ എസ് 60-ാം വാര്‍ഷികം: ഭീകര വിരുദ്ധ സെമിനാര്‍ നാളെ

Published

|

Last Updated

കൊച്ചി: എസ് വൈ എസ് 60-ാം വാര്‍ഷികത്തിന് മുന്നോടിയായി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഭീകരവിരുദ്ധ സെമിനാര്‍ നാളെ എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. വൈകിട്ട് 6.30ന് പ്രൊഫ. നൈനാന്‍ കോശി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. സെബാസ്റ്റ്യന്‍ പോള്‍, അഡ്വ. എ ജയശങ്കര്‍, ഖാസിം ഇരിക്കൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എസ് ശറഫുദ്ദീന്‍ തുടങ്ങിയവര്‍ സെമിനാറില്‍ സംബന്ധിക്കും.
രാജ്യം അതി രൂക്ഷമായ ഭീകരതയുടെ കീഴിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തില്‍ അതിനെ നഖശിഖാന്തം എതിര്‍ത്ത് തോല്‍പ്പിക്കാനും രാജ്യത്ത് പൗരന് നീതിയും സംരക്ഷണവും ലഭ്യമാക്കാനും ഇന്നിന്റെ യുവത്വം മുന്നിട്ടിറങ്ങണമെന്ന് എസ് വൈ എസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോകം ഇന്ന് മതത്തെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടിരിക്കുകയാണ്. മാനവ സ്‌നേഹവും മനുഷ്യ നന്മയും കൂടാതെ വിശ്വാസം പൂര്‍ണ്ണമാകില്ല എന്ന് പഠിപ്പിച്ച പ്രവാചകന്റെ പിന്‍തലമുറക്കാര്‍ക്ക് ഒരിക്കലും നാടിന്നെതിരെ പ്രവര്‍ത്തിക്കാന്‍ ആവില്ല. സ്വന്തം അന്നത്തില്‍ നിന്ന് പട്ടിണിയുള്ള അയല്‍വാസിക്ക് ഒരു പങ്ക് നല്‍കാത്ത ഒരുവന്റെയും പ്രാര്‍ഥന പോലും സ്വീകരിക്കില്ല എന്ന് പറയുന്ന മതത്തെ ചില ഗൂഢമായ അജണ്ടകളുടെ അടിസ്ഥാനത്തില്‍ ചില മത നാമധാരികളുടെ മോശം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിക്കൂട്ടില്‍ നിര്‍ത്താനും താറടിച്ച് കാണിക്കാനുമുള്ള കുത്സിതമായ നീക്കത്തിന്റെ യഥാര്‍ഥ ഉറവിടം കണ്ടെത്തുക എന്നതാണ് സെമിനാര്‍ മുഖ്യമായും മുന്നോട്ടുവെക്കുക.
വാര്‍ത്താ സമ്മേളനത്തില്‍ സമസ്ത ജില്ലാ സെക്രട്ടറി വി എച്ച് അലിദാരിമി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് സി ടി ഹാഷിം തങ്ങള്‍, എസ് വൈ എസ് സ്റ്റേറ്റ് സുപ്രീം കൗണ്‍സില്‍ അംഗം അഹ്മദ്കുട്ടി ഹാജി, ജില്ലാ അധ്യക്ഷന്‍ എം പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി, ജില്ലാ ജന. സെക്രട്ടറി സി എ ഹൈദ്രോസ് ഹാജി പങ്കെടുത്തു.